കിനാലൂരിലെ കേച്ചേരി വീട്ടില്‍ സുലൈഖ, ഇന്ദു,സുമതി, ഖദീജ ഇവരെയെല്ലാം 2010 മെയ് ആറിന് പോലീസ് തല്ലിച്ചതച്ചത് എന്തിനു വേണ്ടിയായിരുന്നു?. ഈ അമ്മമാരും ഒപ്പം തല്ലുകൊണ്ട കുഞ്ഞുങ്ങളുമെല്ലാം വികസന വിരോധികളായിരുന്നുവെന്നായിരുന്നു വിശദീകരണം. ആരുടെ വികസനത്തിനായിരുന്നു ഇവര്‍ എതിര് നിന്നത് എന്ന് അതിന് മുമ്പും പിമ്പും പലവട്ടം വ്യവസായ മന്ത്രി എളമരം കരീം വ്യംഗ്യമായി സൂചിപ്പിച്ചിരുന്നു.
കിനാലൂരില്‍ ഏതോ മലേഷ്യന്‍ കമ്പനി ഉപഗ്രഹ നഗരം കൊണ്ടുവരുന്നുവെന്നാണ് ആദ്യം കുറേക്കാലം പ്രചരിക്കപ്പെട്ടത് പിന്നെ കേട്ടത് വന്‍കിട വ്യവസായ വികസന കേന്ദ്രമാണ് വരാന്‍ പോകുന്നതെന്ന്.
എന്താണ് പദ്ധതിയെന്ന് വ്യക്തമാക്കപ്പെടാതെ അടിമുടി ദുരൂഹത നിറഞ്ഞ ഒരേര്‍പ്പാടായിരുന്നു കിനാലൂരില്‍ നടന്നത്. പക്ഷേ കിനാലൂരിലേക്ക് ഒരു നാലുവരിപ്പാത വേണമെന്ന കാര്യത്തില്‍ എളമരം കരീമിന് സംശയമുണ്ടായിരുന്നില്ല.
മലബാര്‍ സിമന്റ്‌സ്
മലബാര്‍ സിമന്റ്‌സിന്റെ നടത്തിപ്പ് എത്രത്തോളം മോശപ്പെട്ട അവസ്ഥയിലാണെന്ന് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്റെയും രണ്ടു മക്കളുടെയും മരണത്തോടെ വ്യക്തമായിക്കഴിഞ്ഞു. ശശീന്ദ്രനെ ഭീഷണിപ്പെടുത്തി ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് കമ്പനി മാനേജിങ് ഡയരക്ടര്‍ എം.സുന്ദരമൂര്‍ത്തി, പേഴ്‌സണല്‍ സെക്രട്ടറി പി.സൂര്യനാരായണന്‍,ചാക്ക് രാധാകൃഷ്ണന്‍, എന്നിവര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു. എറണാകുളം സി.ജെ.എം കോടതിയില്‍ എഫ്.ഐ.ആറും സമര്‍പ്പിച്ചു. ശശീന്ദ്രന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ പൊടുന്നനെ ഉണ്ടായതല്ലെന്നത് പരസ്യമാണ്. വര്‍ഷങ്ങളായി അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഇരുണ്ട വഴികളിലൂടെത്തന്നെയാണ് മലബാര്‍ സിമന്റ്‌സിന്റെ യാത്ര. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് 363.5 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതും എളമരം കരീം വ്യവസായമന്ത്രിയാകുന്നതും.
അന്തര്‍സംസ്ഥാന ഇടപാടുകളുള്ള ഈ അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം ശുപാര്‍ശ ചെയ്യാന്‍ വ്യവസായ വകുപ്പ് തയ്യാറായില്ല. ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം പോലും ഹൈക്കോടതിയില്‍ വന്ന ഒരു പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു. കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് എളമരം കരീമിലെത്തിയപ്പോള്‍ ഒരു ചുക്കും സംഭവിച്ചില്ല. ശശീന്ദ്രന്മാര് പീഡിപ്പിക്കപ്പെടുകയും സൂര്യനാരായണന്മാരും രാധാകൃഷ്ണന്‍മാരും ശക്തരാവുകയും ചെയ്തു.
മലയാളം വാരിക
ഇതെഴുതുമ്പോള്‍ വരെ മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത സമകാലിക മലയാളം വാരികയില്‍ ജി നിര്‍മ്മല എഴുതിയ ലേഖനത്തില്‍ നിന്നുള്ള ഭാഗമാണ് മുകളില്‍ കൊടുത്തത്. മന്ത്രിമരായ എളമരം കരീം, എം.എ ബേബി, തോമസ് ഐസക്ക് എന്നിവരെ വി.എസ് സര്‍ക്കാറിന് മൂന്നു തുഗ്ലക്കുമാരായാണ് ലേഖനത്തില്‍ വിശേഷിപ്പിക്കുന്നത്. ലേഖനത്തെക്കുറിച്ച് ഇവിടെ എടുത്ത് പറയുന്നത് മറ്റൊന്നും കൊണ്ടല്ല. ലേഖനത്തിലെ പരാമര്‍ശം മന്ത്രി എളമരം കരീമിനെ ഭയപ്പെടുത്തിയെന്ന് വേണം അനുമാനിക്കാന്‍. അതുകൊണ്ടാണല്ലോ വാരിക വിപണിയില്‍ ലഭ്യമാക്കുന്നതിന് മുമ്പ് അത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചത്.
