| Friday, 8th January 2021, 3:07 pm

എട്ടാം തവണയും ചര്‍ച്ചയ്‌ക്കെത്തി കര്‍ഷകര്‍; അമിത് ഷായുടെ തീരുമാനത്തിന് കാത്തിരുന്ന് തോമര്‍; പിന്‍വാതില്‍ നീക്കം സജീവം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷകസംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന എട്ടാം ഘട്ട ചര്‍ച്ച ഉടന്‍ ആരംഭിക്കും. ഇന്നത്തെ ചര്‍ച്ചയില്‍ വിഷയത്തില്‍ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു.

കര്‍ഷകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്‍പ് കൃഷിമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഷായുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് കൃഷിമന്ത്രി കര്‍ഷകരുമായി സംസാരിക്കുക.

ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തന്നെ ഒത്തുതീര്‍പ്പിനായി കേന്ദ്രം പിന്‍വാതില്‍ ശ്രമം നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. സിഖ് മത നേതാവ് ബാബാ ലഖന്‍ സിംഗിന്റെ സഹായത്തില്‍ കര്‍ഷകരെ അനുനയിപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

ലഖന്‍ സിംഗിനെ കണ്ട കൃഷിമന്ത്രി സമരം ഒത്തുതീര്‍പ്പിലെത്താന്‍ അദ്ദേഹത്തിന്റെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ മാര്‍ച്ചിന് പിന്നാലെയാണ് സര്‍ക്കാര്‍ മധ്യസ്ഥ ശ്രമം സജീവമാക്കിയത്.

വിഷയത്തില്‍ ഇന്നു തീരുമാനമായില്ലെങ്കില്‍ ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍.

കര്‍ഷകരുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ വീട്ടിലേക്ക് പോകില്ലെന്നാണ് ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത്ത് പറഞ്ഞത്.

കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ നേതൃത്വത്തിലായിരുന്നു കര്‍ഷകരുമായി ഏഴാംഘട്ട ചര്‍ച്ച നടന്നത്. കേന്ദ്രവും കര്‍ഷക സംഘടനകളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടത്.

പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ചര്‍ച്ചയ്ക്കിടെ കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു. താങ്ങുവിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയാകാം എന്നും കേന്ദ്രം വ്യക്തമാക്കി. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക എന്നത് പ്രായോഗികമല്ലെന്ന് തോമറാണ് ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്. തുടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയിക്കഴിഞ്ഞു. കാര്‍ഷിക മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ നിയമങ്ങള്‍ എന്നും കേന്ദ്ര കൃഷിമന്ത്രി അവകാശപ്പെട്ടിരുന്നു.

നാലിന അജണ്ട മുന്‍നിര്‍ത്തിയാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞ തവണ തയ്യാറായത്. ഇതില്‍ രണ്ട് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തിരുന്നു. വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ്, വൈദ്യുതി ചാര്‍ജുമായി ബന്ധപ്പെട്ട നിയമം എന്നിവയില്‍ വിട്ടുവീഴ്ചയ്ക്ക് കേന്ദ്രം തയ്യാറായിരുന്നു.

എന്നാല്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാട് ഏഴാമത്തെ ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Eighth round of farmers-Centre talks underway at Vigyan Bhawan

We use cookies to give you the best possible experience. Learn more