റായ്പുര്‍: ചത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ നടന്ന ഏറ്റമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ്. തെലങ്കാന ചത്തീസ്ഗഢ് അതിര്‍ത്തിയിലെ പെന്റ ഗ്രാമത്തിനോടു ചേര്‍ന്ന വനമേഖലയിലാണ് സംഭവം. പ്രദേശത്തുനിന്ന് വന്‍ ആയുധ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്.
തെലങ്കാന അതിര്‍ത്തിയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയില്‍ തെലങ്കാന പൊലീസിന്റെ നക്സല്‍ വിരുദ്ധ സേനയും സുരക്ഷാസേനയും സംയുക്തമായാണ് ഇത്തരമൊരു നീക്കം നടത്തിയത്. പ്രദേശത്ത് നിന്ന് രണ്ട് റൈഫിളുകള്‍, ആറ് റോക്കറ്റ് ലോഞ്ചറുകള്‍, മൂന്ന് ഗ്രനേഡുകള്‍ എന്നിവ കണ്ടെടുത്തു.
ഏറ്റുമുട്ടല്‍ നടന്ന കൃത്യമായ സമയത്തെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു. മേഖലയില്‍ കഴിഞ്ഞ ദിവസം 60 മാവോയിസ്റ്റുകള്‍ ആയുധം വെച്ച് കീഴടങ്ങിയതായും 40 പുരുഷന്‍മാരും 20 സ്ത്രീകളുമായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്നും പൊലീസ് പറയുന്നു.
Read Also : ‘കള്ളം മാത്രം പറയുന്ന ആളാണ് മോദി; ഈ മനുഷ്യന് ഇന്ത്യയെ മുന്നോട്ട് നയിക്കാനാവില്ല’; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
നേരത്തെ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലും മാവോയിസ്റ്റ് വേട്ട നടന്നിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 30 ഓളം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ട്. ബോറിയ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മഹാരാഷ്ട്ര പൊലീസിലെ സി-60 കമാന്‍ഡോസിന്റെ നേതൃത്വത്തിലാണ് മാവോയിസ്റ്റ് വേട്ട നടന്നത്.
സി.പി.ഐ മാവോയിസ്റ്റ് സൗത്ത് ഗഡ്ചിറോളി ഡിവിഷന്‍ അംഗം സിനു, പെരിമിളി ദളം കമാന്‍ഡര്‍ സായിനാഥ് എന്നീ രണ്ട് ഡിവിഷണല്‍ കമ്മിറ്റി നേതാക്കള്‍ കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞിരുന്നു. ഇതാദ്യമായണ് രണ്ട് ഡിവിഷണല്‍ കമ്മിറ്റി നേതാക്കള്‍ ഒരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതെന്നും 14 മൃതശരീരങ്ങളും കണ്ടെടുത്തുവെന്നും ഗഡ്ചിറോളി പൊലീസ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ അങ്കുഷ് ഷിന്‍ഡെ പറഞ്ഞിരുന്നു.
കൊല്ലപ്പെട്ടവരില്‍ സ്ത്രീകളുണ്ടോയെന്നത് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഗഡ്ചിറോളിയില്‍ 19 മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.