| Monday, 6th July 2015, 3:41 pm

ട്രാന്‍സ് ജന്റേഴ്‌സിനെ പിന്തുണച്ച് ഇ.കെ വിഭാഗം സുന്നികളുടെ മാസിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലൈംഗിക ന്യൂനപക്ഷങ്ങളില്‍ പ്രധാനപ്പെട്ട വിഭാഗമായ ട്രാന്‍സ് ജെന്റേഴ്‌സിനെ പിന്തുണച്ചുകൊണ്ട് ഇ.കെ. സുന്നി വിഭാഗത്തിന്റെ കീഴിലുള്ള ഇസ്‌ലാമിക മാസിക. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ മുഖമാസികയായ “തെളിച്ച”മാണ് ട്രാന്‍സ്‌ജെന്റേഴ്‌സ് അനുഭവിക്കുന്ന പ്രശ്‌നങ്ങളെ ഇസ്‌ലാമിക പരിസരത്ത് നിന്ന് നോക്കിക്കണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലേഖനങ്ങളെല്ലാം വ്യത്യസ്ത വായനയിലൂടെയാണെങ്കിലും “മൂന്നാം ലിംഗക്കാരെ” പിന്തുണയ്ക്കുന്നതും അവരോട് അനുതാപപരമായ സമീപനം സ്വീകരിക്കുന്നതുമാണ്.

“ഭിന്നലൈംഗികത: ഇസ്‌ലാം/മുസ്‌ലീം അനുഭവങ്ങള്‍ നിലപാടുകള്‍” എന്ന കവര്‍‌സ്റ്റോറിയുമായാണ് മാസിക പുറത്തിരിങ്ങിയിരിക്കുന്നത്. മാസിക ഈ വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഏത് നിലപാടായിരിക്കും ഈ.കെ സുന്നി വിഭാഗം ലൈംഗിക ന്യൂനപക്ഷങ്ങളോട് സ്വീകരിക്കുക എന്ന ആശങ്കയും പരന്നിരുന്നു.

വിഷയത്തോട് വിമര്‍ശനപരമെങ്കിലും അനുകൂലമായ നിലപാടാണ് മാസിക മൊത്തത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ലൈംഗിക ന്യൂനപക്ഷ വിഷയവുമായി ബന്ധപ്പെട്ട് മൂന്ന് ലേഖനങ്ങളാണ് മാസികയിലുള്ളത്. സവാദ് റഹ്മാന്റെ “പൂക്കാമരങ്ങള്‍ക്കും വെള്ളം നല്‍കുന്ന പ്രാണനായകനെ കാണാന്‍…”, ശമീര്‍ കെ.എസിന്റെ “മൂന്നാം ലിംഗവും അറബ് വംശവും: മറുവായനയുടെ സാധ്യതകള്‍”, ജഅ്ഫര്‍ ഹുദവി കൊളത്തൂരിന്റെ “മൂന്നാം ലിംഗപദവിയും കര്‍മശാസ്ത്ര വിശകലനവും” എന്നിവയാണ് പ്രസ്തുത ലേഖനങ്ങള്‍.

ഈ മൂന്ന് ലേഖനങ്ങളിലും ട്രാന്‍സ്‌ജെന്റേഴ്‌സിനെ അനുകൂലിച്ചും അവരുടെ അവകാശങ്ങളെ മുന്‍നിര്‍ത്തിയുമാണ് നിലപാട് സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിന്റെ ഇസ്‌ലാമിക ചരിത്രം/പശ്ചാത്തലം എന്നിവയിലൂന്നിയാണ് വിശദീകരണങ്ങള്‍.

ഹിജഡകളുടെ ജീവിതത്തെയാണ് സവാദ് റഹ്മാന്‍ തന്റെ ലേഖനത്തില്‍ അനാവരണം ചെയ്യുന്നത്. ഇന്ത്യയുടെ മദ്ധ്യകാലത്ത് ഹിജഡകളെ മുസ്‌ലീം രാജാക്കന്മാര്‍ ബഹുമാനിക്കുകയും സ്ഥാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു എന്ന് ലേഖനം വിവരിക്കുന്നു. ചരിത്രപരവും അനുഭവപരവുമാണ് ലേഖനം. സവാദിന്റെ ലേഖനത്തില്‍ ഒരു ഹിജഡ വിവരിക്കുന്നതിങ്ങനെ:

“ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തുവന്ന ശേഷം ഖബറിലെത്തും മുമ്പ് ആട്ടിപ്പായിക്കപ്പെടാത്ത ഒരു സ്ഥലം ഉണ്ടാവുക എന്നത് ഏതൊരു മനുഷ്യന്റെയും ഏറ്റവും വലിയ സ്വപ്നമാണ്. നിസ്സാമുദ്ദീന്‍ ഔലിയയുടെ സവിധത്തിലോ ജുമാ മസിജിദിന്റെ പടിക്കലോ അല്ലാതെ വേറെ അധികം സ്ഥലങ്ങളിലേയ്ക്ക് ആക്ഷേപം കേള്‍ക്കാതെ ഞങ്ങള്‍ക്ക് കയറിപ്പോകാന്‍ വയ്യ.”

“ഖുന്‍സകള്‍ എന്നറിയപ്പെടുന്ന ഭിന്നലിംഗവിഭാഗങ്ങളുടെ സാമൂഹിക ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുമണ്ഡലത്തില്‍ ഇപ്പോള്‍ സജീവമാകാന്‍ തുടങ്ങിയിരിക്കുന്നുവെന്നത് പരശ്ശതം വര്‍ഷങ്ങള്‍ക്കു മുമ്പേ ഇസ്‌ലാം ചിട്ടപ്പെടുത്തിയെടുത്ത ഖുന്‍സകളെ കുറിച്ചുള്ള സാമൂഹിക വീക്ഷണങ്ങള്‍ക്കുള്ള അംഗീകാര പത്രമാണ്” എന്ന അവകാശമുന്നയിച്ചുകൊണ്ടാണ് ജഅ്ഫറിന്റെ ലേഖനം ആരംഭിക്കുന്നത്. ഇസ്‌ലാം കര്‍മശാസ്ത്രത്തില്‍ (ഫിക്ഹ്) ഏതു ഏതുരീതിയിലാണ് ട്രാന്‍സ്‌ജെന്റേഴ്‌സിനെ അഭിസംബോധന ചെയ്യുന്നത് എന്നാണ് ലേഖനം പരിശോധിക്കുന്നത്.

“ഖുന്‍സ എന്ന ഒരു സ്വത്വത്തോട് വിചാരപൂര്‍വം പ്രതികരിച്ച ആദ്യമതമാണ് ഇസ്‌ലാം. ഇസ്‌ലാമേതര മതങ്ങളിലും മറ്റ് മനുഷ്യനിര്‍മിത പ്രത്യയങ്ങളിലുമുള്ള ഭിന്ന ലിംഗ ചിന്തകള്‍ തീര്‍ത്തും ശൂന്യമാണ്. ഭിന്നലിംഗക്കാര്‍ പിശാചിന്റെ പ്രതിപുരുഷരും സത്വജന്മങ്ങളുമായി കരുതപ്പെട്ടിരുന്ന കാലത്ത്, അവരും മനുഷ്യ വഭാഗത്തിലെ സ്ത്രീപുരുഷ ലിംഗവൃത്തത്തിന്റെ പരിധിയില്‍ വരുന്നവരാണെന്ന് പറഞ്ഞ ഇസ്‌ലാം വൈയക്തികവും സാമൂഹ്യവുമായ അവരുടെ ചലനനിശ്ചലനങ്ങള്‍ക്ക് വ്യക്തമായ നിയമവഴികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.” എന്നും ലേഖനം വിശദമാക്കുന്നു.

ഖുന്‍സയെ ഖുന്‍സയായി പരിഗണിച്ചുള്ള ഖുര്‍ആനില്‍ നിന്നുള്ള  നിയമങ്ങള്‍ ലേഖനം മുന്നോട്ട് വെയ്ക്കുന്നുണ്ട്. പുരുഷന്മാര്‍ക്കുവേണ്ടി ഇമാമത്ത് നില്‍ക്കല്‍, ജുമുഅ നിസ്‌കാരം, ഖുതുബ നിര്‍വ്വഹണം തുടങ്ങിയവ ഖുന്‍സകളില്‍ നിന്ന് സ്വീകാര്യമല്ല.  നിസകാരത്തില്‍ സ്ത്രീകളെ പോലെ ഉറക്കെ ഓതല്‍, ഖുന്‍സകള്‍ക്ക് സുന്നത്തില്ല. ബാങ്ക്, ഇഖാമത്ത് തുടങ്ങിയവയില്‍ ശബ്ദം ഉയര്‍ത്തല്‍ അനുവദനീയമല്ല.

