ആവശ്യമെങ്കില്‍ ശരദ് പവാറിന്റെ സുരക്ഷ വര്‍ധിപ്പിക്കും; ഭീഷണി സന്ദേശത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഷിന്‍ഡെ
national news
ആവശ്യമെങ്കില്‍ ശരദ് പവാറിന്റെ സുരക്ഷ വര്‍ധിപ്പിക്കും; ഭീഷണി സന്ദേശത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഷിന്‍ഡെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th June 2023, 6:56 pm

മുംബൈ: എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെതിരായ ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ട് മഹാരാഷട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. ശരദ് പവാറിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ശരദ് പവാറിന്റെ കുടുംബം വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഷിന്‍ഡേയുടെ നടപടി. ശരദ് പവാറിന് ഡോ. നരേന്ദ്ര ദാഭോല്‍ക്കറിന്റെ വിധി തന്നെ വരുമെന്ന് ട്വിറ്റര്‍ വഴി ഭീഷണി സന്ദേശം ലഭിച്ചതായി മകള്‍ സുപ്രിയ പരാതി നല്‍കിയിരുന്നു.

‘പൊലീസ് ഉദ്യോഗസ്ഥരുമായി ഞാന്‍ സംസാരിച്ചിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പവാര്‍ മുതിര്‍ന്ന നേതാവാണ്, എല്ലാവരും അദ്ദേഹത്തെ ബഹുമാനിക്കുന്നുമുണ്ട്. ആവശ്യമെങ്കില്‍ അദ്ദേഹത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കും,’ ഷിന്‍ഡെ പറഞ്ഞു.

ചിലര്‍ മനപൂര്‍വ്വം സംസ്ഥാനത്തെ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നതായും ഷിന്‍ഡെ പറഞ്ഞു.

‘ശിവസേനയുടെ പിളര്‍പ്പുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് വന്നത് മുതല്‍ ചിലര്‍ അസ്വസ്ഥരാണ്. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഔറംഗസേബിനെയും ടിപ്പു സുല്‍ത്താനെയും പ്രകീര്‍ത്തിച്ച് ചിലര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നു. ഇതിനെ വിജയിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. സംസ്ഥാനത്ത് ക്രമസമാധാനപാലനം ഉറപ്പുവരുത്തും,’ അദ്ദേഹം പറഞ്ഞു.

തനിക്കെതിരായ ഭീഷണികളില്‍ ആശങ്കയില്ലെന്നും സംസ്ഥാനത്ത് ക്രമസമാധാന പാലന ചുമതലയുള്ളവര്‍ക്ക് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാകില്ലെന്നും ശരദ് പവാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി എം.പിയും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ മുംബൈ പൊലീസ് കമ്മീഷണര്‍ വിവേക് ഫാന്‍സല്‍ക്കര്‍ക്ക് പരാതി നല്‍കിയിരുന്നു. ആഭ്യന്തര മന്ത്രാലയം വിഷയത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രിയ പറഞ്ഞു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ സംസ്ഥാനവും ആഭ്യന്തരമന്ത്രാലവുമാണ് ഉത്തവാദികളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്കും ഭീഷണി സന്ദേശങ്ങള്‍ വരുന്നതായി ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ സഹോദരന്‍ സുനില്‍ റാവത്ത് പറഞ്ഞു. വ്യാഴാഴ്ച മൂന്ന് തവണ ഭീഷണി സന്ദേശങ്ങള്‍ വന്നതായും അദ്ദേഹം പറഞ്ഞു.

‘ എന്നെയും സഞ്ജയെയും കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ ഞങ്ങളെ വെടിവെക്കുമെന്ന് അവര്‍ പറഞ്ഞു,’ സുനില്‍ റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Eknath shinde announce investigation on threat message to sharad pawar