ഈ സസ്‌പെന്‍ഷന്‍ ഞങ്ങളെ നിശബ്ദരാക്കില്ല; എം.പിമാരെ പുറത്താക്കിയത് ബി.ജെ.പിയുടെ ഭീരുത്വമെന്ന് എളമരം കരീം
Farm Bills
ഈ സസ്‌പെന്‍ഷന്‍ ഞങ്ങളെ നിശബ്ദരാക്കില്ല; എം.പിമാരെ പുറത്താക്കിയത് ബി.ജെ.പിയുടെ ഭീരുത്വമെന്ന് എളമരം കരീം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st September 2020, 11:05 am

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ നിന്ന് പ്രതിപക്ഷ എം.പിമാരെ പുറത്താക്കിയ നടപടി ബി.ജെ.പിയുടെ ഭീരുത്വത്തെയാണ് തുറന്നുകാട്ടുന്നതെന്ന് സി.പി.ഐ.എം എം.പി എളമരം കരീം. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സസ്‌പെന്‍ഷന്‍ ഞങ്ങളെ നിശബ്ദരാക്കില്ല. കര്‍ഷകരുടെ പോരാട്ടത്തിനൊപ്പമാണ് ഞങ്ങള്‍. രാജ്യസഭാ ഉപാധ്യക്ഷന്‍ പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ ഇന്നലെ തടഞ്ഞു. അവരുടെ ജനാധിപത്യവിരുദ്ധമായ നടപടികളില്‍ ശ്രദ്ധതിരിക്കാനുള്ള ശ്രമം ജനങ്ങള്‍ വീക്ഷിക്കുന്നുണ്ട്’, എളമരം കരീം പറഞ്ഞു.


നേരത്തെ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എളമരം കരീമടക്കമുള്ള പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശബ്ദവോട്ടെടുപ്പോടൊയാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്ത പ്രമേയം പാസാക്കിയത്.

പാര്‍ലമെന്ററി-വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്.

പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഇന്നലെ തന്നെ യോഗം ചേര്‍ന്നിരുന്നു. അതേസമയം ഈ സമ്മേളനകാലയളവ് കഴിയുന്നത് വരെയാണ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തത്.

രാജ്യസഭാ ഉപാധ്യക്ഷനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയവും സ്പീക്കര്‍ തള്ളി.

കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്.

രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി.

ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെന്‍ഷന്‍ നേരിട്ട മറ്റ് എം.പിമാര്‍.

പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസായത്. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല.

ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Elamara Kareem on Rajyasabha Suspension Farm Bill