| Thursday, 11th May 2023, 4:11 pm

ഏക്‌നാഥ് ഷിന്‍ഡെ രാജിവെക്കണം; എന്റെ പോരാട്ടം രാജ്യത്തിനായി: ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രാജിവെക്കണമെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തന്റേത് മുഖ്യമന്ത്രിയാകാനുള്ള വ്യക്തിപരമായ പോരാട്ടമല്ലെന്നും താക്കറെ പറഞ്ഞു. താക്കറെ സര്‍ക്കാരിനെ പുനഃസ്ഥാപിക്കാനാകില്ലെന്ന സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ രാജി ഒരു അബദ്ധമായിരിക്കാം, പക്ഷെ ഞാനതിനെ അങ്ങനെ കാണുന്നില്ല. ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടിയും ജനാധിപത്യത്തിന് വേണ്ടിയും എന്റെ പിതാവ് ബാല്‍സാഹേബിനെ പിന്തുടര്‍ന്നവര്‍ക്ക് വേണ്ടിയുമാണ് പോരാടുന്നത്’, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോടൊപ്പം മാധ്യമങ്ങളോട് സംസാരിക്കവെ ഉദ്ധവ് താക്കറെ പറഞ്ഞു.

‘ധാര്‍മിക കാര്യങ്ങളാല്‍ ഞാന്‍ രാജി വെച്ചു. അവര്‍ എന്നോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടു. എനിക്കതില്‍ പങ്കെടുക്കേണ്ടായിരുന്നു’, രാജിയെ ന്യായീകരിച്ച് അദ്ദേഹം പറഞ്ഞു.

താന്‍ ധാര്‍മിക നിലപാട് സ്വീകരിച്ചത് പോലെ ഷിന്‍ഡെയും രാജിവെക്കണമെന്ന് താക്കറെ പറഞ്ഞു. താന്‍ രാജിവെച്ചില്ലായിരുന്നുവെങ്കില്‍ തന്നെ പുനഃസ്ഥാപിക്കുമായിരുന്നെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ‘ ഞാന്‍ എനിക്ക് വേണ്ടിയല്ല പോരാടുന്നത്. ഞാനെന്റെ രാജ്യത്തിനും എന്റെ സംസ്ഥാനത്തിനും വേണ്ടിയാണ് പോരാടുന്നത്’, താക്കറെ പറഞ്ഞു.

ഷിന്‍ഡെ ഉള്‍പ്പെടെയുള്ള ശിവസേന വിമതരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ സര്‍ക്കാരിനെ വീണ്ടും നിയോഗിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് മുമ്പ് ഉദ്ധവ് താക്കറെ രാജി വെച്ചത് കൊണ്ട് താക്കറെ സര്‍ക്കാരിനെ പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

അതേസമയം വിശ്വാസ വോട്ടെടുപ്പിനുള്ള ഗവര്‍ണരുടെ തീരുമാനവും വിപ്പ് നിയമിക്കാനുള്ള സ്പീക്കറുടെ തീരുമാനവും തെറ്റായിരുന്നുവെന്നും കോടതി സൂചിപ്പിച്ചു.

‘ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവായി ഉദ്ധവ് താക്കറെ നില്‍ക്കുമ്പോള്‍ തന്നെ വിമത വിഭാഗം വിപ്പ് നല്‍കിയത് ശരിയല്ല. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടോ എന്നുള്ളത് പരിശോധിക്കാന്‍ ഗവര്‍ണരുടെ മുന്‍പില്‍ നിയമപരമായി ഒരു രേഖകളും ഉണ്ടായിരുന്നില്ല. എന്നിട്ടും ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പിന് ശ്രമിക്കുകയാണ് ചെയ്തത്,’ സുപ്രീം കോടതി വ്യക്തമാക്കി.

Contenthighlight: Eknath shinde should resign now: Uddhav thackeray

We use cookies to give you the best possible experience. Learn more