എത്രയെത്ര പെരുന്നാളുകള്‍ കഴിഞ്ഞുപോയി! അവയുടെ എണ്ണമല്ലാത്ത മറ്റെന്തെങ്കിലുമുണ്ടോ മനസ്സില്‍ തങ്ങിനില്‍ക്കുന്നതായി? അവനവന്റെ വയസ്സ് ഓര്‍ത്തുവെക്കേണ്ടതു കൊണ്ടാണ് എത്ര പെരുന്നാളുകള്‍ കഴിഞ്ഞുപോയിട്ടുണ്ടെന്ന് പറയാനാവുന്നത്. മഹാനഗരങ്ങളിലൂടെ ഓടിപ്പായുന്നതിനിടെ അല്ലെങ്കിലും എന്തു പെരുന്നാള്‍? കേരളത്തില്‍ കണ്ട മാസമല്ല ദല്‍ഹിയിലുള്ളവര്‍ കാണാറ്. നാട്ടിലല്ലെങ്കില്‍ ഈദാഘോഷം ഒരു ചടങ്ങേ അല്ലാതാവുന്നു.
ഗള്‍ഫിലും കേരളത്തിലും പെരുന്നാള്‍ ആഘോഷിച്ചതിനു ശേഷമാണ് ചിലപ്പോള്‍ ദല്‍ഹിക്കാരുടെ ഈദ്. എങ്കിലുമുണ്ട് മറക്കാനാവാത്ത ചില പെരുന്നാളുകള്‍. കാലം എത്ര തന്നെ കഴിഞ്ഞാലും വേട്ടയാടുന്ന തീക്ഷ്ണാനുഭവങ്ങളും ഇതിലുണ്ട്. കുട്ടികളായിരുന്നപ്പോഴത്തെ പെരുന്നാളും കുട്ടികളുണ്ടായപ്പോഴത്തെ പെരുന്നാളുമൊക്കെ ഏതു മനുഷ്യന്റെയും ഓര്‍മ്മയിലുണ്ടാവും.
പൊതുവെ സന്തോഷമാണല്ലോ ഈദിന്റെ മുഖമുദ്ര. എന്നാല്‍ മരണത്തിന്റെയും ദുഖത്തിന്റെയും ഗന്ധമുറഞ്ഞ പെരുന്നാളുകളുമുണ്ട്. പാക്കധീന കശ്മീരിലെ ഝഹ്ലം നദിക്കരയില്‍ ഒത്തുകൂടിയ ആയിരങ്ങളോടൊപ്പം 2005ല്‍ ആഘോഷിച്ച ഈദ് അത്തരത്തിലൊന്നായിരുന്നു. മരണത്തിന്റെ ദുര്‍ഗന്ധം തെരുവുകളില്‍ നിന്നും മായുന്നതിന് മുമ്പെയായിരുന്നു ഭൂകമ്പം കശക്കിയെറിഞ്ഞ മുസഫറാബാദില്‍ അക്കൊല്ലത്തെ ചെറിയ പെരുന്നാള്‍ വന്നത്.
നീലം നദിക്കക്കരെ, നഗരത്തില്‍ നിന്ന് നാലു കിലോമീറ്ററെങ്കിലും ദൂരെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ മൗഗ്ഡി ഗ്രാമം സ്ഥിതി ചെയ്തിരുന്നത്. മൗഗ്ഡി നിലനിന്ന മലഞ്ചരിവ് പകുതി പിളര്‍ന്ന് നദിയിലേക്ക് ഇടിഞ്ഞു വീണിരുന്നു. അവിടെയൊരു ഗ്രാമം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കാന്‍ പോലും കഴിയാത്ത രൗദ്രതയോടെ. 500 മീറ്ററെങ്കിലും കനത്തിലാണ് ഈ ഗ്രാമം മണ്ണിനടിയിലായത്.
ഇടിഞ്ഞ പര്‍വ്വതത്തിന്റെ അകത്തു നിന്നും പാറക്കല്ലുകളും ഇളകിയ പുത്തന്‍മണ്ണും ഉണങ്ങാത്ത മുറിവു പോലെ തുറിച്ചു നോക്കുന്നു. അതല്ലായിരുന്നെങ്കില്‍ എന്തൊരു മനോഹാരിതയായിരുന്നു ആ മലകള്‍ക്ക്! പാകിസ്ഥാനിലെ ആരും കൊതിച്ചിട്ടുണ്ടാവുന്ന യാത്രയാണത്. നീലവും ഝലവും രണ്ട് നദികള്‍. പീര്‍ ചനാസ്സിയും പീര്‍ അസ്മീറും പാവ്നാ ദാദന്നയും കൊടുമുടികള്‍.
മലകളും നദികളും താഴ്വാരങ്ങളും നിറഞ്ഞ ഭൂമിയിലെ സ്വര്‍ഗം. ചുറ്റിയൊഴുകുന്ന നദികള്‍ക്കു മേലെ നഗരത്തിനു മോതിരമിട്ട മൂന്നു പാലങ്ങള്‍. ആ കാഴ്ചകള്‍ക്കു പകരം വെക്കാവുന്ന ഒരിടം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വേറെ ഉണ്ടായിരുന്നില്ല. അന്നേ ദിവസവും മുസഫറാബാദിലേക്ക് ജനം ഒഴുകുന്നുണ്ടായിരുന്നു. ആഘോഷമായിരുന്നില്ല പക്ഷെ അവരെ അങ്ങോട്ടു നയിക്കാനുണ്ടായ കാരണം.
കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട നഗരത്തിന്റെ വിതുമ്പല്‍ മദീനാ മാര്‍ക്കറ്റിലും നയാ ബസാറിലും ഖ്വാജാ ബസാറിലും വിങ്ങിനിറഞ്ഞു. മദീനാ മാര്‍ക്കറ്റിലെ ഇദാഘോഷം അനാര്‍ക്കലിയിലെയോ ലിബര്‍ട്ടിയിലെയോ പോലെ പാകിസ്ഥാനിലെ ടി.വി ചാനലുകള്‍ക്ക് പ്രിയപ്പെട്ട ഒരു ദൃശ്യമായിരുന്നു. മദീനാ മാര്‍ക്കറ്റ് നടക്കുന്നുണ്ടെന്നോ ഇല്ലെന്നോ പറയാവുന്ന അവസ്ഥ.
അക്കൊല്ലത്തെ റമദാനിലെ അവസാനത്തെ വൈകുന്നേരം കടന്നു പോവുകയാണ്. പക്ഷെ നഗരത്തിന് മറവി രോഗം ബാധിച്ചതു പോലെയുണ്ടായിരുന്നു. പെരുന്നാളുകളില്‍ വീട്ടിലെത്താന്‍ കഴിയാതിരിക്കുമ്പോള്‍ തോന്നുന്ന ശൂന്യത അതിന്റെ ഉച്ചിയിലെത്തി. വസ്ത്ര പീടികകളും ഫാന്‍സി ഷോപ്പുകളും അടഞ്ഞോ തകര്‍ന്നോ കിടക്കുന്നു. റോഡിലൊരിടത്തും കുട്ടികളുടെയും സ്ത്രീകളുടെയും കോലാഹലം കാണാനില്ല. അതല്ലെങ്കില്‍ മുതിര്‍ന്നവര്‍ കൊടുക്കുന്ന സമ്മാനത്തുകയായ “ഈദി”യും വാങ്ങി ഏത് കളിപ്പാട്ടം വാങ്ങണമെന്ന് ശങ്കിച്ച് ഓരോ കടകളുടെ മുമ്പിലും കുട്ടികള്‍ ചുറ്റിത്തിരിയുന്നുണ്ടാകും.
മൈലാഞ്ചിയിട്ടു കൊടുക്കുന്ന ബ്യൂട്ടി പാര്‍ലറുകള്‍ ആ നഗരത്തില്‍ ഉണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ മൈലാഞ്ചിക്കടകള്‍ നിശചയമായും ഉണ്ടായിരുന്നു. അവിടെയൊന്നും ഒരു പെണ്‍കൊടിയെയും കാണാനുണ്ടായിരുന്നില്ല. പിതാക്കളുടെ വിരലുകളില്‍ തൂങ്ങി നഗരത്തിലെ കളിപ്പാട്ട കടകള്‍ക്കു മുമ്പില്‍ വാശിപിടിച്ചു നില്‍ക്കുന്ന കുട്ടികളുടെ ഒരു ചിത്രമെങ്കിലും കിട്ടാനായി ഞാന്‍ ഏറെ നേരം ചുറ്റിനടന്നു. കുട്ടികളെ നിധിപോലെ മാറത്തടുക്കിപ്പിടിച്ച് നെടുവീര്‍പ്പുമായി കടന്നു പോകുന്നവരെ മാത്രമാണ് കാണാനായത്.
ആളുകളൊന്നും പുതിയ വസ്ത്രങ്ങള്‍ ധരിച്ചിട്ടില്ല. നയാ മൊഹല്ല, ലോവര്‍ ആഡ, ഇദ്ഗാഹ് റോഡ്, മെയിന്‍ ബസാര്‍, ഖോശ്സ്ത് ബസാര്‍, യൂണിവേഴ്സിറ്റി ഹോസ്റ്റല്‍, ഗവണ്‍മെന്റ് ഡിഗ്രി കോളേജ്, എ.എം.എച്ച് ഹോസ്പിറ്റല്‍…… ശവങ്ങള്‍ മണക്കാത്ത ഒരു തെരുവു പോലും മുസഫറാബാദില്‍ ഉണ്ടായിരുന്നില്ല. ഓരോ കെട്ടിടങ്ങള്‍ക്കു ചുറ്റിലും ഇരമ്പിയാര്‍ത്ത ഈച്ചകള്‍ കോണ്‍ക്രീറ്റിനുള്ളില്‍ പുതഞ്ഞു കിടക്കുന്നവരുടെ പ്രേതദൂതികളായി. നെയ്ച്ചോറിന്റെയും ഇറച്ചിക്കറിയുടെയും വാസനക്കു പകരം ദുര്‍മരണത്തിന്റെ വാടയകറ്റാന്‍ വിതറിയ ക്ളോറിന്‍ പൗഡറിന്റെയും യൂഡികോളോണിന്റെയും ആലസ്യമുണ്ടാക്കുന്ന ഗന്ധമായിരുന്നു ആ പെരുന്നാളിന്. പക്ഷെ സുഗന്ധം തളിച്ച് അത്രയെളുപ്പത്തില്‍ ആട്ടിയകറ്റാന്‍ കഴിയുന്ന ഓര്‍മ്മകളായിരുന്നില്ല അത്.
മലമ്പ്രദേശങ്ങളിലെ മനുഷ്യരില്‍ പൊതുവെ കാണുന്ന സാര്‍വ്വലൗകികമായ ചില പ്രകൃതങ്ങളുണ്ട്. അതിലൊന്നാണ് നിസ്സംഗത.
മൗഗ്ഡിയുടെ മലമടക്കിലെ മുറിവിന്റെ അങ്ങേപ്പകുതിയില്‍ നിന്നു പോലും ആളുകള്‍ പെരുന്നാള്‍ നമസ്‌കരിക്കാനായി നഗരത്തിലേക്ക് ഇറങ്ങി വരുന്നുണ്ടായിരുന്നു. ഓര്‍മ്മകളുടെ ഭാരത്തില്‍ കുനിഞ്ഞ ശിരസ്സുമായി കൊടുംതണുപ്പിലും അവര്‍ ഈദ്ഗാഹുകളിലേക്ക് എത്തിച്ചേര്‍ന്നു.
നഗരത്തിലെ മിക്ക മസ്ജിദുകളും നിലം പൊത്തിയിരുന്നു. നമസ്‌കാരം ഒരു സാമൂഹിക അനുഷ്ഠാനമായിരുന്നതു കൊണ്ടോ എന്തോ അവര്‍ കൂട്ടം ചേര്‍ന്നാണ് റോഡുകളിലൂടെ നടന്നു വരുന്നുണ്ടായിരുന്നത്. അപകടങ്ങള്‍ മനുഷ്യനിലുണര്‍ത്തുന്ന സഹജമായ സാമൂഹിക ബോധം എന്നതിലുപരി ഈ ശീലം പാകിസ്ഥാനിലെ മിക്ക നഗരങ്ങളിലും കാണാനുണ്ടായിരുന്നു. പള്ളിയിലേക്ക് ഒറ്റയായി നടന്നു വരുന്നവരേക്കാള്‍ കൂടുതലുണ്ടാവുക എപ്പോഴും സംഘങ്ങളായിരുന്നു.
വിരലിലെണ്ണാവുന്ന ബാര്‍ബര്‍ ഷോപ്പുകളേ പെരുന്നാള്‍ തലേന്ന് നഗരത്തില്‍ തുറന്നു വെച്ചിരുന്നുള്ളൂ. ഊഴം കിട്ടാനായി ആര്‍ക്കും അല്‍പ്പവും കാത്തുനില്‍ക്കേണ്ടി വന്നില്ല. സാധാരണ ബാര്‍ബര്‍ ഷോപ്പില്‍ പോലും ശുപാര്‍ശ പറയേണ്ടി വരുന്ന ദിവസമാണ് ഈദ്. കുറെ ദിവസമായി ഇന്ത്യയിലും പാകിസ്ഥാനിലുമായി അലഞ്ഞു നടന്ന എനിക്ക് പെരുന്നാള്‍ ദിവസം പുതിയ വസ്ത്രങ്ങള്‍ മാറ്റിയില്ലെങ്കിലും മുടിയെങ്കിലും വെട്ടിക്കണമെന്നു തോന്നി.