ഖുന്‍സ പുരുഷന്‍ ആവാന്‍ സാധ്യതയുള്ളതിനാല്‍ താടിവടിക്കല്‍ അനുവദനീയമല്ല. സ്ത്രീയാവാന്‍ സാധ്യതയുള്ളതിനാല്‍ താടിയുടെ അകം കഴുകല്‍ നിര്‍ബന്ധവുമാവും.. ഇങ്ങനെ പോകുന്ന കര്‍മ്മശാസ്ത്ര നിയമങ്ങളിലൂടെ ട്രാന്‍സ്‌ജെന്റേഴ്‌സിനെ സവിശേഷമായി ഖുര്‍ആന്‍ അടയാളപ്പെടുത്തുന്നു എന്നും ലേഖനം സമര്‍ത്ഥിക്കുന്നു.

എന്നാല്‍ അതേസമയം ട്രാന്‍സ് ജെന്റേഴ്‌സിനെ അതേ ലിംഗ വര്‍ഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല എന്നും സ്ത്രീപുരുഷ വര്‍ഗത്തിനുള്ളില്‍ ഇടം നല്‍കുകയാണ് ചെയ്യുന്നതെന്നുമാണ് ഈ ലേഖനം വ്യക്തമാക്കുന്നത്. ഖുര്‍ആനിലെ ലിംഗ സങ്കല്‍പം സ്ത്രീപുരുഷന്‍ ആണെന്നും ഇതില്‍ പെടാത്തവര്‍ക്ക് പ്രത്യേകിച്ച് ലിംഗകല്‍പന നല്‍കുന്നത് നിരര്‍ത്ഥകവുമാണ്. ഭിന്ന ലിംഗ വിഭാഗത്തെ മൂന്നാം ലിംഗമായി കരുതാതെ അവരുടെ ശാരീരിക പ്രകൃതം പരിഗണിച്ച് മുഖ്യധാരാ ലിംഗവര്‍ഗമായ സ്ത്രീയോടും പുരുഷനോടും ചേര്‍ക്കണമെന്നാണ് ഇസ്ലാമിക വീക്ഷണമെന്നും മാസിക വ്യക്തമാക്കുന്നുണ്ട്.

ലൈംഗിക ന്യൂനപക്ഷ വിഷയങ്ങളില്‍ യൂറോ കേന്ദ്രിതമായ വീക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമായ വീക്ഷണമാണ് ഇസ്‌ലാമിക ലോകത്ത് നിലനില്‍ക്കുന്നത് എന്നാണ് ശമീര്‍ കെ.എസിന്റെ ലേഖനം വിശദമാക്കുന്നത്. യൂറോ കേന്ദ്രിതമായ പാശ്ചാത്യ ലോക വീക്ഷണത്തിന്റെ കണ്ണില്‍ നിന്നും തികച്ചും വ്യത്യസ്തവും സാമ്രാജ്യവിരുദ്ധ ഉള്ളടക്കത്തെ ഉള്‍ക്കൊള്ളുന്നതുമായ ഒരു സമീപനം സൃഷ്ടിക്കുക എന്നതാണ് വെല്ലുവിളി എന്ന് പറയുന്ന പ്രസ്തുത ലേഖനം എല്‍.ജി.ബി.ടി, ക്വീര്‍ കമ്മ്യൂണിറ്റികളുടെ സൈദ്ധാന്തികരില്‍ മുഴച്ചു നില്‍ക്കുന്ന പാശ്ചാത്യ ലിബറല്‍കൊളോണിയല്‍ വ്യവഹാരങ്ങളെ ശക്തിയുക്തം വിമര്‍ശിക്കുന്നു.

ലേഖനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാവുന്നത് സവാദ് റഹ്മാന്റെ “പൂക്കാമരങ്ങള്‍ക്കും വെള്ളം നല്‍കുന്ന പ്രാണനായകനെ കാണാന്‍…” എന്ന ലേഖനമാണ്. ശക്തമായ ആഖ്യാനത്തിലൂടെ ട്രാന്‍സ്‌ജെന്റേഴ്‌സ് വിഷയത്തില്‍ പൂര്‍ണ പിന്തുണയാണ് ലേഖനം നല്‍കുന്നത്. അനുഭവകഥയിലൂടെ പത്രപ്രവര്‍ത്തകന്‍ കടന്നുപോകുന്നത് ഇസ്‌ലാമിക പശ്ചാത്തലത്തില്‍ ട്രാന്‍സ്‌ജെന്റേഴ്‌സ് അനുഭവിക്കുന്ന ജീവിതത്തിന്റെ പുനരാഖ്യാനം തന്നെയായി തീരുന്നുണ്ട്. താന്‍ കണ്ടുമുട്ടിയ ഒരു ട്രാന്‍സ്‌ജെന്ററിന്റെ അനുഭവം വിവരിച്ചുകൊണ്ട് സവാദ് ലേഖനം ഇങ്ങനെ അവസാനിപ്പിക്കുന്നു:

“വേണ്ടാ, എനിക്ക് നോമ്പാണ്” “ഓ നീയും മുസ്‌ലിമാണോ ?, എനിക്കു ഇന്ന് നോമ്പില്ല, കുറച്ച് നോമ്പുകള്‍ പിടിക്കും. വേനല്‍കാലത്ത് റമദാന്‍ വന്നാല്‍ അല്‍പ്പം പ്രയാസമാണ്. പക്ഷെ ഈ മാസം ഞാന്‍ ചീത്ത വാക്കുകള്‍ പറയില്ല. ചീത്ത ജോലിക്കു പോവുകയുമില്ല. ദൈവത്തിനറിയാം എന്തു കൊണ്ട് ഇതൊക്കെ സംഭവിച്ചുവെന്ന്, നരകത്തില്‍ അനുഭവിക്കേണ്ട കഷ്ടപ്പടുകളെല്ലാം ഞങ്ങളിവിടെ പിന്നിട്ടു കഴിഞ്ഞല്ലോ.

അതു കൊണ്ട് അല്ലാഹ് ഞങ്ങളെയും സ്വര്‍ഗ്ഗത്തിലേക്ക് കയറ്റും. അവിടെ ഹസ്‌റത്ത് റസൂല്‍ സാബ് ഇരിപ്പുണ്ടാവും, പൂക്കാത്ത മരങ്ങള്‍ക്കും വെള്ളമൊഴിക്കുന്ന ആ കൈകള്‍ കൊണ്ട് ഞങ്ങള്‍ക്കും വെള്ളം തരും. ഭാഗ്യമുണ്ടങ്കില്‍ ആ പ്രാണനായകന്‍ ഞങ്ങള്‍ക്ക് ആലിംഗനം നല്‍കും. വെറുപ്പില്ലാതെ, വേദനപ്പിക്കാതെ ലഭിക്കുന്ന ആദ്യത്തെ ആലിംഗനമായിരിക്കും അത്.”

“തലയില്‍ കൈവെച്ച് അനുഗ്രഹ വാക്കുകള്‍ പറഞ്ഞ് ദുഃആ ചെയ്യണമെന്നോര്‍മ്മിപ്പിച്ച് അവര്‍ കടന്നുപോക്കുമ്പോള്‍ ഞാന്‍ അസൂയയോടെ മനസ്സില്‍ പറഞ്ഞു. തീര്‍ച്ചയായും നിങ്ങളുടെ ഊഴം കഴിഞ്ഞുമാത്രമാവും സ്വര്‍ഗവാതില്‍ കാവല്‍ക്കാര്‍ എന്റെ പേരു വിളിക്കുക.”

ജോസഫ് മസാദ്‌


അതേസമയം മാസിക ഭിന്ന ലൈംഗികതയെ അഭിസംബോന ചെയ്യുന്നു എന്ന പറയുമ്പോഴും സ്വവര്‍ഗ്ഗ ലൈംഗികതാ വിഷയത്തോട് മൗനം അവലംബിക്കുന്നതായി കാണാം. “ലൈംഗികത ചരിത്രപരമായും സാംസ്‌കാരികമായും സവിശേഷവല്‍ക്കരിക്കപ്പെട്ട ജ്ഞാനശാസ്ത്രപരവും അസ്തിത്വവാദപരവുമായ കാറ്റഗറിയാണ്. അത് പ്രാപഞ്ചികമല്ല. പ്രാപഞ്ചികവല്‍ക്കരിക്കപ്പെടേണ്ട ആവശ്യകതയും അതിനില്ല” എന്ന ജോസഫ് മസാദിന്റെ വീക്ഷണത്തെ കൂട്ടുപിടിച്ചുകൊണ്ടാണ് ശമീറിന്റെ ലേഖനം ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത്. സ്വവര്‍ഗ്ഗ ലൈംഗികത, എതിര്‍വര്‍ഗ്ഗ ലൈംഗികത, ഉഭയലൈംഗികത എന്നിവ സവിശേഷമാണെന്നും ഓരോ സംസ്‌കാരത്തിന്റെയും സവിശേഷ പ്രകാശനമാണെന്നും അതിനാല്‍ പ്രപഞ്ചവല്‍ക്കരണം ശരിയല്ല എന്ന നിലപാടിലാണ് അത് ഊന്നുന്നത്.

