തിരുവനന്തപുരം: പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് മുസ്‌ലിം സമുദായനേതാക്കള്‍ തീരുമാനമറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘പതിവ് രീതിയിലുള്ള ആഘോഷത്തിന്റെ സാഹചര്യം ലോകത്തെവിടെയുമില്ല. പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കരിക്കുക എന്നത് മുസ്‌ലിങ്ങള്‍ക്ക് വലിയ പുണ്യകര്‍മ്മമാണ്’
പെരുന്നാള്‍ നമസ്‌കാരം അവരവരുടെ വീട്ടില്‍ നിന്ന് എല്ലാവരും നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ പെരുന്നാള്‍ നമസ്‌കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കണമെന്ന് സമസ്ത ഇ.കെ വിഭാഗം ആവശ്യപ്പെട്ടിരുന്നു. മതപരമായ ചടങ്ങുകള്‍ക്ക് ഉപാധികളോടെ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയാല്‍ അത് നല്ല കാര്യമാണെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്.
നാടിന്റെ പല സ്ഥലങ്ങളിലായി നമസ്‌കരിക്കാന്‍ അനുമതി നല്‍കിയാല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കില്ലെന്നും കല്യാണത്തിന് 50 പേര്‍ കൂടുന്നതിനേക്കാള്‍ ബുദ്ധിമുട്ട് അതുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്ക് ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
‘ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയത് ആഘോഷിക്കാനല്ല, ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ്’, മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളും പ്രായമായവരും വീടുകളില്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇന്ന് പുതുതായി 42 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
WATCH THIS VIDEO: