ന്യൂദല്‍ഹി: രാജ്യസഭയില്‍ താന്‍ അടക്കമുള്ള പ്രതിപക്ഷ എം.പിമാരെ മാര്‍ഷല്‍മാരുടെ വേഷം ധരിച്ച് പുറത്തുനിന്നെത്തിയവര്‍ ശാരീരികമായി ആക്രമിച്ചെന്നും സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എളമരം കരീം എം.പി രാജ്യസഭ സെക്രട്ടറി ജനറലിനു കത്ത് നല്‍കി.
തങ്ങളെ ക്രൂരമായ രീതിയില്‍ ബലം പ്രയോഗിച്ച് മാര്‍ഷല്‍മാര്‍ തടയുകയായിരുന്നു. ചെയര്‍മാനോട് സംസാരിക്കാന്‍ അദ്ദേഹത്തിന്റെ ചേംബറിലേയ്ക്ക് പോകാന്‍ ശ്രമിച്ച തന്നെ പിടിച്ചുവലിച്ച് തള്ളി. ഇതിനിടെ നെഞ്ചില്‍ ശക്തമായ ഇടിയേറ്റതിനെ തുടര്‍ന്ന് ഇപ്പോഴും ശാരീരിക അസ്വാസ്ഥ്യവും ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ടെന്നും എളമരം കരിം പറഞ്ഞു.
മാര്‍ഷല്‍മാരുടെ വേഷത്തില്‍ പുറത്തുനിന്ന് കൊണ്ടുവന്നവരാണ് ചേംബറില്‍ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെന്ന് സംശയിക്കുന്നു. പാര്‍ലമെന്റ് മന്ദിരത്തിലോ രാജ്യസഭ ചേംബറിലോ സാധാരണ ഇവരെ കണ്ടിട്ടില്ല. തന്നെ ആക്രമിച്ച വ്യക്തിയെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമെന്നും എളമരം കരീം വ്യക്തമാക്കി.
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഉണ്ടാകാത്ത സംഭവമാണ് നടന്നത്. പ്രതിഷേധവും തര്‍ക്കവും പരിഹരിക്കേണ്ടത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ചര്‍ച്ച വഴിയാണ്. വനിതകള്‍ അടക്കമുള്ള പ്രതിപക്ഷ എം.പിമാരെ ശാരീരികമായി ആക്രമിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചത് ഇതാദ്യമായാണ്.
മാര്‍ഷല്‍മാരെ മുന്‍കൂട്ടി ചേംബറില്‍ നിയോഗിച്ചത് പ്രതിഷേധിക്കുന്ന എം.പിമാരെ ഉപദ്രവിക്കാന്‍ മുമ്പേ ആസൂത്രണം ചെയ്തതിനെ തുടര്‍ന്നാണെന്ന് വ്യക്തമാണ്. സഭയില്‍ നടന്നതിന്റെ ഭാഗിക ദൃശ്യങ്ങള്‍ മാത്രമാണ് സംഭവങ്ങള്‍ വളച്ചൊടിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കേന്ദ്രമന്ത്രിമാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടത്.
താന്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങളുടെ പേരില്‍ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതികള്‍ നല്‍കുന്നു. സംഭവസമയത്തെ ദൃശ്യങ്ങള്‍ രാജ്യസഭ ടി.വി സംപ്രേഷണം ചെയ്തിട്ടില്ലെന്നും ഈ സാഹചര്യത്തില്‍, ആഗസറ്റ് 11 ന് ജനറല്‍ ഇന്‍ഷുറന്‍സ് ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതു മുതലുള്ള ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറണമെന്നും എളമരം കരീം കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇടത് എം.പിമാരായ എളമരം കരീമിനും ബിനോയ് വിശ്വത്തിനുമെതിരെ രാജ്യസഭാ അധ്യക്ഷന് മാര്‍ഷലുമാര്‍ പരാതി നല്‍കിയിട്ടുണ്ട്.
പാര്‍ലമെന്റ് ബഹളത്തിനിടെ എളമരം കരീം എം.പി കഴുത്തിന് പിടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ബിനോയ് വിശ്വം പേപ്പര്‍ വലിച്ചുകീറുകയും മാര്‍ഷല്‍മാരെ പിടിച്ച് തള്ളുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.
ബുധനാഴ്ച പാര്‍ലമെന്റില്‍ ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ പാസാക്കിയെടുക്കുന്ന സമയത്താണ് എം.പിമാരുടെ പ്രതിഷേധം ഉണ്ടായത്.