ഈ പിന്മാറ്റത്തിന് കാരണം യു.പി- ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമെന്ന ഭീതി: എളമരം കരീം
Kerala
ഈ പിന്മാറ്റത്തിന് കാരണം യു.പി- ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമെന്ന ഭീതി: എളമരം കരീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th November 2021, 11:46 am

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നില്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയാണന്ന് എളമരം കരീം എം.പി. കര്‍ഷക താല്‍പര്യം സംരക്ഷിക്കാനല്ല ബില്ലുകള്‍ പിന്‍വലിച്ചതെന്നും കര്‍ഷക സമരത്തിന്റെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഖാലിസ്ഥാന്‍ തീവ്രവാദികള്‍, മാവോവാദികള്‍, അര്‍ബന്‍ നക്‌സലൈറ്റുകള്‍ എന്നിങ്ങനെയെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചു. പൊലീസിനെ ഉപയോഗിച്ച് സമരക്കാരെ നേരിട്ടു. പൊലീസ് അക്രമത്തില്‍ ഹരിയാനയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടു. ലഖിംപുരില്‍ വാഹനമിടിച്ചു കയറ്റി കര്‍ഷകരെ കൊലചെയ്തു. ആയിരത്തോളം കര്‍ഷകരാണ് സമരത്തില്‍ കൊല്ലപ്പെട്ടത്. ഇതെല്ലാം അതിജീവിച്ചാണ് കര്‍ഷകര്‍ സമരം തുടര്‍ന്നത്. ഇതിനിടയില്‍ ഒരിക്കല്‍ പോലും പ്രധാനമന്ത്രി കര്‍ഷകരോട് സംസാരിക്കാന്‍ തയ്യാറായില്ല.

വരാനിരിക്കുന്ന യു.പി- ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ പിന്മാറ്റം.

കഴിഞ്ഞ കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം തെരഞ്ഞെടുപ്പുകള്‍ ബി.ജെ.പി നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഇത് മുന്നില്‍ കണ്ടാണ് പുതിയ പ്രഖ്യാപനം. ബില്ലുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

ബി.ജെ.പിയെ തോല്‍പിക്കാന്‍ സംയുക്ത കര്‍ഷകസമിതി മിഷന്‍ യു.പി, മിഷന്‍ ഉത്തരാഖണ്ഡ് എന്നിങ്ങനെ രണ്ട് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതാണ് ഈ പിന്നാക്കമെന്നും എളമരം കരീം പറഞ്ഞു.

അതേസമയം വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ പൂര്‍ണമായും കര്‍ഷകര്‍ വിശ്വാസത്തിലെടുത്തിട്ടില്ല.

പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാവില്ലെന്നും പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് അറിയിച്ചിട്ടുണ്ട്.

മിനിമം താങ്ങുവില നിയമവിധേയമാക്കുന്നതുള്‍പ്പെടെയുള്ള ഒന്നിലധികം പ്രശ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിട്ടില്ല. ഇക്കാര്യങ്ങളില്‍ ഇനിയും തീര്‍പ്പുകല്‍പ്പിക്കാനുണ്ട്.

കര്‍മ്മം പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ ഞങ്ങള്‍ മടങ്ങിവരൂ. നിയമം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പാര്‍ലമെന്റ് പാസാക്കണം. അതുവരെ ഇത്തരം പ്രഖ്യാപനങ്ങള്‍ ഒന്നും തങ്ങള്‍ വിശ്വസിക്കില്ല, അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രഖ്യാപനം.

അടുത്ത മാസം ചേരുന്ന കാബിനറ്റ് യോഗത്തില്‍ ഔദ്യോഗികമായി തീരുമാനം കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വ്യാപകമായി എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കുകയാണെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും മോദി പറഞ്ഞു.

താങ്ങുവില അടക്കം തീരുമാനിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും.കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പഞ്ചാബ്, ഹരിയാന തുടങ്ങീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ നിയമങ്ങള്‍ക്കെതിരായ സമരം തുടരുന്നതിനിടെയാണ് പിന്‍വലിക്കല്‍ പ്രഖ്യാപനം. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറയായി കര്‍ഷകര്‍ സമരത്തിലാണ്.

2020 നവംബര്‍ 26നായിരുന്നു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരമാരംഭിച്ചത്. ഇക്കഴിഞ്ഞ ജനുവരി 22നായിരുന്നു കേന്ദ്രസര്‍ക്കാര്‍ അവസാനമായി കര്‍ഷകരുമായി ചര്‍ച്ച നടത്തിയിരുന്നത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം