കൊല്‍ക്കത്ത: ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുകുള്‍ റോയിയെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച് എട്ട് ബി.ജെ.പി. എം.എല്‍.എമാര്‍ വിവിധ നിയമസഭാ സമിതികളില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പി. ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച് പാര്‍ട്ടിവിട്ട മുകുള്‍ റോയിയെ എം.എല്‍.എയായി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് സുവേന്തു അധികാരി പറഞ്ഞു.
ചട്ടപ്രകാരം പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുള്ള എം.എല്‍.എയെയാണ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷനാക്കുന്നത്. അതേസമയം പാര്‍ട്ടിവിട്ടെങ്കിലും എം.എല്‍.എ. സ്ഥാനം റോയ് രാജിവെച്ചിട്ടില്ല.
മുകുള്‍ റോയിയുടെ നിയമനം ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനമാണെന്ന് ബി.ജെ.പി. ആരോപിച്ചു. അതേസമയം രാജ്യത്തെ ജനാധിപത്യ സംവിധാനം തകര്‍ത്തെറിഞ്ഞ ബി.ജെ.പിയ്ക്ക് ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാന്‍ എന്താണ് അവകാശമെന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചടിച്ചു.
നിയമസഭാ സമിതികളെ നിശ്ചയിക്കുന്നത് സ്പീക്കറാണെന്നും റോയിയെ നിയമിച്ചതില്‍ രാഷ്ട്രീയമില്ലെന്നും തൃണമൂല്‍ ചീഫ് വിപ്പ് തപസ് റോയ് പറഞ്ഞു.