ശൂന്യമായ നിരത്തിലേക്ക് കണ്ണും പായിച്ച് സമയം കൊല്ലുകയായിരുന്ന മുശ്ഫിഖുര്‍ റഹ്മാന്റെ കടയിലേക്കാണ് ഞാന്‍ കയറി ചെന്നത്. അങ്ങനെയൊരു ഈദാഘോഷം അയാളുടെ ഓര്‍മ്മയിലും ഉണ്ടായിട്ടില്ല. സാധാരണ ഈദ് രാത്രികളില്‍ സുബ്ഹി ബാങ്ക് കൊടുക്കുവോളം നിന്നു തിരിയാന്‍ ഇടം കിട്ടാത്ത മുശ്ഫിഖിന് അന്നത്തേത് അസാധാരണമായ ശൂന്യതയായിരുന്നു. ജീവിതമാണോ തൊഴിലാണോ തനിക്ക് തിരിച്ചു കിട്ടിയതെന്ന സംശയം.
സാബ്, ഈ നഗരത്തില്‍ കട തുറന്നതിനു ശേഷം ഈദിന്റെ നമസ്‌കാരം കഴിഞ്ഞിട്ടല്ലാതെ ഒരിക്കല്‍ പോലും കുടുംബത്തില്‍ എത്തിപ്പെട്ടത് ഓര്‍മ്മയിലില്ല. നാളെ ഒരുപക്ഷെ ഞാന്‍ ആദ്യമായി എന്റെ ഗ്രാമത്തില്‍ ഈദ് നമസ്‌കരിക്കുമായിരിക്കും. കടയടക്കാന്‍ ഒരുങ്ങുമ്പോഴാണ് നിങ്ങള്‍ വന്നത്. ഇനിയാരെയും ഇന്ന് സ്വീകരിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല. രാത്രിയില്‍ ചുരമിറങ്ങുന്ന ഏതെങ്കിലും വാഹനം തരപ്പെട്ടേക്കും. എത്രയും പെട്ടെന്ന് വീട്ടിലെത്തണം. വൈകുന്നേരം ഏഴ് മണി മാത്രമായിരുന്നു അപ്പോള്‍ സമയം.
ഇടിഞ്ഞുവീണ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന്റെ കല്‍ക്കൂമ്പാരങ്ങളോടു ചേര്‍ന്ന് തയാറാക്കിയ താല്‍ക്കാലിക പ്രസംഗപീഠത്തില്‍ പിറ്റേന്ന് കാലത്ത് പാകിസ്ഥാനിലെ പ്രതിപക്ഷ ഇസ്ലാമിക മുന്നണിയുടെ അധ്യക്ഷന്‍ ഖാദി ഹുസൈന്‍ അഹമ്മദ് എഴുന്നേറ്റു നിന്നു. ലോകത്തെങ്ങുമുള്ള ഈദ്ഗാഹുകളില്‍ ജനങ്ങള്‍ക്ക് സന്ദേശം നല്‍കുന്ന ഇമാമുമാരുടെ ചങ്ങലയിലെ വെറുമൊരു കണ്ണി മാത്രമായി.
അന്നാട്ടിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ അന്ന് ഈ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. പക്ഷെ അതുപോലൊരു ഈദും അതുപോലൊരു സന്ദേശവും അന്ന് ലോകത്തെവിടെയുമുണ്ടായിട്ടില്ല. ഉറ്റവരോ ഉടയവരോ സുഹൃത്തുക്കളോ നഷ്ടപ്പെടാത്ത ആരുമില്ല ആ പ്രസംഗം കേള്‍ക്കുന്നവരുടെ കൂട്ടത്തില്‍. ഓരോ കണ്ണുകളും നിറഞ്ഞു തുളുമ്പുന്നു. പഞ്ചാബിയായും സര്‍ഹദിയായും സിന്ധിയായും പക്തൂണിയായും സുന്നിയായും ശിയയായും വേര്‍തിരിക്കപ്പെട്ട ആ സമൂഹത്തെ ദുഃഖം ഒറ്റ കമ്പളത്തിലിലിട്ട് മൂടിപ്പുതച്ച ദിവസം.
തകര്‍ന്നു തരിപ്പണമായ ഒരു ജനതയുടെ ആത്മവീര്യമുയര്‍ത്താന്‍ നിയുക്തനായ നേതാവിന്റെ ഭാഷയിലാണ് ഖാദിയുടെ പെരുന്നാള്‍ പ്രസംഗം. ക ണ്ണുകളില്‍ നിന്ന് അദ്ദേഹത്തോളം ആജ്ഞാ ശക്തി സ്ഫുരിക്കുന്ന മറ്റൊരാളെ അല്ലെങ്കിലും പാകിസ്ഥാനില്‍ കണ്ടെത്താനാവില്ല. ഇവിടെ ഈ മനുഷ്യന്‍ എന്തായിരിക്കും പറയാന്‍ പോകുന്നത്? കണ്ണീരുവറ്റിയ ജനങ്ങളെ കടുംപിടുത്തക്കാരനായ ഈ മനുഷ്യന്‍ എങ്ങനെയായിരിക്കും ആശ്വസിപ്പിക്കുക? ഒരു നിമിഷം ഞാന്‍ അത്ഭുതപ്പെട്ടു.
