തോല്‍വിയില്‍ മാധ്യമങ്ങളെ കാണാനുള്ള ധൈര്യം പോലുമില്ലേ; ഇംഗ്ലണ്ട് ടീമിനെ വിമര്‍ശിച്ച് മോര്‍ഗന്‍
Cricket
തോല്‍വിയില്‍ മാധ്യമങ്ങളെ കാണാനുള്ള ധൈര്യം പോലുമില്ലേ; ഇംഗ്ലണ്ട് ടീമിനെ വിമര്‍ശിച്ച് മോര്‍ഗന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th November 2023, 1:39 pm

ഏകദിന ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് നെതര്‍ലാന്‍ഡ്സിനെ 160 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. ലോകകപ്പ് ഇംഗ്ലണ്ടിലെ രണ്ടാം ജയമായിരുന്നു ഇത്. ഇംഗ്ലണ്ട് നേരത്തെ ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു.

എന്നാല്‍ അഹമ്മദാബാദില്‍ വെച്ച് ഓസ്‌ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ 3 റണ്‍സിന്റെ തോല്‍വി ഏറ്റു വാങ്ങിക്കൊണ്ടായിരുന്നു ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്നും പടിയിറങ്ങിയത്. മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ പങ്കെടുത്തിരുന്നില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഇയോണ്‍ മോര്‍ഗന്‍.

വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാത്ത ടീമിന്റെ നീക്കം ആശ്ചര്യപ്പെടുത്തിയെന്നും മാനേജ്‌മെന്റ് അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നുണ്ടെന്നുമാണ് മോര്‍ഗന്‍ പറഞ്ഞത്.

‘ഞാന്‍ വളരെ ആശ്ചര്യപ്പെടുകയും ഞെട്ടുകയും ചെയ്തു. ഒരു ടീമിന്റെ ക്യാപ്റ്റന്‍ അല്ലെങ്കില്‍ ഹെഡ് കോച്ച് എന്ന നിലയില്‍ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കണം. കാര്യങ്ങള്‍ തെറ്റായിട്ടാണ് നടക്കുന്നത് എന്ന് ബോധ്യമായാല്‍ അതിനുള്ള കൃത്യമായ കാരണങ്ങള്‍ നിങ്ങള്‍ക്ക് അറിയണം. ഒരു വാര്‍ത്ത സമ്മേളനം നടക്കുമ്പോള്‍ സ്വാഭാവികമായും എല്ലാവരും ഹെഡ് കോച്ചിനെയൊ ക്യാപ്റ്റനേയൊ ആണ് അന്വേഷിക്കുക,’ മോര്‍ഗന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

ഇംഗ്ലണ്ട് ടീം മാനേജ്‌മെന്റ് അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണോ എന്നും മോര്‍ഗന്‍ ഉന്നയിച്ചു.

‘ചില സന്ദര്‍ഭങ്ങളില്‍ എനിക്കത് തോന്നുന്നു. നിങ്ങള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണോ എന്ന്. ഇപ്പോള്‍ ഇംഗ്ലണ്ട് ടീം ഒരു മുങ്ങുന്ന കപ്പലാണ് ഈ സാഹചര്യത്തില്‍ ആളുകള്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും അത് നിറവേറ്റുകയും ചെയ്യണം,’ മോര്‍ഗന്‍ കൂട്ടിചേര്‍ത്തു.

നിലവിലെ ചാമ്പ്യന്മാരുടെ തലയെടുപ്പുമായി വന്ന ഇംഗ്ലണ്ട് പക്ഷെ ഈ ലോകകപ്പില്‍ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട ഇംഗ്ലണ്ട് പിന്നീട് നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചുകൊണ്ട് ഇംഗ്ലണ്ട് തിരിച്ചു വരുകയായിരുന്നു. എന്നാല്‍ പിന്നീട് നടന്ന മത്സരങ്ങളില്‍ എല്ലാം തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ പരാജയപ്പെടുകയായിരുന്നു ഇംഗ്ലീഷ് പട.

Content Highlight: Eion Morgan criticize England cricket team for they didn’t face the media.