[]കോഴിക്കോട്: കാരന്തൂര്‍ സുന്നി മര്‍ക്കസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലോകോളേജ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ബാബു മാത്യു പി. തോമസ് പിന്മാറണമെന്ന് സമസ്ത ഇ.കെ വിഭാഗം സുന്നി നേതാക്കള്‍ ആവശ്യപ്പെട്ടു. തിരുകേശവിവാദവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ എ.പി വിഭാഗം നടത്തുന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്നത് അനുചിതമാണെന്നും പിന്മാറണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ക്ക് അറബ് നാട്ടില്‍ നിന്ന് ലഭിച്ചതായി പറയുന്ന പ്രവാചകകേശം മുംബൈയില്‍ നിന്ന് യു.എ.ഇയിലേക്ക് കൊണ്ടുപോയതാണെന്ന് വ്യക്തമാകുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സുന്നി നേതാക്കള്‍ അറിയിച്ചു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
കാന്തപുരം നേരത്തെ പ്രവാചകകേശമെന്നവകാശപ്പെട്ട് മുംബൈയിലെ കച്ചവടക്കാരന്‍ ഇഖ്ബാല്‍ ജാലിയാവാലയുടെ കൈയില്‍ നിന്ന് വാങ്ങിയതാണെന്ന് വ്യക്തമാക്കിയപ്പോള്‍ യു.എ.ഇ പൗരന്‍ അഹ്മദ്ഖസ്‌റജിക്ക് പരസ്യമായി ലഭിച്ച കേശവും കൈവശമുണ്ടെന്ന് കാന്തപുരം വിഭാഗം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഖസ്‌റജിക്ക് മുംബൈ വ്യാപാരിയുടെ മകന്‍ ഇംറാല്‍ ജാലിയാവാല 2007ല്‍ കേശക്കെട്ട് കൈമാറുന്നതെന്ന് പറയുന്ന പടം സുന്നി നേതാക്കള്‍ പുറത്തുവിട്ടു. മുടി സംഘടിപ്പിക്കുന്ന കാലത്ത് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഭൂരിഭാഗം പേരും സത്യം തിരിച്ചറിഞ്ഞ് എ.പി വിഭാഗത്തില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. ഇവരില്‍ നിന്നാണ് പടം പുറത്തായതെന്നും നേതാക്കള്‍ അറിയിച്ചു.
ഹമീദ്‌ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി അമ്പലക്കടവ്, മുസ്തഫ മാസറ്റര്‍, മുണ്ടുപാറ, ജിഷാന്‍ മാഹി, മുഹമ്മദ് രാമന്തളി, അന്‍സാര്‍ മാസ്റ്റര്‍ പയ്യോളി, മലയമ്മ മുഹമ്മദ് സഖാഫി, സത്താര്‍ പന്താവൂര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.