| Saturday, 30th November 2024, 9:32 am

മുഖ്യമന്ത്രി പദം വിട്ടുനല്‍കാന്‍ തയ്യാർ, എന്നാല്‍ ശിവസേന മുന്നോട്ടുവയ്ക്കുന്നത് വന്‍ ഡിമാന്‍ഡുകൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: റെക്കോര്‍ഡ് വിജയം നേടിയ മഹാരാഷ്ട്രയില്‍ ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാതെ ബി.ജെ.പി നേതൃത്വം. സഖ്യകക്ഷികളായ ശിവസേന , ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ നിലവിൽ മുഖ്യമന്ത്രി പദം വിട്ട് നൽകാൻ ഏക്‌നാഥ് ഷിന്‍ഡെ തയ്യാറായെങ്കിലും ആവശ്യപ്പെടുന്നത് വൻ ഡിമാന്റുകളാണ്.

ആഭ്യന്തര വകുപ്പ് അടക്കം ചോദിച്ച് കാര്യങ്ങള്‍ തന്‍റെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് ഏക്‌നാഥ് ഷിന്‍ഡ. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ നിന്ന് ബോധപൂര്‍വം മുഖം തിരിക്കുകയാണ് ശിവസേന.

ബ്രാഹ്മണനായ ഫഡ്‌നാവിസിനോട് മറാത്താ സമുദായത്തിന് എതിർപ്പുണ്ടെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയാൽ അത് മറാത്താ സമുദായത്തെ വീണ്ടും അസ്വസ്ഥരാക്കുമെന്നും ഷിൻഡെ അവകാശപ്പെട്ടിരുന്നു.

288ല്‍ 132ഉം നേടി മഹാരാഷ്ട്രയില്‍ കരുത്ത് തെളിയിച്ചിരിക്കുകയാണ് ബി.ജെ.പി. എങ്കിലും ദേവേന്ദ്ര ഫഡ്‍നാവിസിനെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭാ രൂപീകരണം വളരെ എളുപ്പത്തിലാകുമെന്ന് കരുതിയ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായിരിക്കുകയാണിവിടെ.

ഏക്‌നാഥ് ഷിന്‍ഡെ പറയുന്നിടത്ത് നില്‍ക്കുകയാണ് ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം. വന്‍ ഡിമാന്‍ഡുകളാണ് ശിവസേന മുന്നോട്ടുവയ്ക്കുന്നത്. ആഭ്യന്തരവും നഗരവികസനവും ഉള്‍പ്പടെ 12 വകുപ്പുകള്‍ വേണം എന്നാണ് ശിവസേനയുടെ ആവശ്യം.

ദൽഹിയില്‍ അമിത് ഷായെ കണ്ടശേഷം മുംബൈയിലെത്തിയ ഷിന്‍ഡെ തുടര്‍ ചര്‍ച്ചകളുടെ ഭാഗമാകാതെ തന്‍റെ ജന്മനാടായ സത്താറയിലേക്കാണ് പോയത്. ഉപമുഖ്യമന്ത്രിപദം സ്വീകരിക്കാതെ സര്‍ക്കാരിനെ പുറത്ത് നിന്ന് നിയന്ത്രിക്കുന്ന ശക്തിയായി മാറുകയാണ് ഷിന്‍ഡെയുടെ ലക്ഷ്യമെന്ന് കരുതുന്നവരുണ്ട്.

എന്നാല്‍ വോട്ട് അട്ടിമറിയും ഇ.വി.എമ്മും അടക്കമുള്ള ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബി.ജെ.പിയുടെ അടവാണ് ഇപ്പോഴത്തെ പ്രതിസന്ധി നാടകമെന്ന് പ്രതിപക്ഷം കരുതുന്നു.

Content Highlight: Eknath Shinde plays hardball with BJP, not keen on Devendra Fadnavis being CM

We use cookies to give you the best possible experience. Learn more