'എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ രസകരമായത് അദ്ദേഹം ഉണ്ടായിരുന്നത് കൊണ്ടായിരുന്നു'; ഇതിഹാസതാരത്തെ കുറിച്ച് മാഴ്‌സെലോ
Football
'എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ രസകരമായത് അദ്ദേഹം ഉണ്ടായിരുന്നത് കൊണ്ടായിരുന്നു'; ഇതിഹാസതാരത്തെ കുറിച്ച് മാഴ്‌സെലോ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd April 2023, 3:30 pm

കരിയറില്‍ ഇന്നേവരെ അഭിമുഖീകരിച്ചവരില്‍ ഏറ്റവും അപകടകാരിയായ എതിരാളി ലയണല്‍ മെസിയാണെന്ന് റയല്‍ മാഡ്രിഡ് ഇതിഹാസം മാഴ്സെലോ. മെസി ബാഴ്സലോണക്കായി ബൂട്ടുകെട്ടിയ സമയത്ത് 15 സീസണില്‍ റയല്‍ മാഡ്രിഡ് ഡിഫന്‍ഡര്‍ മാഴ്സെലോയുമായി കൊമ്പുകോര്‍ത്തിട്ടുണ്ട്. അന്ന് മെസിയെ എതിരേല്‍ക്കാന്‍ വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

മെസി അസാധ്യനായ കളിക്കാരനാണെന്നും ക്ലാസിക്കോയില്‍ അദ്ദേഹത്തിനെതിരെ കളിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുകയാണെന്നും മാഴ്സെലോ പറഞ്ഞു. ദി അത്ലെറ്റിക്കോയോട് സംസാരിക്കുമ്പോഴാണ് മാഴ്സെലോ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘മെസി അസാധ്യ കളിക്കാരനാണ്. കരിയറില്‍ ഞാന്‍ അഭിമുഖീകരിച്ചവരില്‍ ഏറ്റവും അപകടകാരിയായ എതിരാളി. 35ാം വയസിലും അദ്ദേഹത്തിന്റെ നിലവാരം നമുക്കെല്ലാവര്‍ക്കും അറിയാം. ഇതുപോലെ തന്നെയായിരുന്നു അക്കാലത്തും. കാണാനും കളിക്കാനും എല്‍ ക്ലാസിക്കോ എക്കാലത്തും മികച്ച മത്സരമാണ്.

ക്ലാസിക്കോയുടെ മനോഹരമായ യുഗത്തില്‍ കളിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. മെസി മാത്രമല്ല, അസാധ്യരായ മറ്റ് കളിക്കാരും ഉണ്ടായിരുന്നു അപ്പോള്‍,’ മാഴ്സെലോ പറഞ്ഞു.

ബാഴ്സലോണക്കായി 778 മത്സരങ്ങളാണ് മെസി കളിച്ചത്. ഇതില്‍ നിന്നും 672 ഗോളുകളും 303 അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു.

അതേസമയം, വരുന്ന ജൂണ്‍ മാസത്തില്‍ മെസിയുടെ പാരിസ് ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുകയാണ്. ഇതോടെ ഫ്രീ ഏജന്റായി മാറുന്ന മെസി ഇനി എങ്ങോട്ട് ചേക്കേറുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍ ലോകം.

ജൂണിന് മുമ്പ് മെസിയുമായുള്ള കരാര്‍ പുതുക്കിയില്ലെങ്കില്‍ ഫ്രീ ഏജന്റ് എന്ന നിലയിലേക്ക് മാറുന്ന മെസിയെ സ്വന്തമാക്കാനായി ഇന്റര്‍ മിയാമി, ബാഴ്സലോണ, അല്‍ ഹിലാല്‍ അടക്കമുള്ള ക്ലബ്ബുകള്‍ രംഗത്തുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും താരം വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. പി.എസ്.ജിയുമായി കരാര്‍ പുതുക്കാന്‍ മെസി താത്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

Content Highlights: El Classico matches were outstanding while playing against Lionel Messi, says Marcelo