അപകീര്‍ത്തികരമായ ലേഖനമുണ്ടെന്ന പരാതിയെത്തുടര്‍ന്ന് “സമകാലിക മലയാളം വാരികയുടെ പ്രസിദ്ധീകരണം തടഞ്ഞുകൊണ്ട് എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് കൂടിയായ തഹസില്‍ദാര്‍ ഉത്തരവിറക്കുകയായിരുന്നു. കൊച്ചിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന വാരികയുടെ ഓഫിസിലെത്തിയ എറണാകുളം പൊലീസ് സബ് ഡിവിഷന്‍ ഫ്‌ളയിങ് സ്‌ക്വാഡ് എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് എം.ലത വാരികയുടെ അടുത്ത ലക്കം പ്രസിദ്ധീകരിക്കരുതെന്ന് രേഖാമുലം ഉത്തരവിട്ടു. എന്നാല്‍ മണിക്കൂറുകള്‍ക്കകം എ.ഡി.എം എ. ഗോപകുമാര്‍ ഇടപെട്ട് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
വിപണിയിലോ വായനക്കാരിലോ എത്തുന്നതിനു മുന്‍പ് പ്രസിദ്ധീകരണം തടയാനാവില്ലെന്ന വാദം പരിഗണിച്ചാണ് തഹസില്‍ദാറുടെ ഉത്തരവ് എ.ഡി.എം റദ്ദാക്കിയത്. വാരികയുടെ പുതിയ ലക്കം പുറത്തിറങ്ങുന്നതിന് മുമ്പ് ഇത്തരത്തില്‍ പ്രസിദ്ധീകരണം തടയാന്‍ കഴിയില്ലെന്നായിരുന്നു വാദം. മന്ത്രി എളമരം കരീമിനെതിരെ ലേഖനം പ്രസിദ്ധീകരിക്കുന്നതായി കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് ലഭിച്ച പരാതി എറണാകുളം കലക്ടര്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് ഉദ്യോഗസ്ഥരുടെ നടപടിയുണ്ടായത്.
മന്ത്രി എളമരം കരീമിനെക്കുറിച്ച് പ്രതിപാദിക്കുന്ന മലയാളം വാരിക പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പരിശോധിക്കേണ്ടതുണ്ടെന്ന് കാണിച്ചാണ് എറണാകുളം ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയത്. പരിശോധിച്ച് അനുമതി ലഭിക്കുന്നതിന് മുമ്പ് വാരിക പ്രസിദ്ധീകരിക്കുകയോ വില്‍പനക്ക് നല്‍കുകയോ ചെയ്യരുതെന്നും നോട്ടീസില്‍ പറയുന്നു. തങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധമായാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് തന്നെ ബോധ്യമുള്ളത്‌കൊണ്ടാവണം വെള്ളപ്പേപ്പറില്‍ ഒപ്പിട്ട് ഈ നോട്ടീസ് നല്‍കിയത്.
യാഥാര്‍ത്ഥ്യങ്ങള്‍ പുറം ലോകം അറിയരുതെന്ന് എല്ലാ ഭരണാധികാരികളും എക്കാലവും ആഗ്രഹിച്ചതാണ്. സ്വന്തം തെറ്റുകള്‍ തുറന്ന് പറഞ്ഞ ഏത് ഭരണകൂടമാണ് നമുക്ക് മുന്നിലുള്ളത്. ഇനി ആരെങ്കിലും ആ തെറ്റ് ചൂണ്ടിക്കാണിച്ചാലോ ആ വിരലുകള്‍ അറുത്ത് മാറ്റാനും അവര്‍ ശ്രമിക്കും. ആ ശ്രമമാണ് ജനാധിപത്യത്തിന്റെ ഈ ഉത്സവകാലത്ത് ഉദ്യോഗസ്ഥര്‍ നടത്തിയത്. അത് പക്ഷെ അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മകളെക്കാള്‍ കടുത്തതായിപ്പോവുകയും ചെയ്തു.
മന്ത്രി എളമരം കരീം മികച്ച വ്യവസായ മന്ത്രിയാണെന്നാണ് കേരളത്തിനകത്തും പുറത്തുമുള്ള മുതലാളിമാരെല്ലാം പറയുന്നത്. പക്ഷെ കേരളത്തിലെ ജനതക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടോ. മുതലാളിമാരുടെ ഈ പുകഴ്ത്തിപ്പാടലുകള്‍ക്കുമപ്പുറം എളമരം കരീം എന്ന മന്ത്രിയില്‍ നിന്ന് കേരളത്തിലെ സാധാരണക്കാരന് അനുഭവ ഭേദ്യമായത് എന്താണെന്ന അന്വേഷണമാണ് മലയാളം വാരിക നടത്തിയത്.
പ്രത്യേകിച്ചും എളമരം മത്സരിക്കുന്ന ബേപ്പൂരും പ്രതിഷേധസമരത്തെ ചോരയില്‍ മുക്കിയ കിനാലൂരും കോഴിക്കോട് ജില്ലയില്‍ തന്നെയാണ്. ആരുമറിയാത്ത പദ്ധതിക്ക് വേണ്ടി ആര്‍ക്കും മനസ്സിലാവാത്ത നാലുവരിപ്പാതിയുണ്ടാക്കന്നത് ചോദ്യം ചെയ്തപ്പോഴാണ് എളമരം കരീമിന്റെ ഒറിജിനല്‍ മുഖം നാട്ടുകാരറിഞ്ഞത്. ഇതൊക്കെ വീണ്ടും വോട്ടര്‍മാര്‍ക്ക് ഓര്‍ക്കാന്‍ തിരഞ്ഞെടപ്പല്ലാതെ മറ്റേത് സുവര്‍ണ്ണാവസരമാണ് ലഭിക്കുക. പക്ഷെ വോട്ടര്‍മാരുടെ ഈ ഓര്‍ത്തെടുക്കല്‍ അത്ര സുഖകരമാവില്ലെന്ന് മന്ത്രിമാര്‍ക്ക് നന്നായറിയാം. അതുകൊണ്ട് തന്നെയായിരിക്കും അദ്ദേഹം മലയാളം വാരികയെ കണ്ടുകെട്ടാന്‍ ശ്രമിച്ചത്.