ബാക്കിയായ ജീവിതം എങ്ങനെ ജീവിക്കരുതെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ജനങ്ങളെ ത്രസിപ്പിച്ച പ്രസംഗം. അതില്‍ ഭാവിയെ കുറിച്ച് പ്രതീക്ഷയും ഇഛാശക്തിയും നിറഞ്ഞുനിന്നു. ദുഃഖവും നിരാശയുമൊഴിച്ച് മറ്റെല്ലാം അദ്ദേഹത്തിന്റെ വാക്കുകളില്‍ അടങ്ങിയിരുന്നു. മരണം വിവാഹമാണെന്ന് വിശ്വസിക്കുന്ന സൂഫികളെയാണ് ഖാദി ഓര്‍മ്മിപ്പിച്ചത്.
മരിക്കുമ്പോഴാണ് ഓരോ സൂഫിയും തനിക്കു പ്രിയപ്പെട്ട ദൈവത്തിലേക്ക് യാത്രയാകുന്നത്. പ്രേയസിയെ തേടിയുള്ള പ്രയാണത്തിന്റെ അന്ത്യം. ഈ യാത്രയെയാണ് സൂഫി ഉറൂസ് എന്നു വിളിച്ചത്. അറബി ഭാഷയില്‍ കല്യാണം എന്ന് അര്‍ഥം വരുന്ന വാക്ക്. മരണത്തെ ആഘോഷമായി കാണാന്‍ പഠിപ്പിക്കുന്ന എന്തോ ഒന്ന് സൂഫി സംഗീതം പോലെ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു. മരണം ഒരു മോശപ്പെട്ട സംഗതിയേ അല്ലെന്ന മട്ടിലുള്ള സംസാരം.
വെടിയേറ്റു വീഴുന്ന ചെറുപ്പക്കാരുടെ പേരുകള്‍ ഖഡീചൗക്കില്‍ കൊത്തിവെക്കുന്ന നഗരമായിരുന്നല്ലോ മുസഫറാബാദ്. രക്തസാക്ഷികള്‍ വിവാഹവീടുകളുടെ അഭിമാനമാണെന്ന് വിശ്വസിക്കുന്ന ഒരു ജനതക്കു മുമ്പില്‍ അല്ലെങ്കിലും ഖാദിയുടെ വാക്കുകള്‍ പറയപ്പെട്ടു കഴിഞ്ഞിരുന്നു.
വെറും നിലത്ത് വിരിച്ച പ്ളാസ്റ്റിക് ഷീറ്റുകളിലായി ഇംറാന്‍ ഖാനും യാസീന്‍ മലികും മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചവരിലുണ്ട്. ഒരു ഭാഗത്ത് വികാരജീവിയും അതോടൊപ്പം മൃദുഭാഷിയുമായ കശ്മീരിയുടെ അസ്സല്‍ പ്രതീകമായിരുന്നു യാസീന്‍ മലിക്. മടുപ്പിക്കുന്ന മട്ടില്‍ പതിഞ്ഞ സംസാരവും സ്ത്രീകളുടേതു പോലെ ഒട്ടും ഊഷ്മളമല്ലാത്ത ഹസ്തദാനവും ഇപ്പോള്‍ കരയുമെന്നു തോന്നിക്കുന്ന മുഖഭാവവുമാണ് യാസീന്‍േറത്. വ്യക്തിജീവിതത്തില്‍ അത്രയൊന്നും ആത്മീയവാദിയല്ലാത്ത ഒരാളായാണ് യാസീന്‍ അറിയപ്പെടുന്നത്.
ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച ഇമ്രാന്‍ ഖാന്‍ ആകാരം കൊണ്ടു സുഭഗനെങ്കിലും അദ്ദേഹത്തിന് പുതിയ റോളില്‍ പക്വത കൈവരുന്നേ ഉണ്ടായിരുന്നുള്ളൂ. ഖാദിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയവരില്‍ പാകിസ്ഥാനിലെ എനിക്കറിഞ്ഞു കൂടാത്ത വേറെയും പ്രമുഖര്‍. കശ്മീരിന്റെ പുഷ്പങ്ങളായിരുന്ന മുസഫറാബാദിലെ കുട്ടികള്‍ വീണ്ടും സ്‌കൂളുകളിലേക്ക് പോകുന്ന മനോഹരമായ കാഴ്ച നഗരത്തില്‍ തിരിച്ചുവരട്ടെയെന്ന് ഖാദി ആശംസിച്ചു.
