ദുബൈ: ഈദുല്‍ അദ്ഹ അവധി ദിനങ്ങളില്‍ കര-നാവിക- വ്യോമ മാര്‍ഗങ്ങളിലൂടെ ദുബൈയിലേക്ക് വരുകയും പോകുകയും ചെയ്തത് 1.14 മില്യണ്‍ യാത്രക്കാരാണെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ്(ദുബൈ എമിഗ്രേഷന്‍). ഈ മാസം 19 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും അധികം ജനങ്ങള്‍ ദുബായിലേക്ക് വരുകയും പോകുകയും ചെയ്തത്.
ഈദ് ആഘോഷിക്കാന്‍ എത്തിയവരെ മികച്ച രീതിയിലാണ് ദുബൈ എമിഗ്രേഷന്‍ സ്വാഗതം ചെയ്തത്. ഈ കാലയളവില്‍ ദുബൈ എയര്‍പോര്‍ട്ടിലെ സ്മാര്‍ട്ട് ഗേറ്റ് വഴി നടപടികള്‍ പുര്‍ത്തികരിച്ചത് 204,549 പേരാണെന്ന് അധിക്യതര്‍ വ്യക്തമാക്കി. അതേ സമയം 184,9890 എന്‍ട്രി, റസിഡന്‍സ് പെര്‍മിറ്റുകള്‍ വകുപ്പ് ഈ സമയത്ത് ഇഷ്യു ചെയ്തു .ഈ കാലയളവില്‍ തന്നെ വകുപ്പിന്റെ അമര്‍ കസ്റ്റമര്‍ ഹാപ്പിനസ് കാള്‍ സെന്റെറിലേക്ക് വിവിധ സേവനങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ വിളിച്ചത് 13,000 പേരാണെന്നും വകുപ്പ് വ്യക്തമാക്കി.
Read Also : കേരളത്തിനായി പിരിവിനിറങ്ങിയ മണിക് സര്‍ക്കാരിനെ പിടിച്ചുപറിക്കാരനാക്കി സംഘപരിവാർ പ്രചരണം
സേവനങ്ങള്‍ നല്‍കാന്‍ ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും 24 മണിക്കൂറും സേവന സന്നദ്ധമായിരുന്നു. ഇതിന് ജീവനക്കാരെ അഭിനന്ദിക്കുന്നതായി ദുബൈ താമസ കുടിയേറ്റ വകുപ്പ് മേധാവി മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.
സേവന കാര്യങ്ങളില്‍ ജനങ്ങള്‍ സന്തോഷകരമായ അവസ്ഥകള്‍ സൃ്ഷ്ടിച്ചെടുക്കണമെന്ന ഞങ്ങളുടെ ഭരണാധികാരികളുടെ നിര്‍ദ്ദേശം നടപ്പിലാക്കുകയെന്നതാണ് ജി.ഡി.ആര്‍.എഫ്.എ യുടെ പ്രധാന ലക്ഷ്യം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്മാര്‍ട്ട് പദ്ധതികള്‍ പ്രകാരം നടപ്പിലാക്കിയ സംവിധാനങ്ങള്‍ വഴി വകുപ്പിലെ ജീവനക്കാര്‍ ജോലിയില്‍ കൂടുതല്‍ നിപുണരായിട്ടുണ്ടെന്നും മേജര്‍ ജനറല്‍ വ്യക്തമാക്കി.
ഈദ് ദിനത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് മികച്ച രീതിയിലും ഏറ്റവും വേഗത്തിലും സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സന്ദര്‍ശക ഒഴുക്കു കണക്കിലെടുത്ത് എമിഗ്രേഷന്‍ നടപടികള്‍ക്ക് അത്യാധുനിക സ്മാര്‍ട്ട് സൗകര്യങ്ങള്‍ മുന്‍കൂട്ടി തന്നെ വകുപ്പ് വിമാനത്താവളത്തില്‍ മറ്റു അതിര്‍ത്തികളിലും ഒരുക്കിയിരുന്നു. ഈ ദിവസങ്ങളില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ നിജസ്ഥിതി അറിയാന്‍ ദുബൈ എയര്‍പോര്‍ട്ടിലെ ഒന്ന്, രണ്ട്, മൂന്ന് ടെര്‍മിനലുകളില്‍ മേജര്‍ ജനറല്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.