സമകാലിക മലയാളത്തിലെ .തറക്കല്ലുകളുടേയും നാടമുറിക്കലുകളുടേയും മന്ത്രി” യെന്ന ലേഖനം ഇവിടെ വായിക്കാം
മന്ത്രിമാരെന്ന നിലയ്ക്ക് അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും വോട്ടര്‍മാരെ സമീപിക്കാനുള്ള അര്‍ഹതയില്ലാതെവരാണ്, ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായ ഡോ. തോമസ് ഐസക്, എം.എ. ബേബി, എളമരം കരീം. അവരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയാണ് തുടര്‍ പേജുകളില്‍
തറക്കല്ലുകളുടേയും നാടമുറിക്കലുകളുടേയും മന്ത്രി
ജി. നിര്‍മ്മല
വ്യവസായ വികസനരംഗത്ത് അഭിമാനിക്കാവുന്ന യാതൊരു നേട്ടങ്ങളും വ്യവസായമന്ത്രി എളമരം കരീമിന് ചൂണ്ടിക്കാണിക്കാനില്ല
കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തിന്റെ വ്യവസായ വകുപ്പുമന്ത്രിയാണ് എളമരം കരീം. അദ്ദേഹം ബേപ്പൂരില്‍നിന്ന് വീണ്ടും ജനവിധി തേടുകയുമാണ്. താനിട്ട തറക്കല്ലുകളുടേയും നടത്തിയ ഉദ്ഘാടനങ്ങളുടേയും ഒക്കെ കണക്കുകള്‍ അദ്ദേഹം തീര്‍ച്ചയായും അവിടെ നിരത്തിക്കൊണ്ടിരിക്കുന്നുമുണ്ടാവും. പക്ഷേ, അതിനപ്പുറം എളമരം കരീം എന്ന ആദ്യകാല തൊഴിലാളി പിന്നെ തൊഴിലാളി നേതാവും ഒടുവില്‍ മന്ത്രിയുമായപ്പോള്‍, എന്തുതരം വ്യവസായ വികസന നയമാണ് അദ്ദേഹം വിഭാവനം ചെയ്യുന്നതെന്നുകൂടി അറിയേണ്ടതുണ്ട്. തറക്കല്ലുകള്‍ക്കും നാടമുറിക്കലുകള്‍ക്കും കണക്കിലെ കളികള്‍പ്പുമപ്പുറം പ്രധാനമാണത്.
എളമരം കരീം വ്യവസായ മന്ത്രിയായ ശേഷം അദ്ദേഹം കേരളത്തിലേക്ക് ആനയിക്കാന്‍ ശ്രമിച്ച ഓരോ പദ്ധതിയിലും ആ നയമുണ്ടായിരുന്നു. കേരളത്തിലിപ്പോഴും ഭവികസനവിരോധികള്‍” ഉള്ളതിനാല്‍ ആ അപകടങ്ങളില്‍ നിന്നെല്ലാം സംസ്ഥാനം താല്‍ക്കാലികമായെങ്കിലും രക്ഷപ്പെടുകയായിരുന്നു. പക്ഷേ, ഇനിയും അവസരം കിട്ടിയാല്‍ അതേ നയം പൂര്‍വാധികം ഉത്സാഹത്തോടെ നടപ്പാക്കാന്‍ അദ്ദേഹം ശ്രമിക്കും. കേരളത്തിന്റെ അവശേഷിക്കുന്ന പച്ചപ്പും വില്പനയ്ക്ക് എത്തും.
സംസ്ഥാനത്തെ വിഭവസമ്പത്തിനെ പരിപോഷിപ്പിച്ചും അവയെ അടിസ്ഥാനമാക്കിയും സുസ്ഥിരമായ ഒരു വ്യവസായ വികസനത്തിന് അടിത്തറയിടേണ്ടതിനു പകരം കേരളത്തിന്റെ വിഭവസമ്പത്ത് വില്പനയ്ക്ക് വയ്ക്കുന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷം നമ്മള്‍ കണ്ടത്. അതേസമയം കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന കയര്‍-കശുവണ്ടി മേഖലകള്‍ ഇപ്പോഴും പ്രാകൃതമായ സാങ്കേതികവിദ്യയുമായി ഏന്തിയും വലിഞ്ഞും നീങ്ങുകയും ചെയ്യുന്ന തടയിടേണ്ട ആ വ്യവസായ നയത്തെക്കുറിച്ച്: ആര്‍ക്കുവേണ്ടിയാണ് ഈ അമ്മമാര്‍ തല്ലുകൊണ്ടത്?
കിനാലൂരില്‍ മര്‍ദ്ദനമേറ്റവര്‍
കിനാലൂരിലെ കച്ചേരി വീട്ടില്‍ സുലൈഖയും ഇന്ദുവും സുമതിയും ഖദീജ ഇവരെയെല്ലാം 2010 മെയ് ആറിന് പൊലീസ് തല്ലിച്ചതച്ചത് എന്തിനുവേണ്ടിയായിരുന്നു. ഈ അമ്മമാരും ഒപ്പം തല്ലുകൊണ്ട കുഞ്ഞുങ്ങളുമെല്ലാം വികസനവിരോധികളാണെന്നായിരുന്നു വിശദീകരണം. ആരുടെ വികസനത്തിനായിരുന്നു ഇവര്‍ എതിരു നിന്നതെന്ന് അതിനു മുന്‍പും പിന്‍പുമായി പലവട്ടം വ്യവസായമന്ത്രി എളമരം കരീം വ്യംഗമായി സൂചിപ്പിച്ചു. കിനാലൂരില്‍ ഏതോ മലേഷ്യന്‍ കമ്പനി ഉപഗ്രഹനഗരം കൊണ്ടുവരുന്നുവെന്നാണ് ആദ്യം കുറേക്കാലം പ്രചരിപ്പിക്കപ്പെട്ടത്. പിന്നെ കേട്ടു വന്‍കിട വ്യവസായ വികസന കേന്ദ്രമാണ് വരാന്‍ പോകുന്നതെന്ന്. എന്താണ് പദ്ധതിയെന്ന് വ്യക്തമാക്കപ്പെടാത്ത അടിമുടി ദുരൂഹത നിറഞ്ഞ ഒരേര്‍പ്പാടായിരുന്നു കിനാലൂരില്‍ നടന്നത്. പക്ഷേ, കിനാലൂരിലേക്ക് ഒരു നാലുവരിപ്പാത വേണമെന്ന കാര്യത്തില്‍ എളമരം കരീമിന് സംശയമുണ്ടായിരുന്നില്ല. ഈ അനാവശ്യപ്പാത വന്നാല്‍ ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ശാസ്ര്ത സാഹിത്യ പരിഷത്ത് തന്നെ ഇങ്ങനെ റിപ്പോര്‍ട്ടെഴുതി- ഭഈ റോഡ് കടന്നുപോകുന്ന ഭൂരിഭാഗം പ്രദേശങ്ങളും ശ്രദ്ധേയമായ നീര്‍ത്തടത്തില്‍പ്പെട്ട വയലുകളാണ്. ചെലപ്രം, കുമ്മിളിത്തോട്ടം എന്നീ സര്‍ക്കാര്‍ അംഗീകൃത നീര്‍ത്തടങ്ങള്‍ ഇതോടെ ഇല്ലാതാകും. ഇരുനൂറോളം കുടുംബങ്ങളെ ഒഴിപ്പിക്കണം. 142 ഏക്കര്‍ വയല്‍ നഷ്ടപ്പെടും. ഇരുവശവും തൂര്‍ത്ത് കെട്ടിടം വരുമ്പോള്‍ 615 ഏക്കര്‍ വയല്‍ പരിസ്ഥിതിക്ക് ആഘാതമാകും. വെള്ളക്കെട്ട്, ജലദൗര്‍ലഭ്യം, പ്രദേശത്തിന്റെ പരിസ്ഥിതി നാശം എന്നിവയൊക്കെയായിരിക്കും ഫലം.” ഈ മുന്നറിയിപ്പുകളൊന്നും വകവെക്കാതെ ആര്‍ക്കോ കൊടുത്ത വാക്കു പാലിക്കാനുള്ള വ്യഗ്രതയായിരുന്നു വ്യവസായ മന്ത്രിക്ക്. സംസ്ഥാനത്തിന് ഒരു പൊതുമരാമത്ത് മന്ത്രിയുണ്ടായിരിക്കെ റോഡ് നിര്‍മ്മാണത്തിന് വ്യവസായമന്ത്രി തന്നെ രംഗത്തിറങ്ങിയതോടെ ജനങ്ങളുടെ സംശയവും വര്‍ധിച്ചു. എന്തായാലും കൈക്കുഞ്ഞുങ്ങളുമായി നിന്ന അമ്മമാരുടെ നേരെ ലാത്തിയും ഗ്രനേഡും ഉപയോഗിച്ച് പൊലീസിനെ ഇറക്കി വിട്ടുകൊണ്ട് കിനാലൂരിനെ വികസിപ്പിക്കാനുള്ള ശ്രമം ജനരോഷത്തില്‍ തകര്‍ന്നു.
റിയല്‍ എസ്‌റ്റേറ്റ് കച്ചവടത്തിന്റെ മറവില്‍
കിനാലൂരിലെ ലക്ഷ്യം എന്തായിരുന്നുവെന്ന് പിന്നീട് പകല്‍പോലെ വ്യക്തമായി. വെറും റിയല്‍ എസ്‌റ്റേറ്റ് കച്ചവടം മാത്രമായിരുന്നു ലക്ഷ്യം. സെന്റിന് അയ്യായിരം രൂപ രൂപ മാത്രമുണ്ടായിരുന്ന കിനാലൂരില്‍ മന്ത്രിയുടെ ഉപഗ്രഹനഗര പ്രഖ്യാപനവും നാലുപരിപാതയും ഒക്കെ ചേര്‍ന്ന് ഭൂമിവില സെന്റിന് രണ്ടുലക്ഷമായി ഉയര്‍ത്തി. ഈ കോലാഹലങ്ങള്‍ക്കെല്ലാം ഒടുവില്‍ കിനാലൂരിലേക്ക് വന്ന വ്യവസായം വി.കെ.സിയുടെ ഒരു ചെരുപ്പ് നിര്‍മ്മാണ യൂണിറ്റാണ്. അവര്‍ക്കുവേണ്ടിയായിരുന്നോ നാല്പത്തഞ്ച് മീറ്റര്‍ വീതിയില്‍ നാലുവരിപ്പാത? കിനാലൂരില്‍ വേര്‍പാടില്‍ കേരളത്തിന്റെ വ്യവസായ മന്ത്രി വഹിച്ച റോള്‍ മാദ്ധ്യമങ്ങള്‍ കൃത്യമായി പുറത്തുകൊണ്ടുവന്നു. എത്ര അസഹിഷ്ണുതയോടും സംസ്‌കാരമില്ലാതെയുമാണ് വിമര്‍ശനങ്ങളോട് മന്ത്രി പ്രതികരിച്ചതെന്ന് മെയ് എട്ട് (2010)ലെ രാഷ്ട്രീയ വിശദീകരണയോഗം കേട്ടവര്‍ മറക്കില്ല. ഏഷ്യാനെറ്റിന്റെയും ഇന്ത്യാവിഷന്റെയും റിപ്പോര്‍ട്ടര്‍മാര്‍ക്കു നേരെ നടത്തിയ അസഭ്യവര്‍ഷം വിചാരിച്ച വഴിയില്‍ കാര്യങ്ങള്‍ നടക്കാത്ത നിരാശയില്‍ നിന്നായിരുന്നു.
