| Monday, 12th March 2018, 7:39 am

തേനിയില്‍ കാട്ടുതീ; എട്ടുപേര്‍ കൊല്ലപ്പെട്ടു, 25 പേരെ രക്ഷപ്പെടുത്തി; തീ നിയന്ത്രണ വിധേയമെന്ന് വനംവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: തമിഴി്‌നാട്-കേരള അതിര്‍ത്തിയായ തേനിയില്‍ ഉണ്ടായ കാട്ടുതീയില്‍ എട്ടുപേര്‍ മരിച്ചു. കാ്ട്ടൂതീയില്‍ അകപ്പെട്ട 25 പേരെ രക്ഷപ്പെടുത്തിയതായി വനംവകുപ്പ് അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ പറഞ്ഞു.

എട്ട് പേര്‍ കൊല്ലപ്പെട്ടതായി തേനി ഡി.വൈ.എസ്.പി മാധ്യമങ്ങളെ അറിയിച്ചു. സേലം ഈറോഡ് എന്നിവിടങ്ങളിലെ ഐ.ടി.ഐകളില്‍ നിന്ന് ട്രക്കിംഗ് പരിശീലനത്തിന് എത്തിയ 24 പെണ്‍കുട്ടികളും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരായ 12 പേരുമാണ് വനത്തില്‍ അകപ്പെട്ടത്. മൂന്നാറില്‍ നിന്ന് ഉദ്ദേശം 60 കിലോമീറ്റര്‍ അകലെ കൊളുക്കുമല തേയില തോട്ടത്തിന്റെയും മീശപ്പുലിമലയുടെ താഴ്വരയിലെ കൊരങ്ങിണി വനത്തിലാണ് കാട്ടൂതീ ഉണ്ടായത്. പരിക്കേറ്റ 10 പേര്‍ ഇപ്പോഴും വനത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ഞായറാഴ്ച വൈകിട്ട് ആറിനാണ് വിദ്യാര്‍ത്ഥികള്‍ കാട്ടുതീയില്‍ അകപ്പെട്ടതായി പുറംലോകം അറിയുന്നത്. ഉടന്‍തന്നെ എസ്റ്റേറ്റിലെ തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിലേക്ക് എത്തിയിരുന്നു. ഏഴുപേരെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് കണ്ടെത്തി ബോഡിനായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.

വിവരം അറിഞ്ഞ് തേനിയില്‍ നിന്ന് അഗ്‌നിശമനസേനയുടെ നിരവധി യൂണിറ്റുകള്‍ കൊരങ്ങിണി വനമേഖലയിലേക്ക് എത്തിയെങ്കിലും വിദ്യാര്‍ത്ഥികള്‍ അകപ്പെട്ട പ്രദേശത്തേക്ക് റോഡ് ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായി. സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ നിര്‍ദ്ദേശമനുസരിച്ച് വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

അതേസമയം പ്രദേശത്ത് ഇരുട്ട് ബാധിച്ചതിനാലും വനമേഖലയായതുകൊണ്ടും ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള പരിശോധന തുടരാന്‍ കഴിഞ്ഞിരുന്നില്ല. തേനി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വനംവകുപ്പ്, പൊലീസ്, അഗ്‌നിശമനസേന, റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മലഞ്ചെരുവില്‍ തീയോടൊപ്പം ശക്തമായ കാറ്റുവീശുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്.

We use cookies to give you the best possible experience. Learn more