കുഞ്ഞുങ്ങളെ ഒരിക്കലും യാചിക്കാന്‍ വിടരുതെന്നും ദൈവം നല്‍കുന്നതെന്തും സമചിത്തതയോടെ സ്വീകരിക്കാന്‍ ശീലിക്കണമെന്നും അദ്ദേഹം ജനങ്ങളെ ഉല്‍ബോധിപ്പിച്ചു. ഭൂകമ്പം ദുരിതം വിതച്ച ഗ്രാമങ്ങളിലൂടെയും ദുരിതാശ്വാസ ക്യാമ്പുകളിലൂടെയും വെരിക്കോസറിസ് വെയിന്‍ മൂലം നീരുവന്ന് വീങ്ങിയ കാലും വലിച്ച് ഖാദി അന്ന് വൈകുന്നേരം വരെ നടന്നു. സ്വന്തം കൈകൊണ്ടു തന്നെ അദ്ദേഹം തന്റെ സംഘടനയുടെ സമ്മാനപ്പൊതികള്‍ വിതരണം ചെയ്തു.
ഓര്‍മ്മയിലെ പെരുന്നാളുകളില്‍ മുസഫറാബാദിലെ ഈ ഈദിനോളം വികാരനിര്‍ഭരമായ മറ്റൊന്നില്ല. ഈദിന്റെ ചടങ്ങനുസരിച്ച ആലിംഗനം ചെയ്ത് ആളുകള്‍ പൊട്ടിക്കരഞ്ഞു. ദുഖമായിരുന്നില്ല അവരെ കരയിച്ചത്. മറ്റെന്തൊക്കെയോ വികാരങ്ങളായിരുന്നു. ഒരു ജനത ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ കാഴ്ചയായിരുന്നു അത്. ഓരോ ആലിംഗനവും ഏറ്റുവാങ്ങുന്നത് തുല്യദുഖിതനാണെന്ന ധാരണയില്‍ എല്ലാവരും പരസ്പരം ആശ്വസിപ്പിച്ചു. ആ ആള്‍ക്കൂട്ടത്തില്‍ എന്നെയും ആരെല്ലാമോ കെട്ടിപ്പിടിച്ചു കരഞ്ഞു. ..
ഈ പെരുന്നാളിന്റെ ഏറ്റവും വലിയ സവിശേഷത ഇതൊന്നുമായിരുന്നില്ല. റാവല്‍പിണ്ടിയിലെയും ഇസ്ലാമാബാദിലെയും കോണ്‍ക്രീറ്റ് കാടുകളില്‍ നിന്നും പുറത്തിറങ്ങിയ കുറെ നല്ലമനുഷ്യര്‍ ഈദ് ആഘോഷിക്കാനായി അന്ന് മുസഫറാബാദിലേക്കു വന്നു. വെറുതെ ഒരു നേരംപോക്കിന് ഇറങ്ങിത്തിരിച്ചതായിരുന്നില്ല അവര്‍. അക്കൊല്ലത്തെ പെരുന്നാളിന് അവരുടെ വീടുകളില്‍ പുതുവസ്ത്രവും സമ്മാനങ്ങളും ആഘോഷവും ഉണ്ടായിരുന്നില്ല.
ആ സമ്മാനങ്ങള്‍ കാറുകളിലും വാഹനങ്ങളിലും വാരിനിറച്ചാണ് അവര്‍ മുസഫറാബാദിലേക്കു പുറപ്പെട്ടത്. അത്തരം ആയിരക്കണക്കിന് വാഹനങ്ങള്‍ അന്ന് ഈ നഗരത്തിലുണ്ടായിരുന്നു. നേരിട്ടു വരാന്‍ കഴിയാത്തവര്‍ കൊടുത്തയച്ചത് ശേഖരിച്ച് ലോറികളില്‍ കൊണ്ടുവന്നതും അതിലേറെയുണ്ടായിരുന്നു.
മാന്‍സേറ, ബട്ഗ്രാം, ഘഡീ ഹബീബുല്ലാ, അബട്ടാബാദ്, കോഹ്ല തുടങ്ങി നഗരത്തിലേക്കുള്ള എല്ലാ റോഡുകളിലൂടെയും ദുരന്തഭൂമിയിലേക്ക് ഈദാഘോഷിക്കാന്‍ വന്നവരുടെ വാഹനങ്ങള്‍. ആംബര്‍ തുരങ്കത്തിലൂടെയും ഇഖ്ബാല്‍ പാലത്തിലൂടെയും നഗരത്തിലേക്കു പ്രവേശിക്കാന്‍ കഴിയാതെ കിലോമീറ്ററുകളോളം ഈ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.
