മുംബൈ: സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തിലേക്ക് നല്ല ദിനങ്ങള്‍ കൊണ്ടുവരുമെന്ന പ്രസ്താവനയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ. തനിക്ക് ലഭിച്ചിരിക്കുന്ന എല്ലാ അധികാരവും ഉപയോഗപ്പെടുത്തുമെന്നും ജനങ്ങളുടെ ജീവിതത്തിലേക്ക് നല്ല ദിവസങ്ങള്‍ കൊണ്ടുവരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ബാലാസാഹെബിന്റെ ഹിന്ദുത്വ എന്ന ആശയത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
‘സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഞാന്‍ എന്റെ മുഖ്യമന്ത്രി സ്ഥാനം ഉപയോഗിക്കും. സാധാരണക്കാരായ പൗരന്മാരുടെ ജീവിതത്തിലേക്ക് ‘അച്ചേ ദിന്‍’ കൊണ്ടുവരാന്‍ ശ്രമിക്കും. ഒപ്പം ബാലാസാഹെബിന്റെ ഹിന്ദുത്വ ആശയങ്ങളും ധര്‍മവീര്‍ ആനന്ദ് ദിഗെ പഠിപ്പിച്ച പാഠങ്ങളും ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും,’ ഏക് നാഥ് ഷിന്‍ഡെ പറഞ്ഞു.
പൂനെയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘മഹാരാഷ്ട്രയ്ക്ക് ശക്തമായ സര്‍ക്കാരാണുള്ളത്. 164 എം.എല്‍.എമാരാണ് സര്‍ക്കാരിനുള്ളത്. പ്രതിപക്ഷത്തിന് 99ും. ഞങ്ങള്‍ എന്തായാലും കാലാവധി പൂര്‍ത്തിയാക്കും, അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്യും,’ ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
മഹാവികാസ് അഘാഡി സര്‍ക്കാരില്‍ നിന്നും എം.എല്‍.എമാര്‍ ഭീഷണി നേരിട്ടിരുന്നുവെന്നും അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും ഷിന്‍ഡെ പറഞ്ഞു. നിലവിലെ സഖ്യം സ്വാഭാവികം മാത്രമാണ്. ബി.ജെ.പി-ശിവസേന സഖ്യം മഹാരാഷ്ട്രയെ മുന്നോട്ട് കൊണ്ടുപോകുമെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഏക് നാഥ് ഷിന്‍ഡെ തങ്ങളുടെ നേതാവാണെന്നും പാര്‍ട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് ഉപമുഖ്യമന്ത്രിയായതെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.
‘എന്റെ പാര്‍ട്ടി എന്നെ മുഖ്യമന്ത്രിയാക്കി. ഇപ്പോള്‍ പാര്‍ട്ടിയുടെ ആവശ്യമനുസരിച്ചാണ് ഞാന്‍ ഉപമുഖ്യമന്ത്രിയായത്. ഞങ്ങള്‍ പാര്‍ട്ടിയുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു.
ഏക്നാഥ് ഷിന്‍ഡെ ഞങ്ങളുടെ മുഖ്യമന്ത്രി മാത്രമല്ല, നേതാവുമാണ്. അദ്ദേഹത്തിന് കീഴില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് നിലനിന്നിരുന്ന അനീതി പരിഹരിക്കപ്പെട്ടു,’ ഫഡ്‌നാവിസ് പറഞ്ഞു.
Content Highlight: Ek nath shinde says he will bring good days into the life of common man in the state