'കുറച്ച് കാലമായി യോഗ്യത തെളിയിച്ച് കൊണ്ടിരിക്കുകയാണ്'; പി.ടി. ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെതിരെ എളമരം കരീം
Kerala News
'കുറച്ച് കാലമായി യോഗ്യത തെളിയിച്ച് കൊണ്ടിരിക്കുകയാണ്'; പി.ടി. ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെതിരെ എളമരം കരീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th July 2022, 12:00 pm

കോഴിക്കോട്: രാജ്യസഭാ എം.പി സ്ഥാനത്തേക്ക് ഒളിംപ്യന്‍ പി.ടി. ഉഷയെ നാമനിര്‍ദേശം ചെയ്തതിനെതിരെ സി.പി.ഐ.എം നേതാവ് എളമരം കരീം.

സംഘപരിവാറിന് അനുകൂലമായി പെരുമാറുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കുന്ന സ്ഥിതിയുണ്ടെന്നായിരുന്നു എളമരം കരീമിന്റെ പ്രതികരണം. പി.ടി. ഉഷയുടെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.

”അയോധ്യ കേസില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ വിരമിച്ചതിന്റെ അടുത്തമാസം രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തു.

ഇപ്പോള്‍ കേരളത്തില്‍നിന്നും ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തു.
അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു,” എളമരം കരീം പറഞ്ഞു.

ഏഷ്യാഡ് യോഗ്യതയ്ക്ക് പുറത്തുള്ള യോഗ്യതയാണ് തെളിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യാവകാശപ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെയും ഗുജറാത്ത് മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എളമരം കരീം.

പി.ടി. ഉഷക്ക് പുറമെ, സംഗീത സംവിധായകന്‍ ഇളയരാജ, വിരേന്ദ്രേ ഹെഗ്‌ഡേ, സംവിധായകന്‍ വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്.

അതേസമയം, ഡോ. ബി.ആര്‍. അംബേദ്കറിനെയും നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് ഇളയരാജ സംസാരിച്ചത് വിവാദമായിരുന്നു. ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമന്‍സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിലെ ആമുഖത്തിലാണ് ഇളയരാജ മോദിയേയും അംബേദ്കറേയും താരതമ്യം ചെയ്യുന്നത്.

സമൂഹത്തില്‍ അധഃസ്ഥിതവിഭാഗങ്ങളില്‍ നിന്ന് പ്രതിസന്ധികളോട് പോരാടിയാണ് മോദിയും അംബേദ്കറും വിജയിച്ചുവന്നത്. അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും പട്ടിണിയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കാന്‍ ഇരുവരും പ്രവൃത്തിച്ചുവെന്നുമാണ് ഇളയരാജ പുസ്തകത്തില്‍ പറഞ്ഞത്. ഇതിന് പിന്നാലെയായിരുന്നു ഇളയരാജയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് പേരെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു.

Content Highlight: Elamaram Kareem against the Rajyasabha nomination of Olympian PT Usha