| Monday, 27th March 2023, 10:24 am

'ഒന്നുകില്‍ ഇമ്രാന്‍ ഖാന്‍ കൊലചെയ്യപ്പെടും അല്ലെങ്കില്‍..'; വിവാദമായി ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം; പാക് രാഷ്ട്രീയം തെറ്റായ ദിശയിലെന്ന് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: രാജ്യത്ത് മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോ പാകിസ്ഥാന്‍ മുസ്‌ലിം ലീഗോ മാത്രമേ നിലനില്‍ക്കൂ എന്ന പരാമര്‍ശവുമായി പാക് അഭ്യന്തര മന്ത്രി റാണ സനാഉള്ളാഹ്. ഭരണകക്ഷിയായ പാകിസ്ഥാന്‍ മുസ്‌ലിം ലീഗിന്റെ (എന്‍) ശത്രുവാണ് ഇമ്രാന്‍ ഖാനെന്നും, ഇമ്രാന്‍ ഖാനോ പി.എം.എല്‍.എനോ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് രാജ്യത്തെ രാഷ്ട്രീയത്തെ അദ്ദേഹം മാറ്റിയിട്ടുണ്ടെന്നും റാണ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം സ്വകാര്യ വാര്‍ത്താ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു റാണയുടെ പരാമര്‍ശം.

‘രാജ്യത്ത് ഒന്നുകില്‍ ഇമ്രാന്‍ ഖാന്‍ അല്ലെങ്കില്‍ പി.എം.എല്‍(എന്‍) മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.പി.എം.എല്‍ (എന്‍) ന്റെ നിലനില്‍പ് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അതിനെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും ഞങ്ങള്‍ പോകും. ഖാന്‍ രാഷ്ട്രീയത്തെ വിദ്വേഷമാക്കി മാറ്റിയെടുത്തു. ഖാന്‍ ഇപ്പോള്‍ ഞങ്ങളുടെ ശത്രുവാണ്. അങ്ങനെ തന്നെയേ ഇനി പരിഗണിക്കാന്‍ സാധിക്കൂ,’ റാണ പറഞ്ഞു.

അതേസമയം റാണയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ഇമ്രാന്‍ ഖാന്റെ തെഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പഞ്ചാബില്‍ വെച്ച് നടന്ന റാലിക്കിടെ ഇമ്രാന്‍ ഖാന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ റാണയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇമ്രാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്ന് പി.ടി.ഐ നേതാവും മുന്‍ ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയുമായിരുന്ന ഫവാദ് ചൗധരി പറഞ്ഞു. റാണ ഗുണ്ടാ സംഘത്തെയാണ് സര്‍ക്കാരിനെയാണോ നയിക്കുന്നതെന്നും ഫവാദ് കൂട്ടിച്ചേര്‍ത്തു.

റാണയുടെ പരാമര്‍ശം കലാപത്തിനുള്ള ആഹ്വാനമാണെന്നും ഇമ്രാന്‍ ഖാനെ കൊലപ്പെടുത്താന്‍ പി.എം.എല്‍ (എന്‍) ശ്രമിക്കുന്നുണ്ട് എന്നതിന്റെ തെളിവാണിതെന്നും പി.ടി.ഐ നേതാവ് ഷിരീന്‍ മസരി പറഞ്ഞു.

അതേസമയം റാണയുടെ പരാമര്‍ശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പി.ടി.ഐ വൃത്തങ്ങള്‍ പറഞ്ഞു.

Content Highlight: Either Imran khan will be killed or.. says home minister Rana Sanaullah; Row in pak between PMLN and PTI

We use cookies to give you the best possible experience. Learn more