പ്രഖ്യാപനങ്ങളുടെ മന്ത്രി
കഴിഞ്ഞ അഞ്ചുവര്‍ഷവും എളമരം കരീം നടത്തിയതത്രയും പ്രഖ്യാപനങ്ങളും അവയുടെ പ്രചാരണവുമായിരുന്നു. 2,13,000 പേര്‍ക്ക് നേരിട്ടു തൊഴില്‍ നല്‍കുന്ന 26,500 കോടി മുതല്‍മുടക്കുള്ള പദ്ധതികള്‍ പോക്കറ്റിലിട്ടുകൊണ്ടാണ് മന്ത്രി പ്രഖ്യാപനവും പ്രചാരണവുമായി കേരളം മുഴുവന്‍ നടന്നത്. വ്യവസായ വകുപ്പുവഴി വന്ന ഈ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ക്കൊന്നിനും സി.പി.ഐ.എമ്മിന്റെ അനുമതിയില്ലാതെ ഒരു സര്‍ക്കാര്‍ വകുപ്പിന്റേയും അനുമതിയും കിട്ടിയിട്ടില്ല. സി.പി.ഐ.എം. തയ്യാറാക്കിയ ലോക്‌സഭാ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഭഅഭിമാന” പദ്ധതികളൊന്നും യാഥാര്‍ത്ഥ്യമായിട്ടില്ല. ശോഭാ ഹൈടെക് സിറ്റി (വളന്തക്കാട്), സലാര്‍പൂരിയ ഐ.ടി. പ്രൊജക്ട്, കിനാലൂര്‍ സി.ഐ.ഡി.ബി-കെ.എസ്.ഐ.ഡി.സി. പ്രൊജക്ട്, മാവൂര്‍ ടൗണ്‍ഷിപ്പ്, ഇന്‍കെല്‍ പ്രൊജക്ട്, എസ്.ഐ.ഡി.സി.ഒ. ടെലികോം സിറ്റി ഇവയായിരുന്നു മന്ത്രിയുടേയും പാര്‍ട്ടിയുടേയും 26,500 കോടിയുടെ സ്വപ്നപദ്ധതികള്‍. ഇതില്‍ കിനാലൂര്‍ കഴിഞ്ഞാല്‍ വ്യവസായമന്ത്രി ഏറ്റവുമധികം ഊര്‍ജം ചെലവഴിച്ചത് വളന്തക്കാട്ടെ ശോഭാ ഹൈടെക് സിറ്റിക്കുവേണ്ടിയായിരുന്നു.
വളന്തക്കാടിലെ കണ്ടല്‍ക്കാടുകള്‍
കൊച്ചിയിലെ വളന്തക്കാട്ട് 400 ഏക്കര്‍ ചതുപ്പ് നികത്തി കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ച് അവിടെ അയ്യായിരം കോടി മുതല്‍ മുടക്കില്‍ നാല് കോടി ചതുരശ്ര അടിയില്‍ ഒരു ബൃഹദ്പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടത്. എഴുപത്തയ്യായിരം പേര്‍ക്ക് നേരിട്ട് തൊഴിലും നല്‍കുമത്രെ. ശോഭാ ഹൈടെക് സിറ്റിയെക്കുറിച്ച് മന്ത്രി ഒരുപാട് പാടിപുകഴ്ത്തുമ്പോഴും ഇവര്‍ വ്യക്തമായ ഒരു പ്രൊജക്ട് റിപ്പോര്‍ട്ടു പോലും സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നില്ല. നിരവധി കേന്ദ്ര സംസ്ഥാന നിയമങ്ങളെ പ്രത്യക്ഷത്തില്‍ ലംഘിക്കുന്നതായിരുന്നു പദ്ധതി. എന്നിട്ടും പാര്‍ട്ടിയുടെ അംഗീകാരത്തോടെ മന്ത്രി ഇതിനുവേണ്ടി കൊണ്ടുപിടിച്ചു പ്രചാരവേല നടത്തി. ഒടുവില്‍ പി.എന്‍.സി. മേനോനും ഫാരിസ് അബൂബക്കറും ചേര്‍ന്നുള്ള റിയല്‍ എസ്‌റ്റേറ്റ് ഏര്‍പ്പാടു മാത്രമാണിതെന്ന സത്യം പുറത്തുവന്നതോടെ മന്ത്രിയുടെ രോഷം മാദ്ധ്യമങ്ങള്‍ക്കും പാരിസ്ഥിതി പ്രവര്‍ത്തര്‍ക്കും നേരെയായി.
മന്ത്രിയുടെ ആവേശം മാനംമുട്ടിപ്പറന്ന മറ്റൊരു പദ്ധതിയായിരുന്നു കൊച്ചി സൈബര്‍ സിറ്റി. സ്മാര്‍ട്ട് സിറ്റിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഐ.ടി. വകുപ്പ് ഒരു സെന്റ് സര്‍ക്കാര്‍ ഭൂമിക്കുവേണ്ടി പോലും ടീകോമുമായി തര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് എഴുപതേക്കര്‍ സര്‍ക്കാര്‍ ഭൂമി (എച്ച്.എം.ടി.യുടെ ഉടമസ്ഥതയിലുണ്ടായിരുന്നത്) ബ്‌ളൂസ്റ്റാര്‍ റിയാല്‍സ്‌റ്റേഴ്‌സ് എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് തുച്ഛമായ വിലയ്ക്ക് വില്പന നടത്താന്‍ വ്യവസായ വകുപ്പ് മുഖ്യകാര്‍മ്മികത്വം നല്‍കിയത്. അറുനൂറ് കോടി രൂപയാണ് ഈ ഭൂമികച്ചവടത്തില്‍ സര്‍ക്കാരിന്റെ നഷ്ടം. ഐ.ടി. പദ്ധതിയെന്ന പേരിലായിരുന്നു സൈബര്‍ സിറ്റിയെന്ന ഈ പദ്ധതിയുടെ വരവ്. പക്ഷേ, ഐ.ടി. വകുപ്പുണ്ടെങ്കിലും വ്യവസായ വകുപ്പു വഴിയായിരുന്ന ഈ വിവാദപദ്ധതിയുടെയും വരവ്. അറുപതിനായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. നീണ്ട നിയമയുദ്ധത്തിനൊടുവില്‍ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ഭൂമി വിപണനം ശരിവച്ചെങ്കിലും പദ്ധതിയുടെ പണി മുന്നോട്ടു നീങ്ങിയില്ല. കോടതി മുന്നോട്ടുവച്ച നിബന്ധന തന്നെയായിരുന്നു തടസ്സം; വ്യാവസായിക ആവശ്യത്തിനു മാത്രമേ ഭൂമി ഉപയോഗിക്കാന്‍ പാടുള്ളൂ എന്നായിരുന്നു നിര്‍ദ്ദേശം. കോടതി അനുമതിയും 2010 ഫെബ്രുവരിയില്‍ സെസ് പദവിയും അനുവദിച്ചു കിട്ടി. എന്നിട്ടും പദ്ധതി തുടങ്ങാതിരുന്നതിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ തെരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിന് തൊട്ടുമുന്‍പ് വ്യവസായമന്ത്രി നിര്‍മ്മാണോദ്ഘാടനം നടത്തി തലയൂരി.
