ചെന്നൈ: എട്ട് പതിറ്റാണ്ട് നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ തെന്‍മുടിയന്നൂര്‍ ഗ്രാമത്തിലെ ദളിത് വിഭാഗക്കാര്‍ തിങ്കളാഴ്ച മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു.
200 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ കഴിഞ്ഞ 80 വര്‍ഷത്തിലേറെയായി ദളിതര്‍ക്ക് പ്രവേശന അനുമതിയുണ്ടായിരുന്നില്ല. ക്ഷേത്രത്തില്‍ കയറാനെത്തുന്ന ദളിത് വിഭാഗക്കാരെ തടയുന്നതും സംഘര്‍ഷമുണ്ടാക്കുന്നതും പതിവ് കാഴ്ചയായിരുന്നു. തെന്‍മുടിയന്നൂര്‍ ഗ്രാമത്തില്‍ ആകെയുള്ള 1700 കുടുംബങ്ങളില്‍ 500 ഓളം കുടുംബങ്ങള്‍ പട്ടികജാതി വിഭാഗക്കാരാണ്.
വിഷയത്തില്‍ പ്രദേശവാസികള്‍ ഹിന്ദു മത ചാരിറ്റി വകുപ്പിന് നിവേദനം നല്‍കിയിരുന്നു. വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പരാതി സത്യമാണെന്ന് സ്ഥിരീകരിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് ദളിത് കുടുംബങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനത്തിന് അനുമതി ലഭിച്ചത്. ഏതെങ്കിലും തരത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആരാധനക്ക് പ്രയാസം നേരിട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പൊലീസിന് നിര്‍ദേശം നല്‍കി.
പൊലീസ് സാന്നിധ്യത്തില്‍ നൂറുകണക്കിന് ദളിത് വിഭാഗത്തില്‍പ്പെട്ട ആളുകളാണ് തിങ്കളാഴ്ച ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഇതിനിടയില്‍ ദളിതര്‍ പ്രവേശിച്ച ക്ഷേത്രം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് 750 ഓളം പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഇതിന് മുമ്പ് പുതുക്കോട്ട ജില്ലയിലും ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രവേശനം അനുവദിച്ചിരുന്നു.
Content Highlight: Eight decades of protest, Dalits enter a temple in Thenmudiannoor village in Tamil Nadu