കൊല്‍ക്കത്ത: കാര്‍ഷിക നിയമത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് മഹുവ മൊയ്ത്ര. നിയമത്തില്‍ കേന്ദ്രം തുടരുന്ന അവ്യക്തത ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം. എല്ലാവരും എതിര്‍ത്തപ്പോഴും ബലംപിടിച്ച് നടപ്പാക്കിയ നിയമം ഒന്നുകില്‍ നടപ്പാക്കണം അല്ലെങ്കില്‍ പിന്‍വലിക്കണം എന്നാണ് മഹുവ പ്രതികരിച്ചത്.
തങ്ങളെല്ലാവരും എതിര്‍ത്തപ്പോഴും ക്രൂരമായ ബലപ്രയോഗത്തിലൂടെയാണ് കേന്ദ്രം കാര്‍ഷിക ബില്ലുകള്‍ നിയമമാക്കിയതെന്നും 18 മാസം നിയമത്തിന് കാലതാമസം വരുത്താമെന്ന് പറയാന്‍ എങ്ങനെ ധൈര്യം വന്നുവെന്നും മഹുവ മൊയ്ത്ര ചോദിച്ചു.
കര്‍ഷകരുടെ സമയം പാഴാക്കാനുള്ള ചരടുവലികള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തണമെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
അതേസമയം, ഒന്നര വര്‍ഷത്തേക്ക് കാര്‍ഷിക നിയമം നടപ്പിലാക്കില്ലെന്നും ഒരു പ്രത്യേക കമ്മിറ്റിയെ വെച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാഗ്ദാനം കര്‍ഷകര്‍ നിരസിച്ചു.
നേരത്തെ കര്‍ഷകര്‍ ഒന്നര വര്‍ഷത്തേക്ക് നിയമം നടപ്പിലാക്കില്ല എന്ന കേന്ദ്രത്തിന്റെ തീരുമാനം പരിഗണിക്കാമെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ നിയമം പൂര്‍ണമായും റദ്ദാക്കുന്നതില്‍ കുറഞ്ഞ് ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് വ്യക്തമാക്കിയത്.
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്നും കര്‍ഷക പ്രതിനിധികള്‍ വ്യക്തമാക്കി. നവംബര്‍ 26നാണ് കര്‍ഷക സമരം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരുമായി ഇതിനോടകം കര്‍ഷകര്‍ പത്ത് പ്രാവശ്യം ചര്‍ച്ച നടത്തിക്കഴിഞ്ഞു.
നേരത്തെ കാര്‍ഷിക നിയമം നടപ്പിലാക്കുന്നത് രണ്ട് മാസത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഏകേദശം അഞ്ച് മണിക്കൂറോളമാണ് കേന്ദ്രം കര്‍ഷകരുമായി ബുധനാഴ്ച ചര്‍ച്ച നടത്തിയത്.
നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് കേന്ദ്രസര്‍ക്കാരുമായുള്ള പത്താം ഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് കര്‍ഷകരുമായി ചര്‍ച്ചയ്ക്കെത്തിയത്. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു ചര്‍ച്ച.
നിയമം ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അതിനു വേണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കര്‍ഷകരുടെ ഒരു ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. ഒന്നര വര്‍ഷത്തേക്ക് നിയമം നടപ്പിലാക്കില്ലെന്ന നിര്‍ദേശം രണ്ട് മാസത്തോളമായി സമരം ചെയ്യുന്ന കര്‍ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷ കേന്ദ്രത്തിനുണ്ടായിരുന്നു.
എന്നാല്‍ ആ പഴുതും കര്‍ഷകര്‍ അടച്ചതോടെ കേന്ദ്രം ഇനിയെന്ത് തീരുമാനത്തിലെത്തുമെന്നത് ഉറ്റുനോക്കുകയാണ് സമരത്തിന് നേതൃത്വം നല്‍കുന്നവര്‍.
ജനുവരി 26 ന് ദല്‍ഹിയിലേക്ക് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹരജി കേന്ദ്രം ബുധനാഴ്ച പിന്‍വലിച്ചിരുന്നു.ഹരജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹരജി പിന്‍വലിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Either inplement or repeal! says Mahua Moitra