| Thursday, 25th August 2022, 2:57 pm

ഒന്നുകില്‍ ഇരുപത് കോടി വാങ്ങുക, അല്ലെങ്കില്‍ അന്വേഷണം നേരിടുക; ആം ആദ്മി എം.എല്‍.എമാരോട് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ പണം വാഗ്ദാനം ചെയ്തതായി ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കെതിരായ സി.ബി.ഐ റെയ്ഡുകള്‍ നടക്കുന്നതിന് പിന്നാലെയാണ് ബി.ജെ.പി പണം വാഗ്ദാനം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബി.ജെ.പിയില്‍ ചേരാന്‍ എം.എല്‍.എമാര്‍ക്ക് കോടികള്‍ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ ഇ.ഡിയുടേയും സി.ബി.ഐയുടേയും റെയ്ഡുകള്‍ നേരിടാന്‍ തയ്യാറായിക്കോളൂവെന്നും ബി.ജെ.പി ഭീഷണിപ്പെടുത്തിയതായി എ.എ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഈ റെയ്ഡുകള്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് വരെ തുടരുമെന്നും എ.എ.പി പറഞ്ഞു.

ആം ആദ്മിയുടെ 62 എം.എല്‍.എമാരില്‍ 35പേരെയും ബി.ജെ.പി സമീപിച്ചെന്നും പണം വാഗ്ദാനം ചെയ്‌തെന്നുമാണ് ആം ആദ്മി ആരോപിക്കുന്നത്. ബി.ജെ.പിയില്‍ ചേരുന്ന ഓരോരുത്തര്‍ക്കും 20 കോടിയായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. മറ്റുള്ളവരെയും ബി.ജെ.പിയിലേക്ക് എത്തിക്കുന്നവര്‍ക്ക് 25കോടിയും പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്.

മാല്‍വിയ നഗറിലെ മോംനാഥ് ഭാരതി, ബുരാരിയിലെ സഞ്ജീവ് ഝാ, അംബേദ്കര്‍ നഗറിലെ അജയ് ദത്ത് തുടങ്ങിയവരാണ് വാഗ്ദാനങ്ങളുമായി എത്തിയതെന്നും ആം ആദ്മി വ്യക്തമാക്കുന്നുണ്ട്.

‘ബി.ജെ.പി നോട്ടമിടുന്നത് 35ലധികം എ.എ.പി എം.എല്‍.എമാരെയാണ്. ഓരോരുത്തര്‍ക്കും ഇവര്‍ വാഗ്ദാനം ചെയ്യുന്നത് 20കോടി രൂപയാണ്. ഇപ്രകാരം നോക്കുമ്പോള്‍ ആകെ ചെലവ് 700 കോടി രൂപ. എവിടെ നിന്നാണ് ബി.ജെ.പിക്ക് ഇത്രയും പണം?

ഇതാണ് ഇ.ഡി ചോദ്യം ചെയ്യേണ്ടത്. ഈ കള്ളപ്പണമൊക്കെ എവിടെ നിന്നാണ് വരുന്നത്? ഇവര്‍ ഇതൊക്കെ എവിടെയാണ് ഒളിപ്പിക്കുന്നത്,’ ആം ആദ്മി പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

അതേസമയം വ്യാഴാഴ്ച ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 53 എം.എല്‍.എമാര്‍ പങ്കെടുത്തു. യോഗത്തില്‍ നേരിട്ടെത്താന്‍ സാധിക്കാത്തവര്‍ ഫോണിലൂടെയും പാര്‍ട്ടിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

മരണം വരെ ആം ആദ്മിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് എല്ലാ എം.എല്‍.എമാരും ചേര്‍ന്ന് പ്രതിജ്ഞ ചെയ്തതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബി.ജെ.പിയുടെ നടക്കാതെ പോയ ഓപ്പറേഷന്‍ താമരയുടെ ‘നിര്യാണത്തില്‍’ അനുശോചനം രേഖപ്പെടുത്താന്‍ കെജ്‌രിവാളും എം.എല്‍.എമാരും രാജ്ഘട്ടിലേക്ക് പോയിരുന്നു.

Content Highlight: either accept the 20 croroe of be ready to face raids, bjp says to aap leaders

We use cookies to give you the best possible experience. Learn more