| Monday, 9th May 2022, 1:12 pm

'ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്, സമസ്തയുടെ തീരുമാനം അറിയില്ലേ'; പൊതുവേദിയില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച് ഇ.കെ. സമസ്ത നേതാവ്; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച ഇ.കെ. സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം. ഒരു മദ്‌റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതാണ് അബ്ദുള്ള മുസ്‌ലിയാരെ ചൊടിപ്പിച്ചത്.

‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്നാണ് അബ്ദുള്ള മുസ്‌ലിയാര്‍ പരസ്യമായി
മൈക്കിലൂടെ വിളിച്ചുപറയുന്നത്. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും ഈ സമയം വേദിയിലുണ്ടായിരുന്നു. വലിയ വിമര്‍ശനങ്ങളാണ് വീഡിയോ പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്?
ഇനി മേലില്‍ വിളിച്ചാല്‍ കാട്ടിത്തരാം.

സമസ്തയുടെ തീരുമാനം ഇങ്ങക്ക് അറിയൂലേ?’
ഏകദേശം 15 വയസ് പ്രായമുള്ള ഒരു പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ഒരു സര്‍ട്ടിഫിക്കറ്റ് കൊടുത്തതിനാണ് ഒരു മൊല്ലാക്ക ഹാലിളകുന്നത്!

ഇത് സമസ്തയുടെ നയത്തിനെതിരാണത്രേ.. ഏത്. ഒരു പെണ്‍കുട്ടി സ്റ്റേജില്‍ കയറി ഒരു സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം വിഭാഗമാണ് ഇ.കെ. സുന്നി വിഭാഗവും അവരുടെ സമസ്തയും.
പെണ്‍കുട്ടികള്‍ സ്റ്റേജില്‍ കയറിയാലോ പൊതുരംഗത്ത് ഇറങ്ങിയാലോ ഒലിച്ചുപോകുന്നതാണ് ഇമ്മാതിരി മൊല്ലാക്കമാരുടെ വിശ്വാസം എങ്കില്‍ അത് ഒലിച്ചു പോകുന്നതാണ് സമുദായത്തിനും സമൂഹത്തിനും നല്ലത് എന്നാണ് ഈ അവസരത്തില്‍ പറയാനുള്ളത്,’ എന്നാണ് ഇതിന്റെ വീഡിയോ പങ്കുവെച്ച് ഒരാള്‍ ഫേസ്ബുക്കില്‍ എഴുതിയത്.

CONTENT HIGHLIGHTS:  EK Samastha leader Abdullah Musliar insulted 10th class student in public, Criticism

Latest Stories

We use cookies to give you the best possible experience. Learn more