വളന്തക്കാടിന്റേയും കിനാലൂരിന്റേയുമൊക്കെ തലത്തില്‍ വരുന്ന അപകടകരമായ മറ്റൊരു പദ്ധതിയാണ് കുമരകത്തെ നാനൂറ് ഏക്കര്‍ വരുന്ന മെത്രാന്‍ കായല്‍ നികത്തിക്കൊണ്ടുള്ള ഗോള്‍ഫ് ടൂറിസം പദ്ധതി. ഇവിടെ ഡി.വൈ.എഫ്.ഐക്കുപോലും വ്യവസായ മന്ത്രിക്കെതിരെ സമരരംഗത്തിറങ്ങേണ്ടി വന്നു. പലതവണ വ്യവസായ വകുപ്പിന്റെ ചിറകിലേറി കാബിനറ്റിലെത്തിയെങ്കിലും ഭാഗ്യവശാല്‍ മെത്രാന്‍ കായല്‍ ഇപ്പോഴും പിടിച്ചുനില്‍ക്കുന്നു. റാസല്‍ഖൈമ ആസ്ഥാനമായ റാക്ഇന്‍ഡൊയും പട്ടാറ ഗ്രൂപ്പും ചേര്‍ന്നുള്ള ഈ സംയുക്ത സംരംഭം കുമരകത്തിന്റെ പരിസ്ഥിതി മരണമണിയാണ്. പദ്ധതിക്ക് തത്വത്തില്‍ അംഗീകാരമെങ്കിലും സംഘടിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടാനായത് ശക്തമായ പ്രാദേശിക എതിര്‍പ്പുകൊണ്ടാണ്. എന്തായാലും കുമരകത്തെ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളെ ഗോള്‍ഫ് കളി കാണിക്കാനുള്ള വ്യവസായ വകുപ്പിന്റെ ആഗ്രഹവും തല്‍ക്കാലം നടന്നില്ല . ഇങ്ങനെ കേരളത്തിന്റെ അവശേഷിക്കുന്ന പച്ചപ്പുകൂടി വിറ്റുതുലക്കു നാണംകെട്ട വ്യവസായ നയമാണ് വികസനമെന്ന പേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതി
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ പ്രൊഫഷണലിസം കൊണ്ടു വരാനുള്ള ഒരു ശ്രമവും ഇക്കാലത്ത് നടന്നില്ല. തട്ടുകടകളുടെ നിലവാരം പോലും ഇല്ലാത്ത വിധത്തിലാണ് ഇവയില്‍ പലതും പ്രവര്‍ത്തിക്കുന്നത്. ചവറയിലെ കെ.എം.എം.എല്ലും വാളയാറിലെ മലബാര്‍ സിമന്റ്‌സും തന്നെ മികച്ച ഉദാഹരണം 2006-ല്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തന്നെ എന്‍.ആര്‍. സുബ്രഹ്മണ്യം കെ.എം.എം.എല്ലിന്റെ ജനറല്‍ മാനേജരായി നിയമിതനായി. മലബാര്‍ സിമന്റ്‌സില്‍ നിന്നും കെ.എം.എം.എല്ലിലേക്ക് ഇട്ട ഈ പാലം തുടക്കത്തിലേ വിവാദമായി.
കമ്പനിയില്‍ നടന്നുവന്നിരുന്ന ആധുനികവത്ക്കരണ നടപടികള്‍ക്ക് ഇവിടെ താല്‍ക്കാലിക വിരാമമായി. ബച്ചര്‍ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള സിന്തറ്റിക് റൂട്ടൈല്‍ ഉല്പാദന പ്ലാന്റിന്റെ നിര്‍മ്മാണമായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. തനത് ഫണ്ട് ഉപയോഗിച്ച് ചെറിയ തോതിലുള്ള ആധുനികവത്ക്കരണം മതിയെന്നായിരുന്നു ഇതിന് നല്‍കിയ വിശദീകരണം. തുടര്‍ന്ന് ഓക്‌സിജന്‍ പ്ലാന്റിനും കല്‍ക്കരി ഉപയോഗിച്ചുള്ള ബോയ്‌ലര്‍ (കല്‍ക്കരിയുടെ കരാറായിരുന്നു ഇതിലെ പ്രധാന ആകര്‍ഷകക്കാര്യം) പ്ലാന്റിനുവേണ്ടി ടെണ്ടര്‍ വിളിച്ചു. ഇതിനിടെ സിന്തറ്റിക് റൂട്ടൈല്‍ പുറത്തുനിന്നും വാങ്ങാനും തുടങ്ങി. കമ്പനിയുടെ പ്രവര്‍ത്തനം താളം തെറ്റിത്തുടങ്ങിയപ്പോള്‍ ലൂക്കിനെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. വിഷയത്തില്‍ നല്ല സാങ്കേതിക പരിജ്ഞാനമുള്ള അദ്ദേഹം കമ്പനിയെ പ്രൊഷണലിസത്തിലൂടെ മുന്നോട്ടു കൊണ്ടുപോയതോടെ അനഭിമതനായി. കോള്‍ഫയര്‍ ബോയ്‌ലര്‍ വാങ്ങാന്‍ വേണ്ടി ടെണ്ടര്‍ വിളിക്കുകയും മൂന്നു കമ്പനികള്‍ പ്രീക്വാളിഫൈ ചെയ്യുകയും ചെയ്ത ഘട്ടത്തില്‍ ലൂക്കിനെ മാറ്റി; ഒരു വിശദീകരണവും ഇല്ലാതെ. തുടര്‍ന്ന് കെ.എസ്. ശ്രീനിവാസ് ഐ.എ.എസ്സിനെ കൊണ്ടുവന്നു. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന പ്രതിച്ഛായ ഉള്ള അദ്ദേഹത്തെക്കൊണ്ട് ടെണ്ടര്‍ കാന്‍സല്‍ ചെയ്യിച്ച് ചോദ്യങ്ങളില്‍നിന്ന് തലയൂരി. ടെണ്ടര്‍ കാന്‍സല്‍ ചെയ്യിച്ച ഉടന്‍ തന്നെ ശ്രീനിവാസിനെ മാറ്റുകയും സുബ്രഹ്മണ്യത്തെ തിരികെ കൊണ്ടുവരികയും ചെയ്തു. സുബ്രഹ്മണ്യം മലബാര്‍ സിമന്റ് ഡയറക്ട് ബോര്‍ഡംഗം കൂടിയാണ്. രണ്ടുകമ്പനികളിലെയും കരാറുകളും കരാറുകാരനും യാദൃശ്ചികമല്ലാത്തവിധം എപ്പോഴും വിവാദത്തിലുമാണ്.
1983 മുതല്‍ കെ.എം.എം.എല്ലില്‍ കൂട്ടിവച്ചിരിക്കുന്ന അവശിഷ്ടങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നം നിരന്തരം വാര്‍ത്തയാണെങ്കിലും അത് പരിഹരിക്കാനുള്ള കാര്യമായ ഒരു ശ്രമവും നടക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും കമ്പനിയെ കാലോചിതമായ ആധുനികവത്ക്കരിക്കുകയും ചെയ്യേണ്ടതിനുപകരം സ്വജനപക്ഷപാതവും ബാഹ്യതാല്പര്യങ്ങള്‍ക്കു വഴങ്ങലുമാണ് മാനേജ്‌മെന്റിന്റെ രീതിയെന്ന് ഒരു വിഭാഗം തൊഴിലാളികള്‍ ആരോപിക്കുന്നു. ഈ ആരോപണം ശരിവയ്ക്കുന്നതാണ് ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനവുമായി ബന്ധപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ മാനേജ്‌മെന്റ് എടുത്ത നടപടികള്‍. 90 (QÀ) Mk. 47/2001/ID ]ZÀ^] 11/1/2001 ഈ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് മുകളില്‍ പറഞ്ഞ തസ്തികയുടെ യോഗ്യത കംപ്യൂട്ടര്‍ സയന്‍സില്‍ ബാച്ചിലേഴ്‌സ് ഡിഗ്രിയാണ്. പുതുക്കിയ ഉത്തരവില്‍ (Ij]³dÀgb^d & D^lZgÀi^jÀ 90 (QÀ) Mk. 1088/2010/ID ]ZÀ^] 31/7/2010) ഏതെങ്കിലും ബി.ടെക് ഡിഗ്രിമതിയെന്നാണ്.
(ഇതിനേക്കാള്‍ പരിതാപകരമാണ് മലബാര്‍ സിമന്റ്‌സിന്റെ സ്ഥിതി).
മലബാര്‍ സിമന്റ്‌സിലെ പ്രശ്‌നങ്ങള്‍
മലബാര്‍ സിമന്റ്‌സിന്റെ നടത്തിപ്പ് എത്രത്തോളം മോശപ്പെട്ട അവസ്ഥയിലാണെന്ന് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്റേയും രണ്ടു മക്കളുടേയും മരണത്തോടെ വ്യക്തമായിക്കഴിഞ്ഞു. ശശീന്ദ്രനെ ഭീഷണിപ്പെടുത്തി ആത്മഹത്യക്കു പ്രേരിപ്പിച്ചതിന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ എം. സുന്ദരമൂര്‍ത്തി, പേഴ്‌സണല്‍ സെക്രട്ടറി പി. സൂര്യനാരായണന്‍, ചാക്ക് രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ സി.ബി.ഐ. കേസെടുത്തു. എറണാകുളം സി.ജെ.എം. കോടതിയില്‍ എഫ്.ഐ.ആറും സമര്‍പ്പിച്ചു. ശശീന്ദ്രന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ പൊടുന്നനെ ഉണ്ടായതല്ലെന്നത് പരസ്യമാണ്. വര്‍ഷങ്ങളായി അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഇരുണ്ട വഴികളിലൂടെത്തന്നെയാണ് മലബാര്‍ സിമന്റ്‌സിന്റെ യാത്ര. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 363.5 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പുതിയ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതും എളമകം കരീം വ്യവസായ മന്ത്രിയാകുന്നതും. അന്തര്‍ സംസ്ഥാന ഇടപാടുകളുള്ള ഈ അഴിമതിക്കേസില്‍ സി.ബി.ഐ. അന്വേഷണം ശുപാര്‍ശ ചെയ്യാന്‍ വ്യവസായ വകുപ്പ് തയ്യാറായില്ല. എന്തിന്, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിജിലന്‍സ് അന്വേഷണം പോലും ഹൈക്കോടതിയില്‍ നല്‍കിയ ഒരു പൊതുതാല്പര്യഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു. ചുരുക്കത്തില്‍, കുഞ്ഞാലിക്കുട്ടിയില്‍നിന്ന് എളമരം കരീമിലെത്തുമ്പോള്‍ ഒരു ചുക്കും സംഭവിച്ചില്ല. ശശീന്ദ്രന്മാര് പീഡിപ്പിക്കപ്പെടുകയും സൂര്യനാരായണന്മാരും രാധാകൃഷ്ണന്മാരും ശക്തരായിരിക്കൊണ്ടിരുന്നു. ശശീന്ദ്രന്റെയും കുഞ്ഞുങ്ങളുടേയും മരണത്തിന്റെ പേരില്‍ സുന്ദരമൂര്‍ത്തിക്കും സൂര്യനാരായണനും രാധാകൃഷ്ണനുമെതിരെ ശശീന്ദ്രന്റെ ഭാര്യ ടീന വ്യക്തമായ ആരോപണമുന്നയിച്ചിട്ടും എം.ഡി. സുരക്ഷിതനായിരുന്നു. ഡയറക്ടര്‍ബോര്‍ഡ് അനങ്ങിയില്ല. പക്ഷേ, തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം പോലും വ്യവസായ മന്ത്രി കമ്പനിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തിയുടെ സാങ്കേതിക വൈദഗ്ദ്ധ്യത്തെ (ഭനല്ല” ടെക്‌നോക്രാറ്റ്) പ്രകീര്‍ത്തിച്ചതായാണ് പത്രവാര്‍ത്ത. എന്തായാലും പി.സി. ജോര്‍ജ് എം.എല്‍.എ. മന്ത്രിയുടെ കമ്പനി സന്ദര്‍ശനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനരീതി ഇത്തരത്തില്‍ മുന്നോട്ടു പോകുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കിയെന്നഭിമാനിക്കുകയാണ് മന്ത്രി.
