പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ ഗോവയില്‍ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്
national news
പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ ഗോവയില്‍ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th September 2022, 12:25 pm

പനജി: ഗോവയില്‍ ബി.ജെ.പിയുടെ കുതിരക്കച്ചവട ശ്രമങ്ങളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. പ്രതിപക്ഷനേതാവ് ഉള്‍പ്പടെ എട്ട് എം.എല്‍.എമാര്‍
ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ഗോവയിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എം.എല്‍.എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബി.ജെ.പിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചെന്നും കോണ്‍ഗ്രസിന്റെ ആകെയുള്ള 11 എം.എല്‍.എമാരില്‍ എട്ട് പേര്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗോവയില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഗോവയിലെ ഓപ്പറേഷന്‍ താമര ചീറ്റിപ്പോയെന്നും എല്ലാ സമ്മര്‍ദങ്ങളും ഉണ്ടായിരുന്നിട്ടും യുവാക്കളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരും ഒരുമിച്ച് നില്‍ക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഇതിന് പിന്നായാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

അതേസമയം, കൂറുമാറില്ലെന്ന് ഭരണഘടനതൊട്ട് സത്യം ചെയ്യിച്ചാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ക്കകം എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്. ഇതിനായി 40 കോടി രൂപ എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തതായി മുന്‍ പി.സി.സി അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ ആരോപിച്ചിരുന്നു.