| Monday, 18th May 2020, 5:05 pm

സമരമുയരണം, തൊഴിലാളികളുടെ അവകാശം ചവിട്ടി മെതിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെതിരെ

എളമരം കരീം

കൊവിഡ് 19 വ്യാപനം സൃഷ്ടിച്ച ഭീതിജനകമായ അവസ്ഥയില്‍നിന്ന് മോചിതരാകാന്‍ ജനങ്ങളാകെ വെമ്പല്‍കൊള്ളുന്ന സാഹചര്യത്തിലും കുത്തക മുതലാളി വര്‍ഗത്തിന് വേണ്ടി തൊഴിലാളിദ്രോഹ നടപടികള്‍ കൈക്കൊള്ളാന്‍ ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് ഒരു മടിയുമില്ല.
അതില്‍നിന്ന് വ്യത്യസ്തമായ നയം തങ്ങള്‍ക്കുമില്ലെന്ന് കോണ്‍ഗ്രസ് സര്‍ക്കാരുകളും തെളിയിക്കുന്നു.

രാജ്യത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലമാക്കുന്ന ഏതാനും സംസ്ഥാന സര്‍ക്കാരുകളുടെ നടപടികളെയാണ് ഇവിടെ സൂചിപ്പിച്ചത്. ലോക്ക്ഡൗണ്‍ വ്യവസായ-വാണിജ്യസേവന മേഖലകളെ ആകെ സ്തംഭിപ്പിച്ചിരിക്കുകയാണ്.

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, യു.പി സര്‍ക്കാരുകള്‍ ഫാക്ടറീസ് നിയമം മൂന്നുവര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കി. ഫാക്ടറീസ് നിയമത്തിലെ വകുപ്പ് 5 പ്രകാരം അടിയന്തരാവസ്ഥ പോലുള്ള സാഹചര്യത്തില്‍ ഇത്തരം നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫാക്ടറീസ് ആക്ട് വകുപ്പ് 5 നെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണ് നടപടി. കേന്ദ്ര സര്‍ക്കാര്‍ ഈ നടപടിയെ അനുകൂലിക്കും എന്ന് അവര്‍ക്ക് ഉറപ്പുണ്ട്. വ്യവസായ തര്‍ക്കനിയമം, കരാര്‍ തൊഴിലാളി നിയമം എന്നിവയും നടപ്പാക്കുന്നതില്‍നിന്ന് വ്യവസായങ്ങളെ 1000 ദിവസത്തേക്ക് ഒഴിവാക്കി. മൂന്ന് വര്‍ഷം തൊഴിലുടമകള്‍ക്ക് ഇഷ്ടം പോലെ ജോലി ചെയ്യിക്കാം.

തൊഴിലാളികളുടെ ഒരു ദിവസത്തെ സാധാരണ ജോലി സമയം 12 മണിക്കൂര്‍ ആക്കി മാറ്റി. നിലവില്‍ ഒരു ദിവസം 8 മണിക്കൂര്‍ ആണ്. ആഴ്ചയില്‍ 48 മണിക്കൂര്‍. ഇനിയത് ആഴ്ചയില്‍ 72 മണിക്കൂര്‍ ആകും. ഈ മാറ്റം ഐ.എല്‍.ഒ പ്രമാണത്തിന് എതിരാണ്.

1886 ല്‍ ചിക്കാഗോയിലെ തൊഴിലാളികള്‍ ഉയര്‍ത്തിയ മുദ്രാവാക്യമാണ് 8 മണിക്കൂര്‍ ജോലി. യൂറോപ്യന്‍ രാജ്യങ്ങളില്‍ ആഴ്ചയില്‍ 5 ദിവസം ജോലി, ദിവസം 7 മണിക്കൂര്‍ (ഒരാഴ്ചയില്‍ 35 മണിക്കൂര്‍) എന്നതാണ് വ്യവസ്ഥ എന്നും ഓര്‍ക്കണം. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, ത്രിപുര, മഹാരാഷ്ട്ര സര്‍ക്കാരുകളും നോട്ടിഫിക്കേഷന്‍ ഇറക്കാനുള്ള ശ്രമത്തിലാണ്.

