അണ്ടര്‍ 19 ലോകകപ്പുമായി ഇന്ത്യയുടെ യശസ്സുയര്‍ത്തിയിട്ടും ഇന്ത്യന്‍ യുവതാരങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ഐ.പി.എല്ലില്‍ പങ്കെടുക്കാന്‍ അവസരമില്ല. ഐ.പി.എല്ലിന്റെ മെഗാലേലത്തിലടക്കം ഇവര്‍ക്ക് അയോഗ്യതയുണ്ട്.
ലോകകപ്പിലെ ഇന്ത്യയുടെ വിജയശില്‍പികളിലൊരാളും ടീമിന്റെ വൈസ് ക്യാപ്റ്റനുമായ ഷെയ്ഖ് റഷീദ് അടക്കമുള്ള എട്ട് താരങ്ങള്‍ക്കാണ് ഐ.പി.എല്ലില്‍ അയോഗ്യത കല്‍പിച്ചിരിക്കുന്നത്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ലീഗിലൊന്നായ ഐ.പി.എല്ലില്‍ തങ്ങളുടെ കഴിവ് പുറത്തെടുക്കാന്‍ സാധിക്കില്ല.
മെഗാലേലത്തിന്റെ ഭാഗവമാവണമെങ്കില്‍ ബി.സി.സി.ഐയുടെ ചില യോഗ്യതാ മാനദണ്ഡങ്ങളുണ്ട്. ഇക്കാരണത്താലാണ് ലോകകപ്പ് സംഘത്തിലെ എട്ടു പേരെ ലേലത്തില്‍ നിന്നും അയോഗ്യരാക്കിയിരിക്കുന്നത്.
ബി.സി.സി.ഐയുടെ നിയമാവലി പ്രകാരം ഐ.പി.എല്ലിന്റെ ലേലത്തില്‍ ഉള്‍പ്പെടണമെങ്കില്‍ സീനിയര്‍ ടീമിനായി കളിച്ചിട്ടില്ലാത്ത താരങ്ങള്‍ ചില യോഗ്യതാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഇതിലൊന്ന് ഈ താരം 19 വയസ്സിനു മുകളില്‍ പ്രായമുള്ളയാളാവണം എന്നതാണ്.
ഇനി അണ്ടര്‍ 19 കളിക്കാരനാണെങ്കില്‍ അയാള്‍ സംസ്ഥാനത്തിനു വേണ്ടി ചുരുങ്ങിയത് ഒരു ഫസ്റ്റ് ക്ലാസ് മല്‍സരമോ, ലിസ്റ്റ് എ മത്സരമോ കളിച്ചിരിക്കണം. എന്നാല്‍ ലോകകപ്പ് ടീമിലെ എട്ട് താരങ്ങളും ഈ മാനദണ്ഡങ്ങള്‍ക്ക് പുറത്തുള്ളവരാണ്.
കൊവിഡിനെ തുടര്‍ന്ന് പല ആഭ്യന്തര ടൂര്‍ണമെന്റുകളും റദ്ദാക്കപ്പെടുകയോ, മാറ്റി വെക്കപ്പെടുകയോ ചെയ്തതിനാലാണ് ഇവര്‍ക്ക് സ്വന്തം സംസ്ഥാനത്തിനു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കാതെ പോയത്.
ഇക്കാര്യം പരിഗണിച്ച് നിയമത്തില്‍ ഇളവ് നല്‍കി ലേലത്തിന്റെ ഭാഗമാവാന്‍ യുവതാരങ്ങള്‍ ബി.സി.സി.ഐയോടു അഭ്യര്‍ഥിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പലരും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തു വരികയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ബി.സി.സി.ഐ ഇതിനെ ഒരു പ്രത്യേക സാഹചര്യമായി കണക്കിലെടുത്ത് ഇവര്‍ക്ക് ഒരു അവസരം നല്‍കണമെന്നാണ് തനിക്ക് തോന്നുന്നതെന്നാണ് ബി.സി.സി.ഐ അഡ്മിനിസ്‌ട്രേറ്ററായ രത്‌നാകര്‍ ഷെട്ടി പറയുന്നത്. എന്നാല്‍ ഇത് എത്രകണ്ട് നടക്കും എന്ന കാര്യത്തില്‍ സംശയം മാത്രമാണുള്ളത്.
Content highlight: Eight India U19 World Cup winning players not eligible to feature in mega auction