മൂന്ന് ദിവസത്തിനുള്ളില്‍ പുഴയില്‍ നിന്നും ശേഖരിച്ചത് 1350 കിലോ മാലിന്യം; ചാലിയാര്‍ റിവര്‍ പാഡില്‍ സമാപിച്ചു
Kerala News
മൂന്ന് ദിവസത്തിനുള്ളില്‍ പുഴയില്‍ നിന്നും ശേഖരിച്ചത് 1350 കിലോ മാലിന്യം; ചാലിയാര്‍ റിവര്‍ പാഡില്‍ സമാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th November 2022, 12:55 pm

കോഴിക്കോട്: ഏഷ്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് യാത്രയായ ചാലിയാര്‍ റിവര്‍ പാഡില്‍ സമാപിച്ചു. ഇന്ത്യക്ക് പുറമെ റഷ്യ, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം പേരാണ് മൂന്ന് ദിവസത്തെ ദീര്‍ഘദൂര കയാക്കിങ് ബോധവല്‍ക്കരണ യാത്രയില്‍ പങ്കെടുത്തത്.

ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീര്‍ഘദൂര കയാക്കിങ് ബോധവല്‍ക്കരണ യാത്ര എട്ടാം തവണയാണ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബ്ബാണ് യാത്ര സംഘടിപ്പിച്ചത്. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റ്, ഡെക്കാത്ത്ലോണ്‍, യോലോ, കോഴിക്കോട് പാരഗണ്‍ റസ്റ്ററന്റ്, കേരള എനര്‍ജി മാനേജ്മെന്റ് സെന്റര്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

നൂറോളം പേര്‍ പങ്കെടുത്തതില്‍ എട്ട് പേര്‍ വനിതകളായിരുന്നു. പതിമൂന്ന് വയസ്സുള്ള കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിനി ഷെസ്റിന്‍ ഇക്ബാലും മുംബൈ സ്വദേശിനി ഓവിനായര്‍ ഷാഫിയുമാണ് സംഘത്തിലെ പ്രായം കുറഞ്ഞവര്‍. ജര്‍മന്‍ സ്വദേശിയായ എണ്‍പതുകാരന്‍ കാള്‍ ഡംഷനാണ് പ്രായം കൂടിയാള്‍.

ചാലിയാറിലൂടെ സംഘം 68 കിലോമീറ്റര്‍ സഞ്ചരിച്ചു. വിവിധ തരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ്പ് പാഡിലിലും പായ്വഞ്ചിയിലുമായിട്ടായിരുന്നു യാത്ര. പ്രശസ്ത റഷ്യന്‍ കയാക്കിങ് താരം ആന്റണ്‍ സെഷ്നിക്കോവാണ് യാത്ര നയിച്ചത്. ഇന്ത്യന്‍ സെയ്‌ലിങ് താരവും ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവുമായ ശ്വേത ഷെര്‍വെഗറും ചാലിയാര്‍ റിവര്‍ പാഡിലില്‍ പങ്കെടുത്തു.

മൂന്ന് ദിവസങ്ങളിലായി ചാലിയാര്‍ പുഴയില്‍ നിന്നും 1350 കിലോഗ്രാം മാലിന്യമാണ് സംഘം ശേഖരിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേംസിന്റെ സഹകരണത്തോടെ ഈ മാലിന്യം വേര്‍തിരിച്ച് പുനചംക്രമണത്തിന് അയക്കുമെന്ന് ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സിന്റെ സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക പറഞ്ഞു.

പുഴയില്‍ നിന്ന് ശേഖരിച്ച മാലിന്യത്തിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തി. ചാലിയാറിന്റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നദീസംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ഇതിനുപുറമെ നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും വിവിധതരം ജല കായിക വിനോദങ്ങളും പരിചയപ്പെടുത്തി.

ഇന്ത്യയിലെ ഒന്നാമത്തെ ദീര്‍ഘദൂര കയാക്കിങ് യാത്രയായ ചാലിയാര്‍ റിവര്‍ പാഡില്‍ വെള്ളിയാഴ്ചയാണ് നിലമ്പൂരില്‍ നിന്ന് ആരംഭിച്ചത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ യാത്ര സമാപിച്ചു.

ഊര്‍ക്കടവില്‍ വെച്ച് ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ചംഗ സംഘവും കയാക്കിങ് സംഘത്തോടൊപ്പം ചേര്‍ന്നു. മണക്കടവില്‍ കയാക്കിങ് സംഘത്തിന് ആശംസകള്‍ നേരാന്‍ ജില്ലാ കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയും എത്തിയിരുന്നു.

ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന സമാപന സമ്മേളനത്തില്‍ റഷ്യന്‍ കയാക്കിങ് താരം ആന്റണ്‍ സെഷ്നിക്കോവ്, ഇന്ത്യന്‍ സെയ്‌ലിങ് താരം ശ്വേത ഷെര്‍വെഗര്‍, ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സിന്റെ സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക, മാനേജിങ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍, ജനറല്‍ മാനേജര്‍ സുബി ബോസ് എന്നിവര്‍ സംസാരിച്ചു.

Content Highlight: Eighth Chaliyar River Paddle, Kayakers remove over 1,350 kg of garbage from the river