മുംബൈ: മഹാരാഷ്ട്രയില്‍ തന്നെ ബി.ജെ.പി പല ഘട്ടങ്ങളിലും മാറ്റിനിര്‍ത്തുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. എം.എല്‍.സി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്നും ഖഡ്‌സെയെ മാറ്റിയതുമുതല്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്കെതിരെ പരസ്യമായി ഖഡ്‌സെ ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്.
ഖഡ്‌സെ കോണ്‍ഗ്രസിലേക്ക് ചുവട് മാറുമോ എന്ന ചര്‍ച്ചകള്‍ സജീവമാകുന്ന സമയത്താണ് ഇതെന്നതും ശ്രദ്ധേയമാണ്. തന്റെ രാഷ്ട്രീയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് കോവിഡ് പ്രതിസന്ധിക്ക് ശേഷം അറിയിക്കുമെന്ന് ഖഡ്‌സെ പറഞ്ഞത് കോണ്‍ഗ്രസ് പാളയത്തിലേക്ക് എന്ന സൂചനകള്‍ നല്‍കുന്നുണ്ട്.
40 വര്‍ഷം പാര്‍ട്ടിയില്‍ സേവനമനുഷ്ടിച്ച എന്നെപ്പോലെയുള്ളവര്‍ക്കെതിരെ നടക്കുന്ന ഗൂഡാലോചനയാണ് ഇതെന്നായിരുന്നു സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്നും പുറത്തായതിന് പിന്നാലെ ഖഡ്‌സെ പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ വിയോജിപ്പുള്ള നാലഞ്ച് നേതാക്കളും പാര്‍ട്ടിയില്‍ ഇപ്പോഴുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ഒഴിവാക്കുന്നത് എന്തിനാണെന്ന് അറിയാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെയും ചന്ദ്രകാന്ത് പാട്ടീലിനെയും ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബി.ജെ.പി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഖഡ്‌സെ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് 2016ല്‍ രാജിവെക്കുകയായിരുന്നു. ഖഡ്‌സെയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസിലേക്ക് വരാമെന്ന് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ബാലാ സാഹേബ് തോറാത്ത് പറഞ്ഞിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.