ഭോപ്പാല്‍: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ചരിഞ്ഞത് എട്ട് കാട്ടാനകള്‍. മറ്റൊരു ആന ഗുരുതരാവസ്ഥയിലാണെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആനകളുടെ മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളുവെന്നും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എല്‍. കൃഷ്ണമൂര്‍ത്തി അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ആനകള്‍ക്ക് വിഷബാധ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ചൊവ്വാഴ്ച ഉച്ചയോടെ ബി.ടി.ആറില്‍ നിന്ന് 100-200 മീറ്റര്‍ അകലെയാണ് നാല് കാട്ടാനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഖിതൗലിയിലെ സലാഖന്യ ബീറ്റിലും പടൗര്‍ കോര്‍ റേഞ്ചിലുമായാണ് ആനകളെ കണ്ടെത്തിയത്.
തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ ഈ മേഖലയില്‍ നിന്ന് നാല് കാട്ടാനകളെ കൂടി ചരിഞ്ഞ നിലയില്‍ കണ്ടെത്തി. എട്ട് വെറ്റിനറി ഡോക്ടര്‍മാരുടെ സംഘമാണ് ആനകളുടെ പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.
ജഡങ്ങള്‍ കണ്ടെടുത്ത പ്രദേശങ്ങളിലൂടെ 13 അംഗ ആനക്കൂട്ടം സഞ്ചരിച്ചിരുന്നതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതില്‍ മൂന്ന് ആനകളെ ചികിത്സയ്ക്ക് ശേഷം വനത്തിലേക്ക് തുറന്നുവിട്ടുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രദേശത്തെ തിനവിളകളില്‍ ഉപയോഗിക്കുന്ന കൂടിയ അളവിലുള്ള കീടനാശിനി ആനകളുടെ ഉള്ളില്‍ എത്തിയിട്ടുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ സംശയം പറയുന്നു. ആനകള്‍ വിളകള്‍ നശിപ്പിക്കാതിരിക്കാന്‍ നാട്ടുകാര്‍ കീടനാശിനി തെളിച്ചിരിക്കാമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിനായി സംസ്ഥാന വനം വകുപ്പിന്റെ പ്രത്യേക ദൗത്യസേന ബി.ടി.ആറിലെത്തിയിട്ടുണ്ട്. നിലവില്‍ സങ്കേതത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ എസ്.ടി.എഫ് അന്വേഷണം ആരംഭിച്ചു. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി ഫോറസ്റ്റ് ഓഫീസര്‍മാരുടെ സംഘത്തെ ബി.ടി.ആറിലേക്ക് അയച്ചിട്ടുണ്ടെന്നും എസ്.ടി.എഫ് വൃത്തങ്ങള്‍ പറയുന്നു.
കണക്കുകള്‍ പ്രകാരം 60ഓളം കാട്ടാനകള്‍ കൂട്ടത്തോടെ ബി.ടി.ആറിലൂടെ സഞ്ചരിക്കുന്നുണ്ട്. ഇവ 2018ല്‍ ഛത്തീസ്ഗഡില്‍ നിന്ന് ബി.ടി.ആറിലേക്ക് കുടിയേറിയതാണെന്നാണ് പറയുന്നത്.
Content Highlight: Eight wild elephants killed in Madhya Pradesh in 48 hours