ഞാനായിരുന്നെങ്കില്‍ യശസ്വി ജെയ്‌സ്വാളിന് പകരം ഇന്ത്യയുടെ ഭാവി നായകനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു; തുറന്നടിച്ച് ഓയിന്‍ മോര്‍ഗന്‍
T20 world cup
ഞാനായിരുന്നെങ്കില്‍ യശസ്വി ജെയ്‌സ്വാളിന് പകരം ഇന്ത്യയുടെ ഭാവി നായകനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു; തുറന്നടിച്ച് ഓയിന്‍ മോര്‍ഗന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th May 2024, 5:14 pm

ഐ.സി.സി ടി-20 ലോകകപ്പിനാണ് ആരാധകര്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നത്. ജൂണ്‍ രണ്ടിന് ആരംഭിക്കുന്ന ഗ്ലോബല്‍ ഇവന്റിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും ചേര്‍ന്നാണ് ആതിഥേയത്വം വഹിക്കുന്നത്. 20 ടീമുകള്‍ ലോകകപ്പില്‍ പങ്കെടുക്കും.

രോഹിത് ശര്‍മയെ നായകനാക്കിയും ഹര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കിയുമാണ് ഇന്ത്യ ലോകകപ്പിനായി പറക്കുന്നത്. ഐ.പി.എല്ലിലേയും അന്താരാഷ്ട്ര മത്സരങ്ങളിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് ഇന്ത്യ 15 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഇതിനൊപ്പം ട്രാവലിങ് റിസര്‍വ് താരങ്ങളെയും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

 

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലെ തന്റെ വിയോജിപ്പ് വ്യക്തമാക്കുകയാണ് ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത സൂപ്പര്‍ താരം ഓയിന്‍ മോര്‍ഗന്‍. ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇല്ലാത്തതാണ് മോര്‍ഗന്‍ ചൂണ്ടിക്കാണിക്കുന്നത്. റിസര്‍വ് താരമായാണ് ഇന്ത്യ ഗുജറാത്ത് ടൈറ്റന്‍സ് നായകനെ ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന് പകരം ഗില്ലിനെ ടീമിന്റെ ഉള്‍പ്പെടുത്തണമെന്നാണ് മോര്‍ഗന്‍ അഭിപ്രായപ്പെട്ടത്.

‘ഞാനാണ് സ്‌ക്വാഡ് തെരഞ്ഞെടുക്കുന്നതെങ്കില്‍ യശസ്വി ജെയ്‌സ്വാളിന് പകരം ശുഭ്മന്‍ ഗില്ലിനെ ടീമിലെത്തിക്കുമായിരുന്നു. ജെയ്സ്വാളിനെക്കാള്‍ മികച്ച പ്രകടനമാണ് ഗില്‍ പുറത്തെടുക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്.

ഞാന്‍ ഗില്ലിനൊപ്പം കളിച്ചിട്ടുണ്ട്, അവന്‍ എങ്ങനെ ഒരു ഗെയിമിനായി തയ്യാറെടുക്കുന്നുവെന്നും അവന്റെ ചിന്തകളെ കുറിച്ചും എനിക്കറിയാം. അവന്‍ ഇന്ത്യയുടെ ഭാവി നായകനായിരിക്കും. വലിയ മത്സരങ്ങളിലെ സമ്മര്‍ദസാഹചര്യങ്ങളില്‍ സഹായകമാകുന്ന ഇത്തരം താരങ്ങളെ നിങ്ങള്‍ക്ക് ടീമിന്റെ ഭാഗമായി ആവശ്യമുണ്ട്.

അദ്ദേഹത്തെ ബെഞ്ചില്‍ ഇരുത്തിയാലും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ അദ്ദേഹത്തിന്റെ പേര് മാത്രം മതിയായിരുന്നു,’ സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ മോര്‍ഗന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ ഇരു താരങ്ങള്‍ക്കും തങ്ങളുടെ പേരിനും പെരുമയ്ക്കുമൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. രാജസ്ഥാന് വേണ്ടി ഒരു സെഞ്ച്വറി നേടിയതൊഴിച്ചാല്‍ ജെയ്‌സ്വാളിന്റെ പ്രകടനം ശരാശരിയായിരുന്നു.

മറുവശത്ത് ശുഭ്മന്‍ ഗില്ലും ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തി. ഹര്‍ദിക് പാണ്ഡ്യ ടീം വിട്ടതോടെ ടൈറ്റന്‍സ് ഗില്ലിനെ ക്യാപ്റ്റന്‍സിയേല്‍പിച്ചിരുന്നു. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ ഗില്‍ പാടെ പരാജയപ്പെട്ടു. ജെയ്‌സ്വാളിനെ പോലെ ഒരു സെഞ്ച്വറിയാണ് ഗില്ലും നേടിയത്.

നിലവില്‍ ടി-20 ലോകകപ്പിന്റെ മുന്നൊരുക്കത്തിനായി ഇന്ത്യന്‍ ടീമിലെ ആദ്യ ബാച്ച് അമേരിക്കയിലെത്തിയിട്ടുണ്ട്.

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ട്രാവലിങ് റിസര്‍വ് താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിന് നടക്കുന്ന മത്സരത്തിന് ഈസ്റ്റ് മെഡോയാണ് വേദിയാകുന്നത്.

ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ജൂണ്‍ 05 – vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ

ജൂണ്‍ 09 – vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ

ജൂണ്‍ 12 – vs യു.എസ്.എ – ഈസ്റ്റ് മെഡോ

ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബോവന്‍സ് റീജ്യണല്‍ പാര്‍ക്

 

Content Highlight: Eion Morgan says he would have picked the future India captain over Yashasvi Jaiswal in ICC T20 World Cup squad