കോഴിക്കോട് : നാദാപുരം പാറക്കടവ് ദാറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയത്തിലെ നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നിശിത വിമര്‍ശനവുമായി ഇ.കെ സുന്നി വിഭാഗം. ഇത് സംബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇ.കെ വിഭാഗം സ്‌കൂള്‍ മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തുന്നത്.
“കുട്ടിയെ ദേഹ പരിശോധന നടത്തി ബോധ്യപ്പെട്ടപ്പോള്‍ പരാതിയുമായി സ്‌കോള്‍ മനേജ്‌മെന്റിനെ സമീപിച്ച രക്ഷിതാക്കളെ അപഹസിക്കാനും സംഭവം തന്നെ നിഷേധിക്കാനുമാണ് മാനേജ്‌മെന്റ് സെക്രട്ടറിയും കാന്തപുരം സുന്നിയുടെ സംസ്ഥാന സെക്രട്ടറിയുമായ പേരോട് അബ്ദുറഹ്മാന്‍ സഖാഫി ആദ്യം തയ്യാറായത്.” ഇ.കെ സുന്നി വിഭാഗം ആരോപിക്കുന്നു.
സംഭവം നിഷേധിച്ച മാനേജ്‌മെന്റ് പിന്നീട് ലൈംഗിക പീഡനം നടന്നതായി സമ്മതിച്ചു. എന്നാല്‍ കുറ്റം ബസ് ക്ലീനറുടെ മേല്‍ കെട്ടിവെയ്ക്കാനാണ് ശ്രമിച്ചതെന്നും ഇ.കെ വിഭാഗം ചൂണ്ടിക്കാട്ടുന്നു.
പ്രതികളെ രക്ഷപ്പെടുത്താനും കേസ് അട്ടിമറിക്കാനും സര്‍ക്കാറിന്റെ ഉന്നത തലങ്ങളില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. അതിനാല്‍ ജുഡീഷ്യല്‍ അന്വേഷണത്തിനോ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനെയോ കേസ് ഏല്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സംഭവത്തിന് സൗകര്യം ചെയ്തുകൊടുത്ത മാനേജ്‌മെന്റും അങ്ങേയറ്റം പാപമായ കുറ്റം മറച്ചുവെച്ച് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അധ്യാപകരും കുറ്റക്കാര്‍ തന്നെയാണ്. കേസിന്റെ തുടക്കത്തിലെ പോലീസും മാനേജ്‌മെന്റും നടത്തുന്ന ഒത്തുകളിയും ഉന്നതനായ ഒരു മന്ത്രിയുടെ ഇടപെടലും വ്യക്തമായതാണ്.
സര്‍ക്കാര്‍ സ്വാധീനമുള്ളതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പോലും കുറ്റമറ്റതാവില്ല. സംഭവത്തിന്റെ പിന്നാമ്പുറങ്ങള്‍ മുഴുവന്‍ പുറത്തുവരാന്‍ ജുഡിഷ്വറിയുടെ ഇടപെടല്‍ ആവശ്യമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.