ജീവിതത്തിലെ വിലപിടിച്ചതെല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഈ സമ്മാനപ്പൊതികള്‍ ഒരു കൗതുകവും നല്‍കിയില്ല. സമ്മാനപ്പൊതികള്‍ ഏറ്റുവാങ്ങേണ്ട കുട്ടികളെ അന്വേഷിച്ച് അകലങ്ങളിലെ പിതാക്കള്‍ മുസഫറാബാദിലുടനീളം ചുറ്റിത്തിരിഞ്ഞു. ആരുമുണ്ടായിരുന്നില്ല ഇരമ്പിയാര്‍ക്കാന്‍.
ഈദ് നമസ്‌കാരം കഴിഞ്ഞതോടെ ഒഴിഞ്ഞു പോക്കിന്റെ ബഹളമായി. തിരിച്ചു പോകുന്ന മിക്ക സംഘങ്ങളിലും കുട്ടികളായിരുന്നു അമൂല്യവസ്തുക്കള്‍. തള്ളയാനകള്‍ ചുറ്റിലും നിന്ന് തുമ്പിക്കൈ കൊണ്ടു ഉന്തിയും തള്ളിയും കൊണ്ടുപോകുന്നതു പോലെ ഓരോ സംഘങ്ങളിലും ഒന്നോ രണ്ടോ കുട്ടികള്‍. പലരും നഗരത്തോടു തന്നെ വിട ചൊല്ലുകയാണ്.
ഗൃഹസാമഗ്രികളില്‍ നിന്നും എടുത്തു കൊണ്ടുപോകാനാവുന്നവ ചാക്കില്‍ കെട്ടിപ്പൊതിഞ്ഞ് ചുമലിലേറ്റിയ ഗൃഹനാഥന്‍മാര്‍. അവര്‍ക്ക് ആരുടെ സമ്മാനവും ആവശ്യമുണ്ടായിരുന്നില്ല. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ക്കു പുറത്ത് സമ്മാനപ്പൊതികള്‍ കൂട്ടിയിട്ടാണ് ഈദാഘോഷിക്കാന്‍ വന്നവര്‍ തിരിച്ചു പോയത്. അത്രയേറെ സമ്മാനപ്പൊതികള്‍ സാധാരണ കാലത്തു പോലും മുസഫറാബാദിന് ആവശ്യമുണ്ടായിരുന്നില്ല.
സഹജീവിയുടെ വേദന ഒപ്പമുള്ളവര്‍ ഇതേ പോലെ പങ്കുവെച്ച അപൂര്‍വ്വം അവസരങ്ങള്‍ക്കേ ജീവിതത്തില്‍ ഞാന്‍ ദൃക്സാക്ഷിയായിട്ടുള്ളൂ. ഒരു നിമിഷം ഞാന്‍ സംശയിച്ചു നിന്നു. ഇത്രയധികം പച്ച മനുഷ്യരുണ്ടോ ഈ ലോകത്ത്? ഭൂകമ്പനഗരിയില്‍ ഈദ് ആഘോഷിക്കാനായി സ്വന്തം കുടുംബത്തെയും കൂട്ടിയെത്തിയ ആ ജനക്കൂട്ടം അത്രകണ്ട് വലുതായിരുന്നു.
രാഷ്ട്രീയ നേതാക്കളും കായികതാരങ്ങളും സമുദായ നേതാക്കളുമൊക്കെ അതിലുണ്ടായിരുന്നു. ഒരു ജനത എന്ന നിലയില്‍ ഒറ്റക്കെട്ടായി തങ്ങളകപ്പെട്ട ഒരു ദുരന്തത്തെ നേരിടാനും നേതാക്കള്‍ എന്ന നിലയില്‍ അവസരത്തിനൊത്ത് ഉയരാനും അവിടെയുളളവര്‍ക്കു കഴിഞ്ഞു.
ഗുജറാത്തിലെ ഭുജില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ഒരു ജനത എന്ന നിലയില്‍ ഇന്ത്യക്കാരുടെ പ്രതികരണവും ഇതുതന്നെയായിരുന്നു. അന്ന് അന്‍ജാറിലെയും ബച്ചാവുവിലെയും കച്ചിലെയും വിദൂര ഗ്രാമങ്ങളിലേക്ക് പോലും ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന്റെ സന്‍മനസ്സ് ഒഴുകിയെത്തി. ട്രാക്ടറുകളില്‍ പോലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറികളും ധാന്യച്ചാക്കുകളും വസ്ത്രങ്ങളുമായെത്തിയ അയല്‍നാട്ടുകാരെ അന്ന് ഭുജില്‍ ധാരാളം കാണാമായിരുന്നു.
