തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച സമ്പൂര്‍ണലോക്ക് ഡൗണില്‍ ഇളവുകള്‍ ഉണ്ടാകും. നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ശനിയാഴ്ച രാത്രിവരെ തുറന്ന് പ്രവര്‍ത്തിക്കാം. രാത്രി ഒന്‍പത് മണിവരെയാണ് കടകള്‍ തുറക്കാനുള്ള അനുമതി. പെരുന്നാള്‍ ദിവസം ഞായറാഴ്ച ആണെങ്കില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ജനങ്ങള്‍ പ്രതിസന്ധി അനുഭവിക്കുന്ന കാലത്താണ് ഇപ്രവാശ്യം റമദാനും ചെറിയ പെരുന്നാളും എത്തിയത്. മുന്‍പത്തെ പോലെ ആഘോഷങ്ങള്‍ നടത്താനുള്ള സാഹചര്യം നിലവിലില്ല. പെരുന്നാള്‍ നമസ്‌കാരം അവരവരുടെ വീടുകളിലാണ് നിര്‍വഹിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് മുസ്ലിം സമുദായനേതാക്കള്‍ തീരുമാനമറിയിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘പതിവ് രീതിയിലുള്ള ആഘോഷത്തിന്റെ സാഹചര്യം ലോകത്തെവിടെയുമില്ല. പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കരിക്കുക എന്നത് മുസ്ലിങ്ങള്‍ക്ക് വലിയ പുണ്യകര്‍മ്മമാണ്’
പെരുന്നാള്‍ നമസ്‌കാരം അവരവരുടെ വീട്ടില്‍ നിന്ന് എല്ലാവരും നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ പെരുന്നാള്‍ നമസ്‌കാരത്തിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കണമെന്ന് സമസ്ത ഇ.കെ വിഭാഗം ആവശ്യപ്പെട്ടിരുന്നു. മതപരമായ ചടങ്ങുകള്‍ക്ക് ഉപാധികളോടെ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയാല്‍ അത് നല്ല കാര്യമാണെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക