കോഴിക്കോട്: എളമരം കരീം സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമായിരിക്കും. ഇപ്പോള്‍ സി.ഐ.ടി.യുവിന്റെ സംസ്ഥാന സെക്രട്ടറി പദവി വഹിക്കുന്ന എളമരം കരീം ആയിരിക്കും സി.പി.ഐ.എമ്മില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുക എന്നാണ് സി.പി.ഐ.എമ്മിന്റെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ജൂലായ് ഒന്നിന് കാലാവധി തീരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഈ മാസം 21ന് നടക്കുന്നത്. ഇടത് സ്വതന്ത്രന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പേരിനാണ് സി.പി.ഐ.എം ചര്‍ച്ചകളില്‍ മുന്‍തൂക്കം കല്പിക്കപ്പെട്ടിരുന്നത്. എളമരം കരിം, കെ. രാധാകൃഷ്ണന്‍, വിജോ കൃഷ്ണന്‍ തുടങ്ങിയ പേരുകളും സജീവമായുണ്ടായിരുന്നു. അതില്‍ നിന്നാണ് കരീം സ്ഥാനാര്‍ത്ഥിയാകുന്നത്.
ഇടതുമുന്നണിക്ക് കിട്ടുന്ന രണ്ട് സീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും വീതിച്ചെടുക്കാനായിരുന്നു തീരുമാനം. സി.പി.ഐ സ്ഥാനാര്‍ത്ഥിയായി ബിനോയ് വിശ്വത്തെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു.
1971ല്‍ കെ.എസ്.എഫിലൂടെയാണ് എളമരം കരീം രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1973-ല്‍ കെ.എസ്.വൈ.എഫില്‍ അംഗമായി. ഇക്കാലത്ത് ഏറനാട് താലൂക്ക് കമ്മിറ്റിയില്‍ അംഗമായിരുന്നു. 1974-ല്‍ സി.പി.ഐ.എം, സി.ഐ.ടി.യു. എന്നീ സംഘടനകളില്‍ അംഗമായി.
മാവൂരിലെ ബിര്‍ള കോര്‍ടം പള്‍പ് ആന്‍ഡ് ഫൈബര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ സെക്രട്ടറിയായി 1979 വരെ പ്രവര്‍ത്തിച്ചിരുന്നു. 1979 മുതല്‍ 1981 വരെയുള്ള കാലഘട്ടത്തില്‍ മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് ഫാക്ടറിയില്‍ ഒരു കോണ്‍ട്രാക്ടറുടെ കീഴില്‍ ജോലി ചെയ്തിരുന്നു. 1986-ല്‍ ഫാക്ടറി വിടുന്നത് വരെയുള്ള കാലയളവില്‍ തൊഴിലാളി സമരങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് മാവൂര്‍ തൊട്ട് തിരുവനന്തപുരം വരെ നടത്തിയ പദയാത്രയില്‍ അറസ്റ്റ് വരിക്കുകയും ഒരാഴ്ചക്കാലത്തോളം ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു.
1977 മുതല്‍ 1986 വരെ സി.പി.ഐ.എമ്മിന്റെ മാവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതല്‍ 1993 വരെ മാവൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ല്‍ സി.പി.ഐ.എമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും, 1998-ല്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ല്‍ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി. സി.ഐ.ടി.യുവിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായും, ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ കാലത്ത് എളമരം കരീം വ്യവസായ മന്ത്രിയായിരുന്നു.