പരമ്പരാഗത മേഖല
2009-2010-ല്‍ രാജ്യത്തുനിന്നുള്ള കശുവണ്ടിയുടെ കയറ്റുമതി2905 കോടി രൂപയുടേതാണ്. ഇതിന്റെ എണ്‍പത് ശതമാനവും കേരളത്തില്‍നിന്നാണ്. കയര്‍-കൈത്തറി മേഖലകളിലെല്ലാം കേരളത്തിന് ഇത്തരത്തില്‍ തനതായ സ്ഥാനമുണ്ട്. പക്ഷേ, ഇപ്പോഴും വളരെ പഴയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുകൊണ്ടും സ്ഥിരവരുമാനം ഉറപ്പുവരുത്താത്തതുകൊണ്ട് പുതിയ തലമുറ ഈ മേഖലകളോട് മുഖം തിരിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തും വിപണി കണ്ടെത്താവുന്നവയാണ് ഈ ഉല്പന്നങ്ങള്‍. എന്തിനധികം, കേരളത്തിലെത്തുന്ന ലക്ഷക്കണക്കിന് വിനോദസഞ്ചാരികള്‍ക്ക് കൈത്തറിയുടെ വകയായി ഒരു ബ്രാന്‍ഡഡ് ടി. ഷര്‍ട്ട് പുറത്തിറക്കാന്‍ പോലും വ്യവസായ വകുപ്പ് ശ്രമിച്ചില്ല. സിനിമാതാരങ്ങളെ ഖദറിടീച്ച് പരസ്യം ചെയ്താല്‍കൈത്തറി പ്രൊമോഷന്‍ ആകുമോ? എന്തായാലും ഇടതുപക്ഷക്കാരനായ ഒരു വ്യവസായമന്ത്രിയില്‍നിന്ന് പ്രതീക്ഷിച്ചതൊന്നുമല്ല കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തിന് കിട്ടിയത്. മറ്റൊന്ന് കൊട്ടിഘോഷിക്കപ്പെടുന്ന നേട്ടങ്ങളുടെ പൊള്ളത്തരമാണ്. ബി.ഇ.എല്‍, ബി.ഇ.എം.എല്‍, ബ്രഹ്മാസ്, നിദ്ദേശ് (MZÀbkjZh IjdÀbÀ³À^ _kg Q^d^Zga Zj] D^Â^hkli^jÀ VZgdabl D^db`j) എന്നിവയെല്ലാം കേന്ദ്രസര്‍ക്കാര്‍ പദ്ധതികളാണ്; പ്രത്യേകിച്ചും പ്രതിരോധവകുപ്പിന്റെ. അതേസമയം സ്വന്തം നിയോജക മണ്ഡലത്തില്‍ പ്രഖ്യാപിക്കപ്പെട്ട ബേപ്പൂര്‍ തുറമുഖത്തിന്റെ വികസനവും മറൈന്‍ പാര്‍ക്കും എവിടെയുമെത്തിയിട്ടില്ല. ചുരുക്കത്തില്‍, കേരളത്തിന്റെ പ്രകൃതി വിഭവസമ്പത്ത് കൊള്ളയടിക്കാനെത്തുന്നവര്‍ക്ക് അരുനില്‍ക്കുന്ന വിചിത്രമായ ഒരു വികസന സങ്കല്പമാണ് എളമരം കരീം കാഴ്ചവച്ചത്. തെങ്ങിന്റെ മണ്ടയില്‍ വ്യവസായം കൊണ്ടുവരാനാവില്ലെന്നും സമ്പത്തുണ്ടാക്കുന്നത് പാപമല്ലെന്നും തുടങ്ങിയുള്ള മഹദ്‌വചനങ്ങളും ഇതിനിടയില്‍ വ്യവസായ മന്ത്രിയുടേതായി പുറത്തുവരികയുണ്ടായി. അതുകൊണ്ടാണ് ബേപ്പൂരില്‍ നിന്നുള്ള വര്‍ത്തമാനത്തിന് ഭീതിയോടെ കാതോര്‍ക്കുന്നവരുടെ കൂട്ടത്തില്‍ വളന്തക്കാട്ടെ കണ്ടല്‍ക്കാടുകളും മെത്രാന്‍ കായലിലെ മീന്‍കുഞ്ഞുങ്ങളും ഒക്കെ ഉള്‍പ്പെടുന്നത്.