ലാഹോര്‍: നിരോധിത തീവ്ര വലത് സംഘടനയായ തെഹ്‌രീക്-ഇ-ലബെയ്ക്ക് പാകിസ്ഥാനും (ടി.എല്‍.പി) പാക് പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പൊലീസുകാരടക്കം എട്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ പഞ്ചാബില്‍ ബുധനാഴ്ചയായിരുന്നു സംഭവം. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ദൈവനിന്ദയ്‌ക്കെതിരെ എന്ന പേരില്‍ റാഡിക്കല്‍ ഇസ്‌ലാമിസ്റ്റ് സംഘടന ആയുധങ്ങളുമായി ഇസ്‌ലാമാബാദിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് അക്രമമുണ്ടായത്. നാല് പൊലീസുദ്യോഗസ്ഥര്‍ മരിച്ചെന്നും 263 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പഞ്ചാബ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാവു സര്‍ദാര്‍ അലി ഖാന്‍ പറഞ്ഞു. പൊലീസ് വെടിവെയ്പില്‍ നേരത്തെ രണ്ട് ടി.എല്‍.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു എന്ന് ഒരു ടി.എല്‍.പി വക്താവും പറഞ്ഞിരുന്നു.
ഒരു ഫ്രഞ്ച് മാഗസിനില്‍ പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതാണ് പ്രശ്‌നങ്ങളിലേയ്ക്ക് നയിച്ചത്. ഇതിനെത്തുടര്‍ന്ന് പാകിസ്ഥാനിലെ ഫ്രഞ്ച് അംബാസിഡറെ പുറത്താക്കണമെന്നും ഫ്രാന്‍സിലേയ്ക്ക് തിരിച്ചയയ്ക്കണമെന്നുമാവശ്യപ്പെട്ട് ടി.എല്‍.പി പ്രതിഷേധമാരംഭിക്കുകയായിരുന്നു.
പ്രതിഷേധസമരങ്ങളെത്തുടര്‍ന്ന് ടി.എല്‍.പി നേതാവ് സാദ് റിസ്‌വിയെ ഏപ്രിലില്‍ പാക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെക്കൂടിയായിരുന്നു സംഘം കഴിഞ്ഞ ദിവസം പ്രതിഷേധിച്ചത്. റിസ്‌വിയെ വിട്ടയയ്ക്കാനും അംബാസിഡറെ പുറത്താക്കാനും രണ്ട് ദിവസത്തെ സമയം പൊലീസിന് അനുവദിക്കുന്നു എന്നായിരുന്നു ഞായറാഴ്ച ടി.എല്‍.പി വൃത്തങ്ങള്‍ പറഞ്ഞത്.
അക്രമസംഭവങ്ങളെത്തുടര്‍ന്ന്, പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിന് പ്രദേശത്ത് രണ്ട് മാസത്തേയ്ക്ക് പ്രത്യേകം സൈന്യത്തെ വിന്യസിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹ്മദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.