മുംബൈ: തന്റെ സര്‍ക്കാര്‍ ഭരണകാലാവധി പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ. ശനിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷിന്‍ഡെയുടെ പരാമര്‍ശം. ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പിലും തന്റെ സര്‍ക്കാര്‍ വിജയിക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.
നിലവിലെ സര്‍ക്കാര്‍ ഭരണ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ഷിന്‍ഡെയുടെ പ്രഖ്യാപനം.
മുംബൈയിലെത്തിയ ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര മന്ത്രിസഭ വിപുലീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയും നടന്നിരുന്നു. അമിത് ഷായുമായും സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി സംസ്ഥാനത്ത് ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഷിന്‍ഡെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്നും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ളലുള്ള ശിവസേന വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും താക്കറെ പറഞ്ഞിരുന്നു.
മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ ആറു മാസത്തിലധികം നിലനില്‍ക്കില്ലെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും വ്യക്തമാക്കിയിരുന്നു.
‘മഹാരാഷ്ട്രയില്‍ പുതുതായി അധികാരത്തിലെത്തിയ സര്‍ക്കാര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ വീഴാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇടക്കാല തെരഞ്ഞെടുപ്പിന് എല്ലാവരും തയ്യാറായിക്കൊള്ളുക,’ ശരദ് പവാര്‍ പറഞ്ഞു.
പാര്‍ട്ടി ചിഹ്നത്തെ സംബന്ധിച്ചും കഴിഞ്ഞ ദിവസം താക്കറെ പ്രതികരിച്ചിരുന്നു.
ശിവസേനയുടെ ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും വിട്ടുകൊടുക്കില്ലെന്നായിരുന്നു താക്കറെയുടെ പരാമര്‍ശം.
‘പാര്‍ട്ടിയുടെ ചിഹ്നത്തെ കുറിച്ച് ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിയമപ്രകാരം ‘അമ്പും വില്ലും’ ശിവസേനയില്‍ നിന്നും ആര്‍ക്കും എടുത്തുമാറ്റാനാകില്ല. അതേകുറിച്ച് ആരും ആശങ്കാകുലരാകേണ്ട. പുതിയ പാര്‍ട്ടി ചിഹ്നത്തെ കുറിച്ച് ആലോചിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല,’ ഉദ്ധവ് താക്കറെ വ്യക്തമാക്കി.
Content Highlight: Ek nath shinde says his government will complete the tenure and will win the next election