| Wednesday, 21st October 2020, 2:41 pm

മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുതിര്‍ന്ന നേതാവ് ഏക്നാഥ് ഗഡ്‌സെ പാര്‍ട്ടി വിട്ടു; ഇനി എന്‍.സി.പിക്കൊപ്പം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ പാര്‍ട്ടി വിട്ടു. ഖഡ്‌സെ എന്‍.സി.പിയില്‍ ചേരുമന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ അറിയിച്ചു.

‘ 35 വര്‍ഷത്തെ സേവനം മതിയാക്കി അദ്ദേഹം ബി.ജെ.പി വിട്ടു. വെള്ളിയാഴ്ച വൈകീട്ടോടെ അദ്ദേഹം എന്‍.സി.പിയില്‍ ചേരും’ , പാട്ടീല്‍ പറഞ്ഞു.

ബി.ജെ.പിയിലെ മറ്റ് ചില നേതാക്കളും വിവിധ തലങ്ങളിലുള്ള നിരവധി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും വൈകാതെ തന്നെ ഖഡ്‌സെയുടെ മാതൃക സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട ചില നിയമസഭാ സാമാജികരും ബി.ജെ.പി വിട്ടേക്കാമെന്നും പാട്ടീല്‍ പറഞ്ഞു.

എന്‍.സി.പി പ്രസിഡന്റ് ശരദ് പവാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ ഖഡ്‌സെ സാഹിബ് സന്നദ്ധത പ്രകടിപ്പിച്ചു. ബി.ജെ.പിയില്‍ വലിയ അനീതി നേരിടേണ്ടി വന്നിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ള നേതാക്കള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്‍.സി.പിയില്‍ പ്രവേശിക്കും’, പാട്ടീല്‍ പറഞ്ഞു.

ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ചതായി ഖഡ്‌സെ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഖഡ്‌സെയുടെ രാജി കത്ത് ഇതുവരെ പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു സംസ്ഥാന ബി.ജെ.പി വക്താവ് കേശവ് ഉപാധ്യേയ പറഞ്ഞത്.

അതിനിടെ ഖഡ്‌സെയുടെ രാജിയുമായി ബന്ധപ്പെട്ട വാര്‍ത്തകളോടൊന്നും പ്രതികരിക്കാനില്ലെന്നായിരുന്നു ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചത്.

2016 ല്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെയാണ് അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഖഡ്‌സെ രാജിവെക്കുന്നത്. അന്ന് മുതല്‍ അദ്ദേഹം പാര്‍ട്ടിയുമായി അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ കെട്ടിപ്പടുക്കുന്നതില്‍ ഏക്‌നാഥ് ഖഡ്‌സെ നിര്‍ണായക പങ്ക് വഹിച്ചിരുന്നുവെന്ന് ശരദ് പവാര്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. അദ്ദേഹം തങ്ങളെ വിമര്‍ശിക്കാറുണ്ടായിരുന്നെന്നും ആ വിമര്‍ശനങ്ങളെയെല്ലാം തങ്ങള്‍ മുഖവിലക്കെടുക്കാറുണ്ടെന്നുമായിരുന്നു പവാര്‍ പറഞ്ഞത്.

അദ്ദേഹത്തിന്റെ സംഭാവനകളും കഠിനാധ്വാനവും ബി.ജെ.പി ശ്രദ്ധിക്കാതെ പോയതില്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. അതുകൊണ്ട് കൂടിയാണ് തന്റെ പ്രവര്‍ത്തനത്തെ വിലമതിക്കുന്ന ഒരു പാര്‍ട്ടിയിലേക്ക് മാറാമെന്ന് അദ്ദേഹം ചിന്തിച്ചതും’, ശരദ് പവാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Eknath Khadse quits BJP to join NCP

We use cookies to give you the best possible experience. Learn more