എക്‌നാഥ് ഖഡ്‌സേയുടെ വിട്ടുനില്‍ക്കല്‍; മഹാരാഷ്ട്ര ബി.ജെ.പി ക്യാമ്പില്‍ ആശങ്ക, കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് പ്രതീക്ഷ
national news
എക്‌നാഥ് ഖഡ്‌സേയുടെ വിട്ടുനില്‍ക്കല്‍; മഹാരാഷ്ട്ര ബി.ജെ.പി ക്യാമ്പില്‍ ആശങ്ക, കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന് പ്രതീക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th October 2019, 12:01 pm

മുതിര്‍ന്ന ബി.ജെ.പി നേതാവ് ഏക്‌നാഥ് ഗഡ്‌സേക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ ആരംഭിച്ച പ്രതിഷേധം മഹാരാഷ്ട്ര ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്ന തരത്തിലേക്ക് വളരുന്നു. ഖഡ്‌സേയ്ക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെ ലവ പാട്ടീല്‍ സമുദായം ഇക്കുറി ബി.ജെ.പിക്ക് വോട്ട് നല്‍കുന്നതിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതിന് പിന്നാലെ ഖഡ്‌സേയുടെ തട്ടകമായ ജല്‍ഗോണില്‍ പ്രധാനമന്ത്രി പങ്കെടുത്ത ബി.ജെ.പി പൊതുയോഗത്തില്‍ ഈ മുതിര്‍ന്ന നേതാവ് പങ്കെടുത്തില്ല. ഇതോടെ സംസ്ഥാനത്ത് ഖഡ്‌സേ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

പൊതുയോഗത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഓരോ മുതിര്‍ന്ന നേതാക്കളുടെയും പേര് എടുത്ത് പറഞ്ഞപ്പോള്‍ ഗഡ്‌സേയുടെ പേര് വിട്ടുകളഞ്ഞിരുന്നു. ഫഡ് നാവിസുമായുള്ള തര്‍ക്കമാണ് ഖഡ്‌സേ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാതിരിക്കാനുള്ള കാരണം എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തന്റെ സമുദായമായ ലവ പാട്ടീല്‍ സമുദായം ഇക്കുറി ബി.ജെ.പിക്ക് വോട്ട് ചെയ്‌തേക്കില്ലെന്ന് ഖഡ്‌സേ പറഞ്ഞു. ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് എന്റെ സമുദായ നേതാക്കള്‍ 25 നിയമസഭ മണ്ഡലങ്ങളിലെ സമുദായ അണികളോട് പറഞ്ഞു കഴിഞ്ഞു. അതിനുള്ള കാരണം അവര്‍ കരുതുന്നത് എന്നോട് പാര്‍ട്ടി ചെയ്തത് അനീതിയാണെന്നാണ്. ബി.ജെ.പിക്ക് തന്നെ വോട്ട് ചെയ്യണമെന്ന് ഞാന്‍ പറയാന്‍ ശ്രമിക്കും. എന്നാല്‍ അതത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. എനിക്കറിയില്ല അവര്‍ എന്താണ് ചെയ്യുകയെന്നും ഖഡ്‌സേ പറഞ്ഞു.

പിന്നോക്ക സമുദായ ലവ പാട്ടീല്‍ സമുദായത്തിന്റെ എതിര്‍പ്പ് ബി.ജെ.പിയെ ഭയപ്പെടുത്തുന്നുണ്ട്. അതിലാണ് കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന്റെ പ്രതീക്ഷയും.