'എന്റെ കൂടെയുള്ളത് സ്വതന്ത്രരടക്കം 52 പേര്‍, ഞങ്ങളിപ്പോഴും ശിവസേന വിട്ടിട്ടില്ല, ബാക്കി കാര്യങ്ങള്‍ യോഗത്തിന് ശേഷം തീരുമാനിക്കാം': ഏക് നാഥ് ഷിന്‍ഡെ
national news
'എന്റെ കൂടെയുള്ളത് സ്വതന്ത്രരടക്കം 52 പേര്‍, ഞങ്ങളിപ്പോഴും ശിവസേന വിട്ടിട്ടില്ല, ബാക്കി കാര്യങ്ങള്‍ യോഗത്തിന് ശേഷം തീരുമാനിക്കാം': ഏക് നാഥ് ഷിന്‍ഡെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th June 2022, 4:58 pm

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ഭരണ പ്രതിസന്ധി നിലനില്‍ക്കെ പ്രതികരണവുമായി മുന്‍ മന്ത്രിയും ശിവസേന നേതാവുമായ ഏക് നാഥ് ഷിന്‍ഡെ. സ്വതന്ത്ര എം.എല്‍.എമാരടക്കം 52 പേര്‍ തന്നോടൊപ്പമുണ്ടെന്നും പാര്‍ട്ടി വിട്ടിട്ടില്ലെന്നും ഷിന്‍ഡെ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ് ഓണ്‍ലൈനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഷിന്‍ഡെ ഇക്കാര്യം വ്യക്തമാക്കിയത്.

ഇപ്പോഴും ബാലാസാഹെബിന്റെ ആശയങ്ങള്‍ വിശ്വസിക്കുന്ന ശിവസൈനികരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

‘ശിവസേനയില്‍ നിന്നും 40 എം.എല്‍.എമാര്‍ പിന്തുണയറിയിച്ചിട്ടുണ്ട്. സ്വതന്ത്രരായ 12 എം.എല്‍.എമാരുമുണ്ട്. ആകെ പിന്തുണയറിച്ച് കൂടെയുള്ളത് 52 പേരാണ്,’ ഷിന്‍ഡെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എം.എല്‍.എമാരുടെ ഒപ്പുകള്‍ ശേഖരിച്ച് ഷിന്‍ഡെ ഗവര്‍ണര്‍ക്ക് കത്ത് സമര്‍പ്പിച്ചിരുന്നു. ഇതിലുള്ള ഒപ്പുകള്‍ സംബന്ധിച്ച് സംശയമുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞിരുന്നു. ഇതില്‍ സംശയത്തിന്റെ ആവശ്യമില്ലെന്നും എം.എല്‍.എമാര്‍ ഒപ്പ് വെക്കുന്നതിന്റെ ദൃശ്യങ്ങള്‍ താന്‍ പകര്‍ത്തിയിരുന്നുവെന്നും ഷിന്‍ഡെ പറഞ്ഞു.

കഴിഞ്ഞ ദിവസം എം.എല്‍.എമാര്‍ തിരികെയെത്തണമെന്നും അതിനുശേഷം സഖ്യത്തില്‍ നിന്നു പിന്മാറുന്നത് പരിഗണിക്കാമെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു ഔദ്യോഗിക അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം.

‘ഞങ്ങള്‍ക്ക് ഇതുവരെ അത്തരത്തില്‍ ഒരു അറിയിപ്പും കിട്ടിയിട്ടില്ല. ഇതിനെക്കുറിച്ചുള്ള ഒരു അറിവും എനിക്കില്ല. ഞങ്ങള്‍ക്ക് ഇനിയും ഒരുപാട് പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുണ്ട്. ഇതിന് ശേഷം മാത്രമേ ഒരു അന്തിമ തീരുമാനത്തിലേക്ക് ഞങ്ങള്‍ക്ക് എത്താനാകൂ,’ അദ്ദേഹം പറഞ്ഞു.

പുതിയ പാര്‍ട്ടി രൂപീകരിക്കുമോ അതോ ബി.ജെ.പിയോടൊപ്പം ചേരുമോ എന്ന ചോദ്യത്തിന് തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം.

‘ഞങ്ങളിപ്പോഴും ശിവസേനയുടെ സൈനികര്‍ തന്നെയാണ്. ബാലാസാഹെബ് താക്കറെ മുന്നോട്ടുവെച്ച ഹിന്ദുത്വ ആശയങ്ങളേയും വിശ്വാസങ്ങളേയും കൂടുതല്‍ മുമ്പിലേക്ക് നയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനുവേണ്ടി നാല്‍പ്പതോളം എം.എല്‍.എമാര്‍ പിന്തുണയറിയിച്ച് കൂടെയുണ്ട്. ഞാനിപ്പോഴും ശിവസൈനികനാണ്, പാര്‍ട്ടി വിട്ടിട്ടില്ല,’ ഷിന്‍ഡെ പറഞ്ഞു.

അതേസമയം മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ രാജിവെക്കില്ലെന്നും അവിശ്വാസപ്രമേയത്തെ നേരിടാന്‍ മഹാവികാസ് അഘാഡി സഖ്യം തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവെക്കരുത് എന്ന നിലപാട് കോണ്‍ഗ്രസ് നേതൃത്വം ഉദ്ധവ് താക്കറെയെ അറിയിച്ചിട്ടുണ്ട്. നിലവില്‍ അംഗബലം എതിരാണെങ്കിലും കോടതിവഴി നിയമപരമായ പോരാട്ടം നടത്താനാണ് മഹാവികാസ് അഘാഡിയുടെ നീക്കം.

ഇതിന് പിന്നാലെ ട്വീറ്റുമായി ഷിന്‍ഡെ രംഗത്തെത്തിയിരുന്നു. ആരെയാണ് ഭയപ്പെടുത്താന്‍ നോക്കുന്നതെന്നും, 12 എം.എല്‍.എമാര്‍ക്കെതിരെ പരാതികൊടുത്തതായും ഷിന്‍ഡെ ട്വീറ്റില്‍ കുറിച്ചു.. അങ്ങനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്നും തങ്ങള്‍ക്കും നിയമം അറിയാമെന്നും ഷിന്‍ഡെ ട്വീറ്റില്‍ പറഞ്ഞു.

Content Highlight: Ek nath shinde says more than 40 mlas from shivasena supports him reports Indian express