ബെംഗളൂരു: അയോധ്യയിലെ ലതാ മങ്കേഷ്‌കര്‍ ചൗക്കില്‍ കോടികള്‍ മുടക്കി വീണ സ്ഥാപിക്കുമ്പോള്‍ അവിടെ തന്നെ ഒരു പ്രൈമറി സ്‌കൂളില്‍ കുട്ടികളുടെ ഉച്ചഭക്ഷണം ഉപ്പും ചോറുമാണ് എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റ്. അയോധ്യയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചോറും ഉപ്പും മാത്രം കൊടുക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് പ്രകാശ് രാജിന്റെ പ്രതികരണം.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസമാണ് അയോധ്യയിലെ ‘ലതാ മങ്കേഷ്‌കര്‍ ചൗക്ക്’ ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ 93-ാം ജന്മദിനത്തോടനുബന്ധിച്ച് 40 അടി നീളമുള്ള ഒരു ഭീമന്‍ ‘വീണ’യാണ് സമര്‍പ്പിച്ചത്. 40 അടി നീളവും 12 മീറ്റര്‍ ഉയരവും 14 ടണ്‍ ഭാരവുമുള്ള വീണയ്ക്ക് വേണ്ടി 7.9 കോടിയാണ് മുടക്കിയിരിക്കുന്നത്.
ഗായികയുടെ 92 വര്‍ഷത്തെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന 92 താമരകള്‍, സപ്ത സ്വരങ്ങളെ പ്രതിനിധീകരിക്കുന്ന ഏഴ് തൂണുകളും ഉണ്ട്. സരയൂ നദിയുടെ തീരത്താണ് ലതാ മങ്കേഷ്‌കര്‍ ചൗക്ക് സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം, അയോധ്യയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ചോറും ഉപ്പും മാത്രം കൊടുക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ തന്നെയാണ് വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
വിഷയത്തില്‍ അധ്യാപകര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വിസമ്മതിച്ചുവെന്നും ഗ്രാമമുഖ്യനും വിഷയം തള്ളിക്കളഞ്ഞെന്നും വീഡിയോ പകര്‍ത്തുന്നയാള്‍ പറയുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റ ഉച്ചഭക്ഷണ പദ്ധതിയിലാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭക്ഷണം നല്‍കുന്നത്. ‘മിഡ്-ഡേ മീല്‍ മെനു’ എന്ന് ബോര്‍ഡും വീഡിയോയില്‍ കാണാം. മെനു പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ദാല്‍, പാല്, മുട്ട, പച്ചക്കറികള്‍ തുടങ്ങിയവയും വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്.
അതേസമയം ഉത്തരവ് പ്രകാരം അനുശാസിച്ചിരിക്കുന്ന ഭക്ഷണം തന്നെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതെന്നും അതില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാകരുതെന്നുമായിരുന്നു സംഭവത്തില്‍ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാറിന്റെ പ്രതികരണം. വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും മജിസ്ട്രേറ്റ് വ്യക്തമാക്കി.
വൈറലായ വീഡിയോയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തതായി ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ ഡി.എം അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
2019ല്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയിലെ ഒരു പ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ ഉച്ചഭക്ഷണത്തില്‍ റൊട്ടിയും ഉപ്പും കഴിക്കുന്നത് ചിത്രീകരിച്ചതിന് മിര്‍സാപൂര്‍ ജില്ലയിലെ മാധ്യമപ്രവര്‍ത്തകനെ സസ്‌പെന്‍ഡ് ചെയ്തതും വാര്‍ത്തയായിരുന്നു. അന്നും സ്‌കൂള്‍ പ്രിന്‍സിപ്പളിന് നേരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് യു.പി പൊലീസ് കേസ് പിന്‍വലിക്കുകയായിരുന്നു.