നിര്‍ണായകമായ സീരീസ് ഡിസൈഡറില്‍ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പര 2-3ന് സന്ദര്‍ശകര്‍ പരാജയപ്പെട്ടിരുന്നു. സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
ഒരു ടീം എന്ന നിലയില്‍ ഇന്ത്യയുടെ പോരായ്മകളെല്ലാം തന്നെ ഈ പരമ്പരയില്‍ മുഴച്ചുനിന്നിരുന്നു. ഇതില്‍ ആരാധകര്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചതാകട്ടെ ഹര്‍ദിക് പാണ്ഡ്യയുടെ മോശം ക്യാപ്റ്റന്‍സിയും. ഇന്ത്യയുടെ ബൗളിങ്ങിലാണ് ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നത്. പലപ്പോഴും സ്റ്റാര്‍ ബൗളര്‍മാര്‍ പോലും തങ്ങളുടെ ക്വാട്ട പൂര്‍ത്തിയാക്കാത്ത സാഹചര്യവും ഉണ്ടായിരുന്നു.
സീരീസ് ഡിസൈഡറിലെ അത്തരമൊരു പരീക്ഷണമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. തോറ്റാല്‍ പരമ്പര നഷ്ടമാകും എന്ന് ഉറപ്പുള്ള മത്സരത്തില്‍ വിന്‍ഡീസിന്റെ ശക്തമായ ബാറ്റിങ് നിരക്ക് മുമ്പില്‍ നടത്തിയ പരീക്ഷണമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
ഇന്ത്യന്‍ നിരയിലെ എട്ട് പേരും കഴിഞ്ഞ മത്സരത്തില്‍ പന്തെറിഞ്ഞിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, ഓപ്പണര്‍ ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മാത്രമാണ് കഴിഞ്ഞ മത്സരത്തില്‍ പന്തെറിയാതിരുന്നത്.
സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യൂസ്വേന്ദ്ര ചഹലും മാത്രമാണ് കഴിഞ്ഞ മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കിയത്. ബൗളര്‍മാരായി സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പലരും ഒറ്റ ഓവര്‍ മാത്രം എറിഞ്ഞപ്പോള്‍ ഐ.പി.എല്ലില്‍ പോലും പന്തെറിയാതിരുന്ന താരങ്ങളെ പന്തേല്‍പിക്കാനും ഹര്‍ദിക് മടിച്ചില്ല.
ഹര്‍ദിക് പാണ്ഡ്യ മൂന്ന് ഓവര്‍ പന്തെറിഞ്ഞപ്പോള്‍ ബൗളര്‍മാരായി ടീമില്‍ സ്ഥാനം പിടിച്ച അര്‍ഷ്ദീപ് സിങ് രണ്ട് ഓവറും മുകേഷ് കുമാര്‍ ഒറ്റ ഓവറും മാത്രമാണ് എറിഞ്ഞത്.
ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് ഒറ്റ ഓവര്‍ മാത്രം നല്‍കിയപ്പോള്‍ തിലക് വര്‍മക്ക് രണ്ട് ഓവറും യശസ്വി ജെയ്‌സ്വാളിന് ഒരു ഓവറും ഹര്‍ദിക് നല്‍കി. ഐ.പി.എല്ലില്‍ കളിച്ച 37 മത്സരത്തില്‍ നിന്നും വെറും ഒറ്റ പന്ത് മാത്രം എറിഞ്ഞ ജെയ്‌സ്വാളിന് നിര്‍ണായക മത്സരത്തില്‍ പന്തെറിയാന്‍ ഏല്‍പിച്ചതിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്.
ഹര്‍ദിക്കിന്റെ ഈ പ്ലാന്‍ വിജയിച്ചിട്ടുമില്ലായിരുന്നു. കുല്‍ദീപ് യാദവ് ഒഴികെയുള്ള എല്ലാ താരങ്ങളും കഴിഞ്ഞ മത്സരത്തില്‍ അടിവാങ്ങിക്കൂട്ടിയിരുന്നു. പത്തിന് മുകളിലായിരുന്നു പലരുടെയും എക്കോണമി.
ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍) – 3.0 – 0 – 32 – 0 – 10.67
അര്‍ഷ്ദീപ് സിങ് – 2.0 – 0 – 20 – 1 – 10.00
കുല്‍ദീപ് യാദവ് – 4.0 – 0 – 1 8 – 0 – 4.50
യൂസ്വേന്ദ്ര ചഹല്‍ – 4.0 – 0 – 51 – 0 – 12.75
മുകേഷ് കുമാര്‍ – 1.0 – 0 – 10 – 0 – 10.00
തിലക് വര്‍മ – 2.0 – 0 – 17 – 1 – 8.50
അക്‌സര്‍ പട്ടേല്‍ – 1.0 – 0 – 8 – 0 – 8.00
യശസ്വി ജെയ്‌സ്വാള്‍ – 1.0 – 0 – 11 – 0 – 11.00 – എന്നിങ്ങനെയാണ് കഴിഞ്ഞ മത്സരത്തില്‍ ഓരോ ബൗളര്‍മാരും പന്തെറിഞ്ഞത്.
നിക്കോളാസ് പൂരന്‍ അടക്കമുള്ള ബാറ്റര്‍മാരെല്ലാം തന്നെ മികച്ച ഫോമില്‍ തുടരുമ്പോഴാണ് ഹര്‍ദിക് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത് എന്നതും ശ്രദ്ധേയമാണ്.
ഈ വിജയത്തിന് പിന്നാലെ തങ്ങളുടെ പേരിന് നേരെ കുറിക്കപ്പെട്ട വലിയൊരു കളങ്കം മായ്ച്ചുകളയാനും വിന്‍ഡീസിന് സാധിച്ചിരുന്നു. ഒന്നര പതിറ്റാണ്ടായി ഇന്ത്യയോടെ ഒരു ബൈലാറ്ററല്‍ സീരീസില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന ചീത്തപ്പേരാണ് വിന്‍ഡീസ് കഴുകിക്കളഞ്ഞത്.
Content Highlight: Eight players bowled in the Indian line-up in the Ind vs WI fifth match