പുതിയ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ എന്ന പേരിലാണ് ബി.ജെ.പി സര്‍ക്കാരുകള്‍ ഈ നടപടികള്‍ സ്വീകരിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ അയവേറിയതിനാല്‍ കൂടുതല്‍ നിക്ഷേപം വരുമെന്നാണ് അവരുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ 44 തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലമാക്കി 4 കോഡുകളാക്കിമാറ്റാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്.

അതിലൊന്ന് ‘കോഡ് ഓണ്‍ വേജസ്’ പാര്‍ലമെന്റ് പാസാക്കി. രാജ്യസഭയില്‍ ഈ നിയമത്തെ എതിര്‍ത്ത് വോട്ട് ചെയ്തത് ഇടതുപക്ഷവും, ഡി.എം.കെ, സമാജ് വാദി പാര്‍ട്ടികളും മാത്രമാണ്. കോണ്‍ഗ്രസ് അനുകൂലിച്ചു.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ഒരു ഭിന്നാഭിപ്രായവും എഴുതാന്‍ സന്നദ്ധമായില്ല. ഈ സാഹചര്യമാണ് തൊഴിലാളികളുടെ അവകാശം ചവിട്ടി മെതിക്കാന്‍ ബി.ജെ.പിക്ക് ധൈര്യം നല്‍കുന്നത്. 2019-20 വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ വ്യവസായ വളര്‍ച്ചയ്ക്ക് തടസ്സം നിലവിലുള്ള തൊഴില്‍ നിയമങ്ങളാണെന്ന് കുറ്റപ്പെടുത്തുന്നു.

2014 ല്‍ മോദി അധികാരത്തില്‍ വന്ന ഉടനെ ഗുജറാത്ത്, രാജസ്ഥാന്‍,പഞ്ചാബ് സര്‍ക്കാരുകള്‍ തൊഴില്‍ നിയമങ്ങളില്‍ തൊഴിലുടമകള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വരുത്തി. ഇതുകാരണം ഈ സംസ്ഥാനങ്ങള്‍ വ്യവസായ വളര്‍ച്ചയില്‍ മുന്നേറി എന്ന് അവകാശപ്പെട്ടു. മാറ്റം വരുത്താത്ത പശ്ചിമ ബംഗാള്‍, കേരളം, അസം, ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ വ്യവസായ വളര്‍ച്ചയില്‍ പിറകിലായി എന്നും വാദിക്കപ്പെട്ടു.

തൊഴില്‍ നിയമങ്ങള്‍ വളര്‍ച്ചയ്ക്കും വികസനത്തിനും തടസ്സമാണോ എന്ന പ്രശ്‌നം സംബന്ധിച്ച് അടുത്തകാലത്തായി ഇന്ത്യയില്‍ മൂന്ന് പഠനങ്ങള്‍ നടന്നു. ഒന്നാമത്തെ പഠനം 2015ല്‍ നടന്നു. ‘തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ രാജസ്ഥാനില്‍ സൃഷ്ടിച്ച ഫലം ‘ എന്നതായിരുന്നു പഠനവിഷയം.

2014 ല്‍ രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ മൂന്ന് പ്രധാന തൊഴില്‍ നിയമങ്ങള്‍ 1947 ലെ വ്യവസായ തര്‍ക്ക നിയമം, 1948 ലെ ഫാക്ടറീസ് ആക്ട് , 1970 ലെ കരാര്‍ തൊഴിലാളി നിയമം) മുതലാളി വര്‍ഗത്തിന് അനുകൂലമായി ഭേദഗതി ചെയ്തു. തൊഴില്‍ നിയമ ഭേദഗതികള്‍ കൊണ്ട് വ്യവസായങ്ങള്‍ക്ക് പ്രത്യേക ഉത്തേജനം ഉണ്ടായില്ല എന്നതാണ് പഠന റിപ്പോര്‍ട്ട്.

വ്യവസായ വളര്‍ച്ചയ്ക്ക് വിഘാതമായത്, ഭരണപരമായ നടപടികള്‍, വായ്പകള്‍ ആവശ്യത്തിന് ലഭിക്കാത്തത്, വെള്ളം, വൈദ്യുതി ലഭ്യത കുറവ്, നികുതികളുടെ അശാസ്ത്രീയത, വിദഗ്ധ തൊഴിലാളികളുടെ ദൗര്‍ലഭ്യം ഇതെല്ലാമായിരുന്നു. ‘ഹയര്‍ ആന്‍ഡ് ഫയര്‍’ എന്ന തൊഴിലാളി വിരുദ്ധ നടപടിയേക്കാള്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തേണ്ടത് മുകളില്‍ പറഞ്ഞ കാര്യങ്ങളിലാണ്.

രണ്ടാം പഠനം രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, ഹരിയാന, യു.പി എന്നീ സംസ്ഥാനങ്ങളില്‍ തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലമാക്കിയതിന്റെ ഫലം സംബന്ധിച്ചായിരുന്നു. തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് രണ്ട് വര്‍ഷത്തിനുശേഷം ആയിരുന്നു ഈ പഠനം. തൊഴില്‍ നിയമ ഭേദഗതികള്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനോ വ്യവസായവല്‍ക്കരണം ഉത്തേജിപ്പിക്കാനോ, തൊഴില്‍ സൃഷ്ടിക്കാനോ പര്യാപ്തമായില്ല എന്നായിരുന്നു പഠനറിപ്പോര്‍ട്ട്.

മൂന്നാമത്തെ പഠനം നടത്തിയത് കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് എന്ന ഏജന്‍സി ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ തൊഴിലവസരം നല്‍കുന്ന ടെക്സ്റ്റൈല്‍സ്, ഗാര്‍മെന്റ്സ് മേഖല കേന്ദ്രീകരിച്ച് ആയിരുന്നു ഇവരുടെ പഠനം. തൊഴില്‍ നിയമ ഭേദഗതികള്‍ വന്ന് നാലുവര്‍ഷം കഴിഞ്ഞ ശേഷമായിരുന്നു പഠനം.

ഗുണപരമായ ഒരു മാറ്റവും ദൃശ്യമായില്ലെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ ടെക്സ്റ്റൈല്‍സ് വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ പ്രധാന ഘടകം തൊഴിലാളി അല്ല, മറിച്ച് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, ഊര്‍ജം, കടത്തുകൂലി തുടങ്ങിയവയാണെന്നായിരുന്നു പഠനറിപ്പോര്‍ട്ട്.

അസംസ്‌കൃത വസ്തുക്കളുടെ വില നിയന്ത്രിച്ചാല്‍, തൊഴിലാളികളുടെ വേതനം വര്‍ധിച്ചാലും വ്യവസായത്തിന് പ്രശ്‌നം ഉണ്ടാകില്ല എന്നും കണ്ടെത്തി. ഇന്ത്യ ഇന്ന് നേരിടുന്ന മുഖ്യപ്രശ്‌നം ഉപയോഗത്തിലെ ഇടിവാണ്. തൊഴിലെടുക്കുന്നവരുടെ വേതനം കുറയുന്നതാണ് വാങ്ങല്‍ കഴിവ് കുറയാനിടയാക്കുന്നത്.

