ധനം കൈയിലില്ലാത്ത ധനരാജും, വേട്ടക്കാരനായ ഗുരുവയും... ആന്തോളജി സീരീസുകളുടെ ലിസ്റ്റിലേക്ക് ഇനി ഏകവും
Entertainment
ധനം കൈയിലില്ലാത്ത ധനരാജും, വേട്ടക്കാരനായ ഗുരുവയും... ആന്തോളജി സീരീസുകളുടെ ലിസ്റ്റിലേക്ക് ഇനി ഏകവും
അമര്‍നാഥ് എം.
Wednesday, 24th July 2024, 5:11 pm

കന്നഡ സിനിമയില്‍ മാറ്റത്തിന് വഴി തെളിയിച്ച ഷെട്ടി ഗ്യാങ്ങിന്റെ ഏറ്റവും പുതിയ സൃഷ്ടിയാണ് ഏകം എന്ന ആന്തോളജി സീരീസ്. രക്ഷിത് ഷെട്ടിയുടെ പരംവാഹ് സ്റ്റുഡിയോസാണ് ഏകം നിര്‍മിച്ചിരിക്കുന്നത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളൊന്നും ഏറ്റെടുക്കാത്തതുകണ്ട് സ്വന്തം വെബ്‌സൈറ്റിലാണ് ഏകം റിലീസായിരിക്കുന്നത്. എട്ട് എപ്പിസോഡുകളാണ് ആദ്യ സീസണിലുള്ളത്.

വ്യത്യസ്തമായ എട്ട് കഥകളാണ് ഓരോ എപ്പിസോഡും. എന്നാല്‍ ഓരോ എപ്പിസോഡും പ്രേക്ഷകനെ കഥയിലേക്ക് കണക്ട് ചെയ്യിക്കുന്ന തരത്തിലാണ് എടുത്തിരിക്കുന്നത്. മനുഷ്യന്റെ പല അവസ്ഥകളും എട്ട് കഥകളിലായി പറഞ്ഞു വെക്കുന്നുണ്ട്. പ്രണയം, ഭയം, പ്രതീക്ഷ, ആകാംക്ഷ എന്നിങ്ങനെ പല തരത്തിലുള്ള വികാരങ്ങള്‍ സീരീസ് പറഞ്ഞു പോകുന്നുണ്ട്. എട്ടാമത്തെ എപ്പിസോഡായ ‘അസ്മിതെ’ (ഐഡന്റിറ്റി) മലയാളത്തിലാണുള്ളത്.

ഡാര്‍ക്ക് ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ദൊമ്പരത എന്ന എപ്പിസോഡില്‍ നായകനായി വന്നത് നടനും സംവിധായകനുമായ രാജ്.ബി. ഷെട്ടിയാണ്. കൈയില്‍ പൈസയില്ലാത്ത ധനരാജ് എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയില്‍ രാജ്.ബി. ഷെട്ടി അവതരിപ്പിച്ചിട്ടുണ്ട്. ഹ്യൂമറിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നതെങ്കിലും ധനരാജ് എന്ന കഥാപാത്രം നമ്മുടെ മനസില്‍ പതിയുമെന്ന കാര്യത്തില്‍ സംശയമില്ല.

ഗുരുവ എന്ന വേട്ടക്കാരന്റെ കഥ പറയുന്ന ശൂന്യ എന്ന എപ്പിസോഡും മികച്ചതായിരുന്നു. കാടിന്റെ വന്യത നല്ല രീതിയില്‍ ചിത്രീകരിച്ച എപ്പിസോഡിന്റെ ഏറ്റവും വലിയ ആകര്‍ഷണം ഇതിന്റെ സൗണ്ട് ഡിസൈനാണ്. കാടിന്റെ സംഗീതം ശൂന്യക്ക് കൂടുതല്‍ മികവ് നല്‍കുന്നുണ്ട്. ഗുരുവയായി അഭിനയിച്ച ബസുമാ കൊഗഡുവിന്റെ പ്രകടനം ഗംഭീരമെന്നല്ലാതെ മറ്റൊന്നും പറയാനില്ല.

പ്രകാശ് രാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൂര്‍വാചാരയും, മികച്ചതായിരുന്നു. ഒരു സ്‌കൂള്‍ കുട്ടിയുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങള്‍ പറയുന്ന ഭ്രാന്തി (ഡെല്യൂഷന്‍), മലയാളത്തില്‍ കഥ പറഞ്ഞ അസ്മിതെ എന്നീ കഥകളുടെ അവതരണവും മികച്ചതായിരുന്നു. ഇന്റര്‍നാഷണല്‍ അപ്പീലുള്ള കഥകളാണ് സീരീസിലുള്ളത്. ആന്തോളജി സീരീസുകളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നിര്‍ത്താന്‍ പറ്റുന്ന ഒന്ന് തന്നെയാണ് ഏകം.

Content Highlight: Ekam series review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം