2017ല്‍ വിവാദ ചുഴിയില്‍പ്പെടുത്തിയ ഏട്ടു സിനിമകളും അതിന്റെ കാരണങ്ങളും
FILM CONTROVERSY
2017ല്‍ വിവാദ ചുഴിയില്‍പ്പെടുത്തിയ ഏട്ടു സിനിമകളും അതിന്റെ കാരണങ്ങളും
അശ്വിന്‍ രാജ്
Sunday, 31st December 2017, 6:59 pm

സിനിമ രംഗത്തെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ വര്‍ഷമായിരുന്നു 2017 നിരവധി മികച്ച സിനിമകള്‍ പ്രേക്ഷകന് സമ്മാനിച്ച വര്‍ഷം. എന്നാല്‍ ഇതേ വര്‍ഷം തന്നെയാണ് മുമ്പ് എങ്ങുമില്ലാത്ത വിധം സിനിമകള്‍ വിവാദങ്ങളില്‍ പെട്ടത്. സിനിമകളെ സെന്‍സര്‍ ചെയ്യുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിരന്തരം വിവാദങ്ങള്‍ ഉണ്ടായി.

കച്ചവട സിനിമകളും സ്വതന്ത്യ സിനിമകളും ഇതില്‍ ഒരു പോലെ ഉള്‍പ്പെട്ടു. 2017ന്റെ ആരംഭവും അവസാനവും സിനിമയും സെന്‍സര്‍ ബോര്‍ഡും തമ്മിലുള്ള വിവാദങ്ങളിലൂടെയാണ്. 2017 ന്റെ തുടക്കത്തില്‍ അലംകൃത ശ്രീവാസ്തവയുടെ സിനിമയായ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയാണ് വിവാദമായതെങ്കില്‍ അവസാനിക്കുന്നത് സജ്ഞയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത പത്മാവദിയിലൂടെയാണ്.

2017ല്‍ ഇന്ത്യയില്‍ ചര്‍ച്ചയാവുകയും വിവാദത്തില്‍ പെടുകയും ചെയ്ത എട്ടു സിനിമകളും അതിന്റെ കാരണങ്ങളും ഇതായിരുന്നു.

1. ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ ( ഹിന്ദി)

Related image

അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രമാണ് ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ (ഘശുേെശരസ ണമമഹല ടമുില).പ്രകാശ് ഝാ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ കൊങ്കണ സെന്‍ ശര്‍മ, രത്ന പഥക് ഷാ, അഹാന കുമ്ര, പ്ലബിത ബൊര്‍ഥാകൂര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2017 ജനുവരിയില്‍ തിയ്യേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച ചിത്രത്തിന് എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിക്കുകയായിരുന്നു. ചിത്രത്തില്‍ ജീവിതത്തിന് മുകളില്‍ സ്ത്രീകളുടെ ഫാന്റസിയെ പ്രതിഷ്ഠിക്കുന്നു, മോശം വാക്കുകള്‍ ഉപയോഗിക്കുന്നു, ലൈംഗികബന്ധത്തിന്റെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു, ഓഡിയോ പോണോഗ്രാഫിയുണ്ട് തുടങ്ങിയവയായിരുന്നു അനുമതി നിഷേധിക്കാന്‍ സെന്‍സര്‍ ബോഡ് കാരണം കാട്ടിയത്. തുടര്‍ന്ന് വിവാദങ്ങളും പ്രതിഷേധങ്ങളും ശക്തമാവുകയും ചെയ്തു. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിന് എതിരെ ഫിലിം ട്രൈബ്യുണലില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ച പതിനാറ് കട്ടുകള്‍ക്ക് ശേഷം 2017 ജൂലായില്‍ ചിത്രം തിയ്യറ്ററുകളില്‍ റിലീസ് ചെയ്തു.

2. ഇന്ദു സര്‍ക്കാര്‍ (ഹിന്ദി)

Related image

അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ മധുര്‍ ഭണ്ഡാക്കര്‍ സംവിധാനം ചെയ്ത സിനിമയാണ് ഇന്ദു സര്‍ക്കാര്‍. ഭാരത് ഷായും ഭണ്ഡാക്കറും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ കൃതി കുല്‍ഹാരി, നേല്‍ നിതിന്‍ മുകേഷ്, സുപ്രിയ വിനോദ്, അനുപം ഖേര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2017 ജൂലായില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രത്തിനെതിരെ ഇന്ദിരഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെയും ജീവിതകഥയുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് നടക്കുന്ന തന്റെ ചിത്രത്തിന്റെ കഥ 30 ശതമാനം യാഥാര്‍ത്ഥ്യങ്ങളും 70 ശതമാനം ഭാവനയും കോര്‍ത്തിണക്കിയതാണെന്നായിരുന്നു മധു ഭണ്ഡാക്കറുടെ വാദം. തുടര്‍ന്ന് ചിത്രം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ ചിലര്‍ സമീപിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച പതിനാല് കട്ടുകളുമായി ജൂലായ് ഇരുപത്തിയെട്ടിന് ചിത്രം റിലീസ് ചെയ്തു. തുടര്‍ന്ന് ചിത്രം പ്രദര്‍ശിപ്പിച്ച നിരവധി തിയെറ്ററുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചിത്രം ഒരു സ്‌പോണ്‍സര്‍ഡ് ചിത്രമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവായ ജോതിരാദിത്യ സിന്ധ്യ ആരോപിച്ചത്.

3. ജബ് ഹാരി മെറ്റ് സോജാല്‍ (ഹിന്ദി)

Related image

ഷാരൂഖ് ഖാനും അനുഷ്‌കാ ശര്‍മ്മയും ജോഡികളായി എത്തിയ സിനിമയായിരുന്നു. ജബ് ഹാരി മെറ്റ് സോജാല്‍ ചിത്രത്തില്‍ “ഇന്റര്‍ കോഴ്‌സ്”- എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം വിവാദമായിരുന്നു. ഈ വാക്ക് ചിത്രത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ഒരുലക്ഷം പേര്‍ ഒപ്പിട്ട് കത്ത് നല്‍കണമെന്ന് വിചിത്ര വാദവും സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് 2017 ആഗസ്റ്റ് നാലിന് ചിത്രം റിലീസ് ചെയ്തു.

4. താരാമണി (തമിഴ്)

Image result for taramani tamil

പ്രശസ്ത സംവിധായകന്‍ റാം ആന്‍ഡ്രിയെ നായികയാക്കി ഒരുക്കിയ സിനിമയായിരുന്നു താരാമണി. എന്നാല്‍ ചിത്രത്തില്‍ നായിക മദ്യം കഴിച്ച് തെറി വിളിക്കുന്നുണ്ടെന്നും ഇത് മ്യൂട്ട് ചെയ്ത് കാണിക്കണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിനുള്ള മറുപടിയായി ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിടുകയും ഒഴിവാക്കാന്‍ ആവശ്യപ്പെട്ട വാക്കുകള്‍ ടീസറില്‍ വ്യക്തമായി കേള്‍പ്പിക്കുകയും സെന്‍സര്‍ബോര്‍ഡ് അനുവദിച്ച വാക്കുകള്‍ കേള്‍പ്പിക്കാതിരിക്കുകയും ചെയ്തു. ആഗസ്റ്റ് മാസം പതിനൊന്നിന് ചിത്രം “എ” സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

5. മെര്‍സല്‍ (തമിഴ്)

Image result for mersal

കഴിഞ്ഞ വര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും കോളിളക്കം സൃഷ്ടിച്ച് സിനിമയാണ് ആറ്റ്‌ലി സംവിധാനം ചെയ്ത് തമിഴ് നടന്‍ വിജയ് അഭിനയിച്ച് മെര്‍സല്‍. ചിത്രത്തില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ടെന്നാരോപിച്ച് ബി.ജെ.പിയും നിരവധി ഹിന്ദുത്വ സംഘടനകളും രംഗത്തെത്തിയിരുന്നു.

മെര്‍സലില്‍ ജി.എസ്.ടിയേയും ഗോരഖ്പൂര്‍ സംഭവവുമെല്ലാം പ്രതിപാദിക്കുന്നുണ്ട്. 7% ജി.എസ്.ടി ഉള്ള സിങ്കപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജി.എസ്.ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രത്തിലെ കഥാപാത്രം ചോദിച്ചിരുന്നു. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. രാജ്യത്തെ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിനെ വടിവേലു അവതരിപ്പിച്ച കഥാപാത്രവും കളിയാക്കുന്നുണ്ട്.

ഇതിനെതിരെയായിരുന്നു ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിത്. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മെര്‍സലില്‍ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചതോടെ നായകന്‍ വിജയ്ക്കെതിരെ ബി.ജെ.പി പ്രചരണമഴിച്ചുവിടുകയും ചെയ്തിരുന്നു.

വിജയ് ക്രിസ്ത്യാനിയാണെന്നും അത് കൊണ്ടാണ് ചിത്രത്തില്‍ അമ്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞതെന്നും വിജയ് നികുതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും നികുതി അടച്ചതിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് മത വികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് വിജയ്‌ക്കെതിരെ ചില സംഘടനകള്‍ കേസുകൊടുക്കുകയും ചെയ്തു. ചിത്രം റീ സെന്‍സര്‍ ചെയ്യണമെന്ന് ആവശ്യമുയരുകയും ചെയ്തു. എന്നാല്‍ ഇത്തരം വിവാദങ്ങള്‍ ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് വന്‍ നേട്ടമുണ്ടാക്കി കൊടുത്തു.

6. ന്യൂഡ് (മറാത്തി)

Image result for nude marathi

രവി ജാദേവ് സംവിധാനം ചെയ്ത മറാത്തി സിനിമയായിരുന്നു ന്യൂഡ്. നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിക്കുകയും തുടര്‍ന്ന് ഗോവന്‍ ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയും ചെയ്തു. ചിത്രത്തില്‍ അമിത ലൈംഗീകത ഉണ്ടെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആരോപണം. ഒറ്റയ്ക്ക് ഒരു മകനെ വളര്‍ത്തുന്നതിനായി നഗ്ന മോഡലാവേണ്ടി വന്ന അമ്മയുടെ കഥ പറഞ്ഞ ചിത്രത്തില്‍ കല്യാണി , ഛായ കദം, നസിറുദ്ധീന്‍ ഷാ, മദന്‍ ദിയോധര്‍, ശ്രീകാന്ത് യാദവ്,നേഹ ജോഷി. എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.

7. സെക്‌സി ദുര്‍ഗ (മലയാളം)

Image result for sexy durga

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗ എന്ന ചിത്രം മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു വിവാദം ആരംഭിച്ചത്. തുടര്‍ന്ന് ചിത്രം എസ്. ദുര്‍ഗ എന്ന് പേരുമാറ്റുകയും സെന്‍സര്‍ ബോര്‍ഡ് 21 സ്ഥലങ്ങളില്‍ ബീപ് ശബ്ദമാക്കിക്കൊണ്ട് യു/എ സര്‍ട്ടിഫിക്കറ്റ നല്‍കുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്താതിരിക്കാനാണ് പേര് മാറ്റിയതെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ വാദം.

തുടര്‍ന്ന് ചിത്രം ഗോവയില്‍ നടന്ന് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞെടുത്തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ സംവിധായകന്‍ കോടതിയെ സമീപിച്ചു. അനുകൂല വിധിയുണ്ടായെങ്കിലും ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ചിത്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് സെന്‍സര്‍ ബോര്‍ഡ് റദ്ധ് ചെയ്തു. ചിത്രത്തിന്റെ പേര് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം മാറ്റിയപ്പോള്‍ ടൈറ്റില്‍ കാര്‍ഡില്‍ വരുത്തിയ മാറ്റങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കാണിച്ച് കേന്ദ്ര ചലച്ചിത്ര സെന്‍സര്‍ ബോര്‍ഡ് നിര്‍മാതാവ് ഷാജി മാത്യുവിന് കത്തയക്കുകയായിരുന്നു. വീണ്ടും സെന്‍സര്‍ ചെയ്യുന്നതു വരെ ചിത്രം എവിടെയും പ്രദര്‍ശിപ്പിക്കരുതെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഒരു രാത്രി യാത്രയില്‍ ദുര്‍ഗയ്ക്കും അവളുടെ കാമുകന്‍ കബീറിനും നേരിടേണ്ടി വരുന്ന സങ്കീര്‍ണവും ആശങ്കയുണര്‍ത്തുന്നതുമായ സാഹചര്യങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. തിരക്കഥയില്ലാതെ ചിത്രീകരിച്ച ഈ ചിത്രത്തില്‍ രാജശ്രീ, കണ്ണന്‍ നായര്‍, സുജീഷ് കെ.എസ്. ബൈജു നെറ്റോ, അരുണ്‍ സോള്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.

8. പത്മാവതി (ഹിന്ദി)

Image result for padmavati movie

സഞ്ജയ് ലീലാ ബന്‍സാലി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത സിനിമയായ പത്മാവതിയും ഇത്തരത്തില്‍ വിവാദ ചുഴിയില്‍ പെടുകയായിരുന്നു. രജപുത്ര റാണിയായ പദ്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചായിരുന്നു വിവാദം തുടങ്ങിയത്.

ചിത്രം പ്രദര്‍ശിപ്പിക്കുന്ന ദിവസം ഭാരത് ബന്ദ് നടത്തുമെന്ന് രാജ്പുത് കര്‍ണി സേന പ്രഖ്യാപിച്ചു. ചിത്രത്തിലെ നായിക ദീപിക പദുകോണിനെ അധിക്ഷേപിച്ചുകൊണ്ട് രാജ്പുത് കര്‍നി സേനാ മേധാവി ലോകേന്ദ്ര സിങ് കാല്വി വിവാദ പ്രസ്താവന നടത്തി. സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ള ബി.ജെ.പി. നേതാക്കളും ദീപികയ്ക്കും ചിത്രത്തിനുമെതിരെ രംഗത്തെത്തി. സംവിധായകന്‍ സജ്ഞയ് ലീല ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച രാജ്പുത് കര്‍ണി സേനാംഗങ്ങള്‍ ദീപികാ പദുകോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നും ഭീഷണി ഉയര്‍ത്തിയിരുന്നു.ദീപികയുടെയും ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് ബി.ജെ.പി. നേതാവ് സൂരജ് പാല്‍ അമു 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചതിനെതിരെ പോലീസ് കേസെടുത്തു.മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചു.മേവാഡ് രാജകുടുംബത്തിന് എതിര്‍പ്പില്ലെങ്കില്‍ പത്മാവതിയുടെ റിലീസ് തടയില്ലെന്ന് രാജ്പുത് കര്‍ണി സേന പിന്നീട് അറിയിച്ചിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച ഉപാദികളോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുകയാണ്. സിനിമയുടെ പേര് “പത്മാവത്” എന്നു മാറ്റണം, വിവാദമായേക്കാവുന്ന 26 രംഗങ്ങള്‍ ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നിര്‍മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിക്കുക. സിനിമയ്ക്കു ചരിത്രവുമായി ബന്ധമില്ലെന്ന മുന്നറിയിപ്പ് സിനിമ തുടങ്ങുമ്പോഴും ഇടവേള സമയത്തും പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

1540 ല്‍ സൂഫി കവിയായിരുന്ന മാലിക് മുഹമ്മദ് ജയാസി അവധി ഭാഷയില്‍ രചിച്ച പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രജപുത്ര റാണിയായ പദ്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ ദീപിക പദുകോണാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിക്ക് മേവാറിലെ രത്തന്‍ സിങ് രാജാവിന്റെ ഭാര്യയായ പദ്മാവതിയോടു തോന്നുന്ന പ്രണയവും തുടര്‍ന്നുള്ള യുദ്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങ്ങും രത്തന്‍ സിങ്ങായി ഷാഹിദ് കപൂറുമാണ് അഭിനയിക്കുന്നത്.

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.