മേല്‍പ്പറഞ്ഞ മൂന്ന് പഠനങ്ങളും തെളിയിക്കുന്നത് വ്യവസായ വളര്‍ച്ചയ്ക്ക് തടസ്സം തൊഴില്‍ നിയമങ്ങള്‍ അല്ല എന്നാണ്. 2019-20 വര്‍ഷങ്ങളില്‍ രാജ്യത്തെ ഓട്ടോമൊബൈല്‍ വ്യവസായ മേഖല ഗുരുതരമായ പ്രതിസന്ധി നേരിട്ടത് തൊഴില്‍ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലല്ലോ. ജനസംഖ്യയില്‍ വലിയൊരു വിഭാഗം വരുന്ന തൊഴിലാളികളുടെ വരുമാനം വെടിഞ്ഞാല്‍ കമ്പോളങ്ങള്‍ തകരും. രാജ്യം തന്നെ പ്രതിസന്ധിയിലാകും. 2019 ആദ്യം മുതല്‍ അത്തരമൊരു പ്രതിസന്ധി ഇന്ത്യയില്‍ രൂപംകൊണ്ടതാണ്.

ആദായനികുതി വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് 2019-20 സാമ്പത്തികവര്‍ഷം 3, 16,000 വ്യക്തികള്‍ മാത്രമാണ് തങ്ങള്‍ക്ക് 50 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ഉണ്ടായതായി വെളിപ്പെടുത്തിയത്. ലോകത്താകെയുള്ള സമ്പത്തിന്റെ സ്ഥിതി പരിശോധിച്ചാല്‍ ഭീകരമായ അസമത്വം വ്യക്തമാകും.

2020 ലെ ഓക്‌സ്ഫാം റിപ്പോര്‍ട്ട് പറയുന്നത്, ലോകത്തെ 2153 ശതകോടീശ്വരന്മാര്‍ ലോകജനതയുടെ 60 ശതമാനം വരുന്ന 460 കോടി ജനങ്ങളുടെ ആകെ സമ്പത്തിന് സമമായ സമ്പത്തിന് ഉടമകളാണ്. നികുതി വെട്ടിച്ചും, രാഷ്ട്രസമ്പത്ത് കൊള്ളയടിച്ചും തൊഴിലാളികളെ ചൂഷണം ചെയ്തുമാണ് ഇത് സാധിച്ചത്.

‘സിലിക്കണ്‍ സിക്‌സ്’ എന്നറിയപ്പെടുന്ന ബഹുരാഷ്ട്രകുത്തകകള്‍, ഗൂഗിള്‍, ഫെയ്സ്ബുക്ക്, ആമസോണ്‍, നെറ്റ്ഫിക്‌സ്, ആപ്പിള്‍, മൈക്രോസോഫ്റ്റ് 2010 ലും 2019 നും ഇടയില്‍ നികുതി ഒഴിവ് നേടിയ തുക 100 ബില്യണ്‍ ഡോളറാണ്. (7,60,000 കോടി രൂപ).

സാമ്രാജ്യത്വശക്തികള്‍ക്ക് വഴങ്ങി കുത്തകകള്‍ക്ക് അനുകൂലമായ നയങ്ങള്‍ അടിക്കടി നടപ്പാക്കുന്ന മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായ സമരം ഉയരണം. ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ബി.എം.എസിന് പോലും മോദി സര്‍ക്കാരിന്റേയും സംസ്ഥാന ബി.ജെ.പി സര്‍ക്കാരുകളുടെയും തൊഴിലാളി വിരുദ്ധ നടപടികളെ എതിര്‍ക്കേണ്ടി വന്നിരിക്കുകയാണ്.

തൊഴില്‍ നിയമങ്ങള്‍ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ ‘കാട്ടുനീതി’ എന്നാണ് ബി.എം.എസ് വിമര്‍ശിച്ചത്. ഇത് കൊറോണയേക്കാള്‍ വലിയ മഹാമാരി ആണെന്ന് ബി.എം.എസ് കുറ്റപ്പെടുത്തി. കൂടുതല്‍ പേര്‍ക്ക് മോദി സര്‍ക്കാരിന്റെ തനിനിറം ബോധ്യപ്പെട്ടു വരികയാണ്.

കടപ്പാട്: ദേശാഭിമാനി

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എളമരം കരീം

സി.പി.ഐ.എം നേതാവും എം.പിയും മുന്‍വ്യവസായ വകുപ്പ് മന്ത്രിയും

We use cookies to give you the best possible experience. Learn more