| Friday, 29th November 2024, 9:32 am

പ്രവാചകനിന്ദ നടത്തിയ ഹിന്ദു സന്ന്യാസിയുടെ വീഡിയോ പങ്കുവെച്ച മുഹമ്മദ് സുബൈറിനുമേല്‍ ചുമത്തിയത് എട്ട് എഫ്.ഐ.ആറുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ദസറയ്ക്ക് രാവണന്റെ കോലം കത്തിക്കുന്നതിന് പകരം മുഹമ്മദ് നബിയുടെ കോലം കത്തിക്കണമെന്ന് പറഞ്ഞ ഹിന്ദു സന്ന്യാസി യതി നരസിംഹാനന്ദയുടെ വീഡിയോ പങ്കുവെച്ച ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി യു.പി പൊലീസ്.

പല തവണ, പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ആളാണ് സ്വാമി നരസിംഹാനന്ദ. ഇതിന്റെ വാര്‍ത്തകള്‍ എല്ലാം തന്നെ സുബൈര്‍ ആള്‍ട്ട് ന്യൂസിലൂടെ പ്രസിദ്ധപ്പെടുത്തിയിരുന്നു.

രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും അപകടത്തിലാക്കിയെന്നാരോപിച്ചാണ് യു.പി പൊലീസ് സുബൈറിനെതിരെ പുതിയ കുറ്റം ചുമത്തിയിരിക്കുന്നത്. നരസിംഹാനന്ദയുടെ വീഡിയോ പങ്കുവെച്ചതിന്റെ പേരില്‍ മാത്രം എട്ട് എഫ്.ഐ.ആറുകള്‍ ആണ് ഇദ്ദേഹത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുഹമ്മദ് നബിക്കെതിരേയും ഇസ്‌ലാം മതത്തിനെതിരേയും വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് തെലങ്കാന, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ എല്ലാം തന്നെ നരസിംഹാനന്ദയ്‌ക്കെതിരെ കേസുകളുണ്ട്. ഇപ്പോള്‍ അയാളുടെ സഹായിയാണ് സുബൈറിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് സുബൈറും അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് ഹരജിക്കാരന്റെ മേല്‍ ചുമത്തിയ കുറ്റങ്ങള്‍ ഗാസിയാബാദ് പൊലീസ് കോടതിയെ അറിയിച്ചത്.

അതേസമയം സുബൈറിനെതിരായ നടപടിയില്‍ വ്യാപകമായ വിമര്‍ശനമാണ് രാഷ്ട്രീയ രംഗത്ത് നിന്നുള്‍പ്പെടെ ഉയരുന്നത്. വിദ്വേഷ ശക്തികള്‍ക്കെതിരെ നിരന്തരം പോരാടുന്നവരെ വായടപ്പിക്കാനുള്ള ശ്രമമാണിതെന്നാണ് ഡി.എം.കെ എം.പിയായ കനിമൊഴി ഈ വിഷയത്തില്‍ പ്രതികരിച്ചത്.

പ്രതീക് സിന്‍ഹയും മുഹമ്മദ് സുബൈറും ചേര്‍ന്ന് 2017ല്‍ ആരംഭിച്ച ഫാക്റ്റ് ചെക്കിങ് സ്ഥാപനമാണ് ആള്‍ട്ട് ന്യൂസ്. വ്യാജവാര്‍ത്തകളെ വസ്തുതകള്‍ കൊണ്ട് പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ഈ സ്ഥാപനം 2020 ഏപ്രില്‍ വരെ ഇന്റര്‍നാഷണല്‍ ഫാക്റ്റ് ചെക്കിങ്ങ് നെറ്റ്‌വര്‍ക്കിന്റെ ഔദ്യോഗിക പങ്കാളിയായിരുന്നു.

Content Highlight: Eight FIRs filed against journalist who shared video of Hindu saint blaspheming Prophet Mohammad

We use cookies to give you the best possible experience. Learn more