ഇത്തരം ലൈംഗികത നിഷ്പത്തികള്‍ യൂറോപ്പിന്റെയും അമേരിക്കന്‍ ഐക്യനാടുകളുടെയും സവിശേഷതകളാണെന്ന് പറയുമ്പോഴും പ്രസ്തുത നിഷ്പത്തികളോട് ഇസ്ലാമിന് ഏതുതരത്തിലുള്ള സമീപനമാണ് ഉള്ളത് എന്ന് വ്യക്തമാക്കുന്നില്ല; വിശിഷ്യ സ്വവര്‍ഗ്ഗ ലൈംഗികതയോട്. ഇസ്‌ലാം പ്രാപഞ്ചിക വീക്ഷണമായി നിലനില്‍ക്കുമ്പോഴും സവിശേഷ വല്‍ക്കരിക്കപ്പെടുന്ന ലൈംഗികതാ “ചേഷ്ടകളോട്” എതിന് സമീപനം സ്വീകരിക്കാന്‍ ബാധ്യതയില്ലേ, അഥവാ അവയെ അഭിസംബോധന ചെയ്യേണ്ടതില്ലേ എന്ന സംശയത്തിനിട നല്‍കുന്നുണ്ട് തെളിച്ചം.

തെളിച്ചത്തിന്റെ ഭിന്നലൈംഗിക പതിപ്പ് കേരളത്തിലെ ഇസ്‌ലാമിക സമൂഹത്തിനുള്ളിലെ ലൈംഗികതാ ചര്‍ച്ചകള്‍ക്ക് പിന്‍ബലമേകുമെന്നതില്‍ സംശയമില്ല. ഇപ്പോള്‍ തന്നെ നടന്നുവരുന്ന ഭിന്നലൈംഗികതയും ഇസ്‌ലാമും എന്ന വിഷയത്തില്‍ പണ്ഡിതാഭിപ്രായങ്ങള്‍ രൂപീകരിക്കാനും വിഷയത്തെ ചരിത്രവല്‍ക്കരിക്കാനും തെളിച്ചം തുടക്കമിടും എന്ന് വീക്ഷിക്കപ്പെടുന്നു.


കൂടുതല്‍ വായനയ്ക്ക്:

“സ്വവര്‍ഗ ലൈംഗികത ഇസ്‌ലാമില്‍ നിഷിധമാകുമെന്നോ!” മഴവില്‍ പ്രൊഫൈല്‍ ഇട്ട ഒരു പ്ലസ്ടുക്കാരന്റെ വിശദീകരണം (4th July 2015)

ആണ്‍ ശരീരത്തില്‍ നിന്നും മോചനം നേടിയ ഒരു പെണ്ണിന്റെ കഥ: ഇത് കെയ്റ്റ്‌ലിന്‍ ജെന്നറിന്റെ കഥ(05-06-2015)

ഒരു ട്രാന്‍സ്‌ജെന്ററിന്റെ ആത്മഹത്യാക്കുറിപ്പ്(02-01-2015)

പോണ്‍ വ്യവസായം എങ്ങനെ പ്രവര്‍ത്തിക്കുന്നു? ഞെട്ടിക്കുന്ന വിവരങ്ങള്‍ (ഗ്രാഫിക് ചിത്രീകരണം) (01-07-2015)

ആരും സമ്മതിച്ചില്ലെങ്കിലും ഈ ചിത്രങ്ങള്‍ വ്യാജം തന്നെ: ലോകത്തെ നന്നായി പറ്റിച്ച 10 വ്യാജചിത്രങ്ങള്‍ (29-06-2015)

സ്വയംഭോഗത്തിലൂടെ ഞാനെന്നെ കൂടുതല്‍ പ്രണയിക്കുന്നു… (30-05-2015)

മക്കളെ വിവാഹം കഴിപ്പിക്കാനായി മാതാപിതാക്കള്‍ പറയുന്ന ചില മുടന്തന്‍ ന്യായങ്ങള്‍ (18-06-2015)

മുഖ്യധാരാ പോണുകള്‍ സ്ത്രീകളെ അവഹേളിക്കുമ്പള്‍ ലൈംഗികതയുടെ ബദല്‍ മാര്‍ഗങ്ങളന്വേഷിച്ച് ഫെമിനിസ്റ്റ് പോണ്‍ (03-06-2015)

മെക്കാ നഗരം തീവ്രാദികളാലും ആഡംബരങ്ങളാലും ആക്രമിക്കപ്പെടുന്നു… ഇനി എത്രനാള്‍ കൂടി ഈ നഗരം(27-05-2015)

“പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ എന്റെ സ്വന്തം അമ്മയാണ് എന്റെ കന്യാകാത്വത്തെ വിറ്റത്”(13-05-2015)

Latest Stories

We use cookies to give you the best possible experience. Learn more