അദ്ദേഹത്തെ ഇംഗണ്ടിന്റെ പരിശീലകനാക്കൂ...നിങ്ങൾക്ക് അത്ഭുതങ്ങൾ കാണാം: നിർദേശവുമായി മോർഗൻ
Cricket
അദ്ദേഹത്തെ ഇംഗണ്ടിന്റെ പരിശീലകനാക്കൂ...നിങ്ങൾക്ക് അത്ഭുതങ്ങൾ കാണാം: നിർദേശവുമായി മോർഗൻ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd August 2024, 2:47 pm

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഏകദിന ഫോർമാറ്റിലെക്കുള്ള  പുതിയ  പരിശീലകനെ തേടികൊണ്ടിരിക്കുകയാണ്. അടുത്തിടെ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ കോച്ചിങ് സ്ഥാനത്തുനിന്നും രാജിവെച്ച മാത്യു മോട്ടിന് പകരക്കാരനെയാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാന്‍ അനുയോജ്യരായ വ്യക്തികളുടെ പേരുകള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ ഇയോന്‍ മോര്‍ഗന്‍.

‘ഇംഗ്ലണ്ട് ടീം പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡ്, റിക്കി പോണ്ടിങ്, സ്റ്റീഫന്‍ ഫ്‌ലെമിങ്, ബ്രണ്ടന്‍ മക്കല്ലം എന്നിവരില്‍ ഒരാളെ തെരഞ്ഞെടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണ് ബ്രണ്ടന്‍, ഇംഗ്ലീഷ് ടെസ്റ്റ് ടീമിനൊപ്പം അദ്ദേഹം വിജയിച്ചിട്ടുണ്ട്. ലോകകപ്പില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുന്ന ഒരാളെയാണ് പരിശീലകനായി കൊണ്ടുവരാന്‍ ആഗ്രഹിക്കേണ്ടത്.

പരിശീലകനായി ചുമതലയേറ്റതിനുശേഷം വളരാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യമുള്ള ഒരാളെയല്ല നിങ്ങള്‍ കൊണ്ടുവരേണ്ടത്. ഇത് ഒരു ചെറുപ്പക്കാരന് ചെയ്യാന്‍ കഴിയുന്ന ജോലിയല്ല. കളിക്കാരെ പരിശീലിപ്പിക്കാനും ക്യാപ്റ്റന്‍ ബട്‌ലറിനെ സഹായിക്കാനും കഴിയുന്ന ഒരാളായിരിക്കണം. അതുകൊണ്ടുതന്നെ ഒരു മികച്ച പരിശീലകനെ ടീമില്‍ എത്തിക്കണം,’ ഇയോന്‍ മോര്‍ഗന്‍ സ്‌കൈ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.

ബ്രണ്ടന്‍ മക്കല്ലത്തിനെ ഇംഗ്ലണ്ടിന്റെ ഏകദിന ടീമിന്റെ പരിശീലകനായി എത്തിയാല്‍ എങ്ങനെയുണ്ടാവുമെന്നും എന്നതിനെക്കുറിച്ചും മോര്‍ഗന്‍ പറഞ്ഞു.

‘ബ്രണ്ടന്‍ തയ്യാറാണോ എന്നെനിക്ക് ഉറപ്പില്ല. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമില്‍ വലിയൊരു വഴിത്തിരിവ് ഉണ്ടാക്കിയതിനാല്‍ റോബ് കീ അദ്ദേഹത്തിനോട് സംസാരിക്കണം. പരിശീലകനായി മക്കല്ലത്തിന്റെ കീഴിലാണ് ഞാന്‍ കളിച്ചത്. ഒരു കളിക്കാരന്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും അദ്ദേഹം ന്യൂസിലാന്‍ഡിന് വേണ്ടി മികച്ചതായിരുന്നു. അതുകൊണ്ടുതന്നെ വൈറ്റ് ബോള്‍ ടീമുകള്‍ക്കായി അദ്ദേഹത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും,’ മുന്‍ ഇംഗ്ലണ്ട് നായകന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം 2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ നിരാശാജനകമായ പ്രകടനമായിരുന്നു ഇംഗ്ലണ്ട് നടത്തിയിരുന്നത്. ആ ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും ആറ് തോല്‍വിയും അടക്കം ആറ് പോയിന്റോടെ ഏഴാം സ്ഥാനത്തായിരുന്നു ഇംഗ്ലണ്ട് ഫിനിഷ് ചെയ്തിരുന്നത്.

2024 ടി-20 ലോകകപ്പില്‍ സെമിഫൈനലില്‍ ആയിരുന്നു ഇംഗ്ലണ്ട് തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. സെമിയില്‍ ഇന്ത്യയോട് പരാജയപ്പെട്ടായിരുന്നു ജോസ് ബട്ലറും സംഘവും പുറത്തായത്.

 

Content Highlight: Eion Morgan Talks About The Possibilties of The Next England Cricket Team Coach