മുംബൈ: ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കില്‍ തന്നെ ജയിലിലടക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞിരുന്നുവെന്ന് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ- യു.ബി.ടി) എം.എല്‍.എയും മുന്‍ മന്ത്രിയുമായ ആദിത്യ താക്കറെ.
‘ഷിന്‍ഡേ ഞങ്ങളുടെ വീട്ടില്‍ വന്നിരുന്നു. ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കില്‍ എന്നെ ജയിലിലടക്കുമെന്ന് അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു,’ ആദിത്യ താക്കറെ സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഷിന്‍ഡെയും 40 എം.എല്‍.എമാരും യഥാര്‍ത്ഥ ശിവസേനയില്‍ നിന്ന് രാജിവെച്ചത് അവരുടെ സീറ്റും പണവും രക്ഷിക്കാന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മറിച്ച് അവര്‍ രാജിവെക്കാന്‍ മറ്റൊരു കാരണമൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഏജന്‍സികളുടെ റഡാറിലായിരുന്നു ഷിന്‍ഡെയെന്ന് ശിവസേന യു.ബി.ടി വിഭാഗം നേതാവ് സഞ്ജയ് റാവത്തും പറഞ്ഞു. നിരവധി ശിവസേന പ്രവര്‍ത്തകരെ ഏജന്‍സികളെ ഉപയോഗിച്ച് തങ്ങളുടെ വിമതരാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
‘ഞങ്ങള്‍ അവരോട് സംസാരിച്ചു. അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. പക്ഷേ അവര്‍ കേട്ടില്ല. അവര്‍ ബി.ജെ.പിയുടെ സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്‍.സി.പി എം.എല്‍.എമാരോടും ഇതേ രീതിയാണ് ബി.ജെ.പി കാണിക്കുന്നത്,’ റാവത്ത് പറഞ്ഞു.
നേരത്തേ എന്‍.സി.പിയുടെ പ്രതിപക്ഷ നേതാവ് അജിത് പവാര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ പവാര്‍ തന്നെ ആരോപണങ്ങള്‍ തള്ളിക്കളയുകയായിരുന്നു.
ഡെപ്യൂട്ടി ലീഡര്‍ സുഷമ അന്ദാരെ സി.ബി.ഐ, ഇ.ഡി, ഐ.ടി.ഡി എന്നീ ഏജന്‍സികള്‍ ഉപയോഗിച്ച് ബി.ജെ.പി മഹാ വികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കുകയായിരുന്നുവെന്നും ഡെപ്യൂട്ടി ലീഡര്‍ സുഷമ അന്ദാരെയും ആരോപിച്ചു.