ഈഫല്‍ ടവറിനോട് സാദൃശ്യമുള്ള ഉക്രൈന്‍ അതിര്‍ത്തിയിലെ നിര്‍മിതി പൊളിക്കണം: റഷ്യന്‍ മേയര്‍
World News
ഈഫല്‍ ടവറിനോട് സാദൃശ്യമുള്ള ഉക്രൈന്‍ അതിര്‍ത്തിയിലെ നിര്‍മിതി പൊളിക്കണം: റഷ്യന്‍ മേയര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th December 2024, 1:07 pm

മോസ്‌കോ: ഉക്രൈന്‍ അതിര്‍ത്തിക്കും റഷ്യയുടെ കുര്‍സ്‌ക് മേഖലക്കുമിടയിലായി സ്ഥാപിച്ചിട്ടുള്ള ഈഫല്‍ ടവറിന്റെ ചെറുരൂപം പൊളിക്കണമെന്ന് ആവശ്യം. റഷ്യയിലെ ഷെലെസ്നോഗോര്‍സ്‌ക് മേയര്‍ അലക്സാണ്ടര്‍ മിഖൈലോവാണ് നിര്‍മിതി പൊളിക്കാന്‍ ആവശ്യപ്പെട്ടത്.

ശത്രു രാജ്യത്തെ പ്രതിനിധീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യന്‍ മേയര്‍ ആവശ്യം ഉന്നയിച്ചത്. ഈഫല്‍ ടവര്‍ സ്ഥിതി ചെയ്യുന്നത് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസ് നഗരത്തിലാണ്. ഉക്രൈന് ആയുധങ്ങള്‍ വിതരണം ചെയ്യുന്ന രാഷ്ട്രങ്ങളില്‍ ഫ്രാന്‍സും ഉള്‍പ്പെടുന്നു.

ഇക്കാരണത്താലാണ് ഈഫല്‍ ടവറിന്റെ ചെറുരൂപം പൊളിച്ചുനീക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടത്. 15 മീറ്റര്‍ ഉയരത്തിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

2007ലാണ് ഇത് നിര്‍മിച്ചത്. പട്ടണത്തിലെ കഫേ സി ഡി പാരീസ് എന്ന സ്ഥാപനത്തിന്റെ പുറത്തായാണ് ഈഫല്‍ ടവറിന്റെ ചെറുരൂപം സ്ഥിതി ചെയ്യുന്നത്. ഗൈഡ്ബുക്കുകളില്‍ ഉള്‍പ്പെടെ ഈ നിര്‍മിതി ഇടം പിടിച്ചിട്ടുണ്ട്.

ടവര്‍ പൊളിക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ, പൊള്ളയായ പൈപ്പുകള്‍ കൊണ്ടാണ് ടവര്‍ നിര്‍മിച്ചിരിക്കുന്നതെന്നും തുരുമ്പെടുത്ത നിര്‍മിതി അടുത്ത ദിവസങ്ങളില്‍ തന്നെ തകര്‍ന്നേക്കാമെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

അതേസമയം അടുത്തിടെ ഉക്രൈനെതിരെ റഷ്യ ഇന്റര്‍ കോണ്ടിനെന്റല്‍ മിസൈല്‍ പ്രയോഗിച്ചിരുന്നു. ആദ്യമായാണ് ഒരു രാജ്യത്തിന് നേരെ റഷ്യ ഇന്റര്‍ കോണ്ടിനെന്റല്‍ മിസൈല്‍ പ്രയോഗിക്കുന്നത്.

5,800 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍ പതിച്ചത് യുക്രൈനിലെ നിപ്രോയിലെ പ്രധാന കെട്ടിടങ്ങള്‍ക്ക് നേരെയാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

അമേരിക്കന്‍ നിര്‍മിത ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയെ ആക്രമിക്കാന്‍ ബൈഡന്‍ ഭരണകൂടം ഉക്രൈന് അനുമതി നല്‍കിയതോടെ ആണവനയത്തില്‍ മാറ്റം വരുത്തുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണം നടന്നത്.

നിലവിലെ കണക്കുകള്‍ പ്രകാരം ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ കിയവിന് 43,000ത്തിലധികം സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ട്.

Content Highlight: Eiffel Tower-like structure on Ukraine border to be demolished: Russian mayor