ഗാന്ധിധാമില്‍ നിന്നും ഭുജിലേക്കുള്ള വഴിയില്‍ ഏതെങ്കിലും വാഹനം തരപ്പെടുമോ എന്നു നോക്കി കാത്തുനിന്ന എന്റെ മുമ്പില്‍ അവധൂതനെ പോലെ വന്നുവീണ സുന്ദര്‍ സിംഗിന്റെ പൊടിപിടിച്ച മഹീന്ദ്രജീപ്പ് ഒരിക്കലും മറക്കാനാവില്ല. 30-35 വര്‍ഷമെങ്കിലും പഴക്കമുള്ള വണ്ടിയായിരുന്നു അത്. സുന്ദര്‍സിംഗ് പട്ടാളത്തില്‍ നിന്ന് പിരിഞ്ഞതാണ്. മഹാരാഷ്ട്രയില്‍ നിന്നാണ് അയാള്‍ വരുന്നതെങ്കിലും ജന്‍മം കൊണ്ട് മറ്റേതോ നാട്ടുകാരനായിരുന്നു.
“സാഹബ് മേരാ പാസ് ഇത്നാ പൈസാ നഹീം ഹൈ. മേംനെ ഗാഡിമേം മിട്ടീ കാ തേല്‍ ഡാല്‍വാദിയാ. ഫിര്‍ ബീ യേ അഛേ ചല്‍ത്തേ ഹൈ” അയാള്‍ക്ക് അത്രയും ദൂരം വണ്ടിയോടിച്ചു വരാന്‍ ആവശ്യമായ ഡീസലിന് കയ്യില്‍ പണമുണ്ടായിരുന്നില്ല. മണ്ണെണ്ണ കൂട്ടിക്കലര്‍ത്തിയതായിരുന്നു അതിന്റെ ഇന്ധനം. അതുതന്നെയും വഴിയില്‍ കിട്ടുന്നിടത്തൊക്കെ വായ്പ വാങ്ങിയാണ് അയാള്‍ ഒപ്പിച്ചത്.
ആ ജീപ്പിന്റെ പുറകിലുണ്ടായിരുന്നതാകട്ടെ ഇതുപോലെ പലരും കൊടുത്ത പഴയ കമ്പിളിപ്പുതപ്പുകളും വസ്ത്രങ്ങളും മറ്റുമായിരുന്നു. പക്ഷെ ആ മനുഷ്യന്റെ മനസ്സ് അയാളുടെ പേര് അടയാളപ്പെടുത്തിയതിനേക്കാളും എത്രയോ മനോഹരമായിരുന്നു.
അന്ന് ഞാന്‍ തങ്ങിയ ഭുജിലെ ദുരിതാശ്വാസ ക്യാമ്പുകളിലൊന്നിലേക്ക് കാഴ്ചയില്‍ നല്ല നെടുപ്പമുള്ള ഒരു മനുഷ്യന്‍ കയറി വന്നു. അബ്ദുര്‍ റഊഫ് ഖാന്‍ എന്നായിരുന്നു അയാളുടെ പേര്. ക്യാമ്പുകളിലുള്ളവര്‍ രുചിയുള്ള ഭക്ഷണം കണ്ടിട്ട് എത്രയോ ആഴ്ചകള്‍ കടന്നു പോയിരിക്കണം. കയറില്‍ കുരുക്കിയ ഒരു ആടും തലയില്‍ ഒരു ചാക്ക് അരിയും അല്‍പ്പം അനാദി സാമാനങ്ങളുമായിരുന്നു ഖാന്‍ കൊണ്ടുവന്നത്.
ബിരിയാണി എന്ന പേരില്‍ നമുക്കു പരിചയമുള്ള മുഴുവന്‍ മാതൃകകളെയും രുചി കൊണ്ട് തോല്‍പ്പിച്ച ലളിതമായ ഒരു ഭക്ഷണം വെച്ചു വിളമ്പി ഇയാള്‍ തിരിച്ചു പോയി. അന്നത്തെ വിശപ്പിന്റെ കാഠിന്യമായിരുന്നോ അതോ ദരിദ്രമായ ആ നിര്‍മ്മാണകല ബാക്കിയാക്കിയ രുചിയെ കുറിച്ച അല്‍ഭുതമായിരുന്നോ എന്നറിയില്ല കഴിച്ചിട്ടു മതിവരാതെ പോയ ബിരിയാണിയായിരുന്നു അത്.
ആ മനുഷ്യന്‍ ഭൂകമ്പത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരു വ്യാപാരിയായിരുന്നുവത്രെ. അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ തന്നെ അക്കാര്യം വിളിച്ചു പറയുന്നുണ്ടായിരുന്നു.