മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ചെറിയപെരുന്നാള്‍ ഞായറാഴ്ച
Kerala News
മാസപ്പിറവി കണ്ടില്ല; കേരളത്തില്‍ ചെറിയപെരുന്നാള്‍ ഞായറാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd May 2020, 7:44 pm

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ ചെറിയപെരുന്നാള്‍ ഞായറാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാരും കേരള ഹിലാല്‍ കമ്മറ്റിയും അറിയിച്ചു. പെരുന്നാള്‍ നമസ്‌ക്കാരം വീടുകളില്‍ തന്നെയായിരിക്കും.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍, വിസ്ഡം ഹിലാല്‍ വിങ് ചെയര്‍മാന്‍ കെ. അബൂബക്കര്‍ സലഫി, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് ചേലക്കുളം കെ.എം. മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആയിരിക്കുമെന്ന് അറിയിച്ചു.

നേരത്തെ പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് മുസ്ലിം സമുദായനേതാക്കള്‍ തീരുമാനമറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘പതിവ് രീതിയിലുള്ള ആഘോഷത്തിന്റെ സാഹചര്യം ലോകത്തെവിടെയുമില്ല. പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കരിക്കുക എന്നത് മുസ്ലിങ്ങള്‍ക്ക് വലിയ പുണ്യകര്‍മ്മമാണ്’

പെരുന്നാള്‍ നമസ്‌കാരം അവരവരുടെ വീട്ടില്‍ നിന്ന് എല്ലാവരും നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ പെരുന്നാള്‍ നമസ്‌കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കണമെന്ന് സമസ്ത ഇ.കെ വിഭാഗം ആവശ്യപ്പെട്ടിരുന്നു. മതപരമായ ചടങ്ങുകള്‍ക്ക് ഉപാധികളോടെ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയാല്‍ അത് നല്ല കാര്യമാണെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക