football news
നെയ്മറെ വിൽക്കണം, സിദാൻ പരിശീലകനാവണം; പി.എസ്.ജി.യിൽ തുടരാനുള്ള ഡിമാന്റുകൾ നിരത്തി എംബാപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
2022 Dec 26, 11:23 am
Monday, 26th December 2022, 4:53 pm

ലോകകപ്പ് ഫുട്ബോൾ ഉത്സവം അവസാനിച്ച് ക്ലബ്ബ് ഫുട്ബോൾ മാമാങ്കത്തിന് കൊടിയേറിയിരിക്കുകയാണ്. ഡിസംബർ 26ന് ആരംഭിക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗോടെയാണ് യൂറോപ്പിലെ മേജർ ക്ലബ്ബ് ഫുട്ബോൾ ടൂർണമെന്റുകൾക്ക് അരങ്ങൊരുങ്ങുന്നത്.

ലോകകപ്പിന് ശേഷം മിക്ക താരങ്ങളും അവരവരുടെ ക്ലബ്ബുകളിലേക്ക് തിരികേ പോവുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ വളരെ അസ്വസ്ഥത നിറഞ്ഞതാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുടെ അന്തരീക്ഷം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

സൂപ്പർ താരങ്ങളായ മെസി, നെയ്മർ, എംബാപ്പെ എന്നിവർ ഒരുമിച്ച് കളിക്കുന്ന ക്ലബ്ബിന് അതിനാൽ തന്നെ വലിയ ആരാധക പിന്തുണയുമുണ്ട്. ക്ലബ്ബിനെ അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.എസ്.ജി മാനേജ്മെന്റ് മെസി, എംബാപ്പെ, നെയ്മർ തുടങ്ങിയ സൂപ്പർ താരങ്ങളെ ക്ലബ്ബിൽ എത്തിച്ചത് എന്നായിരുന്നു റിപ്പോർട്ടുകൾ.

ലോകകപ്പ് ജേതാവായ സാക്ഷാൽ ലയണൽ മെസിയുടെ കരാർ ഒരു വർഷത്തേക്ക് നീട്ടിയ ക്ലബ്ബിന് ഇപ്പോൾ തലവേദന സൃഷ്‌ടിച്ചിരിക്കുന്നത് ഫ്രഞ്ച് താരം എംബാപ്പെയുടെ ചില തീരുമാനങ്ങളാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

റയൽ മാഡ്രിഡ്‌ ബെൻസെമയുടെ പകരക്കാരനായി നോട്ടമിട്ട എംബാപ്പെയെ വമ്പൻ തുക നൽകി 2025 സീസൺ വരെ ക്ലബ്ബിൽ കരാർ ഒപ്പിടീപ്പിക്കാൻ പി.എസ്.ജിക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ റയൽ പോലുള്ള വമ്പൻ ക്ലബ്ബുകളുടെ പിടിയിൽ എംബാപ്പെ വീഴാതിരിക്കാൻ അത്‌ മാത്രം പോരാ എന്നാണ് ഫുട്ബോൾ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം പി.എസ്.ജിയിൽ തുടരാൻ എംബാപ്പെ മൂന്ന് കണ്ടീഷനുകൾ ക്ലബിന് മുന്നിൽ വെച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
നെയ്മറെ മറ്റേതെങ്കിലും ക്ലബ്ബിന് വിൽക്കണം എന്നതാണ് എംബാപ്പെ ഒന്നാമതായി പി.എസ്.ജിക്ക് മുന്നിൽ വെച്ചിരിക്കുന്ന ആവശ്യം.

ക്ലബ്ബിൽ എംബാപ്പെയെക്കാൾ പ്രാധാന്യം നെയ്മർക്ക് കിട്ടുമോ എന്ന ഭയമാണ് എംബാപ്പെയെകൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുപ്പിക്കാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ.

രണ്ടാമതായി എംബാപ്പെ ക്ലബ്ബിനോട് ഉന്നയിക്കുന്ന ആവശ്യം പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയറെ മാറ്റി പകരം ഫ്രഞ്ച് ഇതിഹാസം സിനദിൻ സിദാനെ ക്ലബ്ബ് പരിശീലകനായി നിയമിക്കണമെന്നതാണ്. സിദാന്റെ കീഴിൽ പി.എസ്.ജിക്കും തനിക്കും ചാമ്പ്യൻസ് ലീഗ് നേടാൻ സാധിക്കും എന്നാണ് എംബാപ്പെ വിശ്വസിക്കുന്നത്.

എംബാപ്പെയുടെ മൂന്നാമത്തെ ആവശ്യം ടോട്ടൻഹാം മുന്നേറ്റ നിര താരവും ക്യാപ്റ്റനുമായ ഹാരി കെയ്നെ പി.എസ്.ജിയിലേക്ക് എത്തിക്കുക എന്നതാണ്. എന്നാൽ ഫ്രഞ്ച് താരത്തിന്റെ ഡിമാൻഡുകൾ എല്ലാം അംഗീകരിച്ച് താരത്തെ ടീമിൽ എത്രനാൾ പിടിച്ചുനിർത്താൻ സാധിക്കും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

അതേസമയം ഡിസംബർ 29ന് സ്ട്രാസ്‌ബർഗുമായാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ഫെബ്രുവരി 15ന് ബയേൺ മ്യൂണിക്കുമായി പി.എസ്.ജി പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടും.

 

Content Highlights: Either me or Neymar; Three conditions for Mbappe to stay at PSG